ബ്യൂണസ് അയേഴ്സ്: ലെയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക സന്ദർശനം സമാപിച്ചതോടെ, അദ്ദേഹം നൽകിയ സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഇനി അർജന്റീനയ്ക്ക് മുന്നിലുള്ളതെന്ന് വത്തിക്കാൻ മാധ്യമത്തിന്റെ ബ്യൂണസ് അയേഴ്സിലെ പ്രതിനിധി ഫാ. പോൾ സമസുമോ. സുവിശേഷമൂല്യങ്ങൾ മുറുകെപ്പിടിക്കാനും അവ ജീവിതത്തിൽ പകർത്താനും പാപ്പാ നടത്തിയ ആഹ്വാനം സന്ദർശനത്തിന്റെ പ്രധാന സന്ദേശമായി അദ്ദേഹം വിലയിരുത്തി.
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് തലവൻ എന്ന നിലയിലും ആഗോള കത്തോലിക്കാസഭയുടെ ഇടയൻ എന്ന നിലയിലും ഒരുപോലെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ച പാപ്പായുടെ ചരിത്രപരമായ സന്ദർശനമായിരുന്നു അർജന്റീനയിലേത്. പ്രധാനപ്പെട്ട വിഷയങ്ങളിൽ വ്യക്തവും സുതാര്യവുമായ നിലപാടുകൾ സ്വീകരിച്ച പാപ്പാ, അനുരഞ്ജനത്തിന്റെ ഭാഷയിലാണ് സംസാരിച്ചതെങ്കിലും തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു. മനുഷ്യന്റെ അന്തസ്സും മഹത്വവും സംരക്ഷിക്കുക, നിസ്വാർഥമായ സ്നേഹവും സേവനവും ജീവിതത്തിൽ സ്വീകരിക്കുക, അനുരഞ്ജനത്തിന്റെ പാതയിലൂടെ മുന്നേറുക എന്നിവയായിരുന്നു പാപ്പായുടെ സന്ദേശങ്ങളുടെ കേന്ദ്രബിന്ദു. സുവിശേഷത്തിന്റെ മൂല്യങ്ങൾ ജീവിതത്തിൽ ഉയർത്തിപ്പിടിക്കാനുള്ള ആഹ്വാനത്തിന് അർജന്റീനയിലെ ജനങ്ങൾ വലിയ പങ്കാളിത്തത്തിലൂടെയാണ് പ്രതികരിച്ചത്. കോർദോബയിലെ മൊനുമെന്റോ ഡി ലോസ് എസ്പാനിയോൾസ് മൈതാനത്ത് ചൊവ്വാഴ്ച നടന്ന വിശുദ്ധ കുർബാനയിൽ ഏകദേശം 25 ലക്ഷം പേർ പങ്കെടുത്തതായാണ് കണക്ക്.
സന്ദർശനത്തിലുടനീളം തന്റെ മുൻഗാമിയും അർജന്റീനയുടെ അഭിമാനവുമായ ഫ്രാൻസിസ് പാപ്പായെ ഹൃദ്യമായ ആംഗ്യങ്ങളിലൂടെ ലെയോ പാപ്പാ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്തു.ചൊവ്വാഴ്ച രാത്രി ദീർഘമായ പരിപാടികൾക്കുശേഷം ബ്യൂണസ് അയേഴ്സിൽ നടന്ന യുവജനങ്ങളുടെ പ്രാർഥനാജാഗരണത്തിലും പാപ്പാ പങ്കെടുത്തു. കരുതലുള്ള പിതാവിനെപ്പോലെ യുവജനങ്ങളുടെ ആശങ്കകളും വേദനകളും ശ്രദ്ധിച്ചുകേട്ട അദ്ദേഹം അവർക്ക് ആശ്വാസവും ഉറപ്പും നൽകി.
തുടർന്ന് സുവിശേഷം പ്രഘോഷിക്കാൻ യുവജനങ്ങളെ പാപ്പാ നിയോഗിക്കുകയും ചെയ്തു.’പോന്തിഫെക്സ്’ എന്ന ലത്തീൻ പദത്തിന് പാലം പണിയുന്നവൻ എന്ന അർഥമുണ്ട്. സന്ദേശങ്ങൾ നൽകാൻ മാത്രമല്ല, തന്റെ അജഗണങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും ശ്രദ്ധിച്ചുകേൾക്കാനും അവരുടെ ജീവിതാനുഭവങ്ങളിൽ പങ്കുചേരാനുമെത്തിയ ആഗോള ഇടയൻ എന്ന നിലയിലായിരിക്കും ലെയോ പതിനാലാമൻ പാപ്പായുടെ ഈ അപ്പസ്തോലിക സന്ദർശനം ഓർമിക്കപ്പെടുകയെന്നും ഫാ. പോൾ സമസുമോ വിലയിരുത്തി.

