റോം: യുദ്ധങ്ങളും അക്രമങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുന്ന കുട്ടികളുടെ സംരക്ഷണത്തിനായി കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് ലെയോ പതിനാലാമൻ പാപ്പ.
അന്താരാഷ്ട്ര കത്തോലിക്കാ മൈഗ്രേഷൻ കമ്മീഷന്റെ (ICMC) പ്ലീനറി സമ്മേളനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധം, അക്രമം, സാമൂഹിക അസമത്വം, പ്രകൃതിദുരന്തങ്ങൾ എന്നിവയെത്തുടർന്ന് ദശലക്ഷക്കണക്കിന് ആളുകൾ അഭയാർഥികളായി മാറുന്ന സാഹചര്യത്തിൽ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും സംരക്ഷണം സഭയുടെ പ്രധാന ഉത്തരവാദിത്വമാണെന്ന് പാപ്പ ഓർമിപ്പിച്ചു. പ്രത്യേകിച്ച് സുരക്ഷിതത്വവും സംരക്ഷണവും ഏറ്റവും കൂടുതൽ ആവശ്യമുള്ള കുട്ടികൾക്ക് സ്വീകരണം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ സഭാ സംവിധാനങ്ങൾ കൂടുതൽ സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളെ സ്വന്തം നാടുവിടാൻ നിർബന്ധിതരാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി അവരുടെ മാതൃരാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണം. പലായന യാത്രയിലും അഭയം തേടിയെത്തുന്ന രാജ്യങ്ങളിലും കുട്ടികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പാപ്പ നിർദേശിച്ചു. ഐസിഎംസിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് റോമിൽ മൂന്ന് ദിവസത്തെ പ്ലീനറി സമ്മേളനം സംഘടിപ്പിച്ചത്. 1951-ൽ പയസ് പന്ത്രണ്ടാമൻ പാപ്പയുടെ നേതൃത്വത്തിൽ കർദ്ദിനാൾ മോണ്ടിനിയും അമേരിക്കൻ അല്മായനായ ജെയിംസ് നോറിസും ചേർന്നാണ് സംഘടനയ്ക്ക് രൂപം നൽകിയത്.അന്താരാഷ്ട്ര തലത്തിൽ ധനസഹായം കുറഞ്ഞുവരുന്ന സാഹചര്യത്തിലും കുടിയേറ്റക്കാരുടെ അവകാശങ്ങളും ദൈവദത്തമായ മനുഷ്യാന്തസ്സും സംരക്ഷിക്കുന്നതിനായി മറ്റ് വിശ്വാസാധിഷ്ഠിത സംഘടനകളുമായും സിവിൽ സമൂഹവുമായും സഹകരണം ശക്തിപ്പെടുത്തണമെന്ന് ബിഷപ്പുമാരുടെ കൗൺസിലുകളോടും പ്രാദേശിക സഭകളോടും ലെയോ പാപ്പ ആഹ്വാനം ചെയ്തു.

