സാവന്ന: വിവാഹത്തിന്റെ വിശുദ്ധിയും ഏകഭാര്യാത്വത്തിന്റെ കത്തോലിക്കാ പഠനവും സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച അഞ്ച് സ്പാനിഷ് ഫ്രാൻസിസ്കൻ വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചരിത്രപരമായ ചടങ്ങിന് യുഎസിലെ ജോര്‍ജിയ ഒരുങ്ങുന്നു.
ഒക്ടോബർ 31ന് സാവന്ന കൺവെൻഷൻ സെന്ററിലാണ് ചടങ്ങ് നടക്കുക.1597-ൽ ഇന്നത്തെ ജോര്‍ജിയയുടെ തീരപ്രദേശത്താണ് ഫ്രാൻസിസ്കൻ മിഷനറിമാരായ പെഡ്രോ ഡി കോർപ്പ, ബ്ലാസ് റോഡ്രിഗസ് ഡി ക്വാകോസ്, മിഗ്വൽ ഡി അയോൺ, അന്റോണിയോ ഡി ബദജോസ്, ഫ്രാൻസിസ്കോ ഡി വെരാസ്കോൾ എന്നിവർ രക്തസാക്ഷിത്വം വരിച്ചത്.കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഒരു പ്രാദേശിക ആദിവാസി നേതാവ് രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കാൻ തീരുമാനിച്ചപ്പോൾ ഫാ. പെഡ്രോ ഡി കോർപ്പ അതിനെ ശക്തമായി എതിർത്തു. വിവാഹത്തിന്റെ ഏകത്വവും വിശുദ്ധിയും സംബന്ധിച്ച കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചുനിന്ന വൈദികരെ തുടർന്ന് ആദിവാസി വിഭാഗം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
അമേരിക്കൻ മണ്ണിൽ നടക്കുന്ന ആറാമത്തെയും ജോര്‍ജിയയിൽ നടക്കുന്ന ആദ്യത്തെയും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങാണിത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാർഷികാഘോഷങ്ങൾ നടക്കുന്ന ജൂബിലി വർഷത്തിലാണ് ചടങ്ങെന്ന പ്രത്യേകതയുമുണ്ട്.വിവാഹജീവിതത്തിന്റെ വിശുദ്ധിക്കും കുടുംബബന്ധങ്ങളുടെ പവിത്രതയ്ക്കും വേണ്ടി ഈ ദൈവദാസന്മാർ ഉറച്ചുനിന്നുവെന്ന് സാവന്ന ബിഷപ് സ്റ്റീഫൻ ഡി. പാർക്കസ് പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പഠനങ്ങളുടെ പ്രത്യേകതയും കുടുംബമൂല്യങ്ങളുടെ പ്രാധാന്യവും വിശ്വാസികളിൽ കൂടുതൽ ആഴപ്പെടുത്തുന്നതിനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

