ലിമ: ദീർഘകാലം അഗസ്റ്റീനിയൻ മിഷനറിയായും ചിക്ലായോ രൂപതയുടെ മെത്രാനായും സേവനം ചെയ്ത പെറുവിൽ തിരിച്ചെത്തിയ ലെയോ പതിനാലാമൻ പാപ്പയ്ക്ക് ആവേശകരമായ സ്വീകരണം. പെറുവിലെ സന്ദർശനത്തിന്റെ ആദ്യദിനത്തിൽ കാലാവോ വ്യോമതാവളത്തിലെ സ്വീകരണത്തിലും പ്രസിഡന്റ് കെയ്കോ ഫുജിമോറിയുമായുള്ള കൂടിക്കാഴ്ചയിലും ലിമയിലെ ഗ്രാൻഡ് നാഷണൽ തിയേറ്ററിൽ നടന്ന ഔദ്യോഗിക ചടങ്ങിലും പാപ്പ പങ്കെടുത്തു.
“ഞാൻ വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഇവിടെ ഞാൻ എന്റെ സ്വന്തം വീട്ടിലാണ്” എന്ന പാപ്പയുടെ വാക്കുകൾ സന്നിഹിതരിൽ വലിയ ആവേശമുണർത്തി. തനിക്ക് നൽകിയ സ്നേഹനിർഭരമായ സ്വീകരണത്തിന് നന്ദി അറിയിച്ച അദ്ദേഹം ലോകസമാധാനത്തിനായി പ്രാർഥിക്കണമെന്ന് എല്ലാവരോടും അഭ്യർഥിച്ചു. ആഘോഷങ്ങൾക്കിടെ അയൽക്കാർക്ക് വിശ്രമം ആവശ്യമാണെന്ന കാര്യം ഓർമിപ്പിച്ച് ആഘോഷം അധികം നീട്ടരുതെന്ന് തമാശരൂപേണ പാപ്പ പറഞ്ഞത് സദസ്സിൽ ചിരി പടർത്തി. തുടർന്ന് ജനക്കൂട്ടത്തോടൊപ്പം ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥന ചൊല്ലിയ പാപ്പ എല്ലാവർക്കും ആശീർവാദം നൽകി.
സ്വന്തം കുടുംബങ്ങൾക്കായി പ്രത്യേകമായി പ്രാർഥിക്കാനും കുടുംബങ്ങളിൽ ഐക്യം വളർത്താനുള്ള വഴികൾ കണ്ടെത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.

