ഹൈദരാബാദ്: മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് തെലങ്കാനയില്‍ രണ്ട് ക്രൈസ്തവ യുവതികളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യുവതികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ക്രൈസ്തവ സംഘടനകളും സമുദായ നേതാക്കളും ആവശ്യപ്പെട്ടു.
രംഗറെഡ്ഡി ജില്ലയിലെ അല്മാസ്ഗുഡ ഗ്രാമത്തില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. മീര്‍പേട്ട് പൊലീസ് സ്റ്റേഷന് പരിധിയില്‍ ഡോ. ബി.ആര്. അംബേദ്കര്‍ പ്രതിമയ്ക്കു സമീപംവച്ചായിരുന്നു യുവതികള്‍ക്കു നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.വീഡിയോയില്‍ ഒരാള്‍ യുവതികളുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് വ്യക്തമാണ്. തങ്ങളെ വെറുതെ വിടണമെന്നും ആന്റിയെ കാണാനാണ് എത്തിയതെന്നും യുവതികളിലൊരാള്‍ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകള്‍ അക്രമികള്‍ പരിശോധിക്കുന്നതും കാണാം.സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ തെലങ്കാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്നും ഇത്തരം സംഭവങ്ങളില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ക്രൈസ്തവ നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

