അഡിസ് അബാബ: എത്യോപ്യയിൽ ക്രൈസ്തവർക്കെതിരെ തുടരുന്ന കൊലപാതകങ്ങളിലും സ്വത്തുക്കൾ കൊള്ളയടിക്കുന്നതിലും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി എത്യോപ്യൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ്. രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കാനും പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സർക്കാർ അടിയന്തരമായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മെത്രാന്മാർ ആവശ്യപ്പെട്ടു.
നവംബർ രണ്ടിന് പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുന്ന അക്രമസംഭവങ്ങളിൽ മെത്രാന്മാർ ആശങ്ക അറിയിച്ചത്. ഒക്ടോബറിൽ തെക്കുകിഴക്കൻ ഒറോമിയ മേഖലയിലെ ആർസി സോണിലുള്ള മെർട്ടി, ഷിർക്ക പ്രദേശങ്ങളിൽ ക്രൈസ്തവർ കൊല്ലപ്പെടുകയും അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. എത്യോപ്യൻ ഓർത്തഡോക്സ് സഭയിൽനിന്നും ഇന്റർ-റിലീജിയസ് കൗൺസിലിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവങ്ങളിൽ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തുന്നതെന്ന് മെത്രാൻ സമിതി വ്യക്തമാക്കി.
നിരപരാധികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മനുഷ്യത്വരഹിതമാണെന്ന് വിശേഷിപ്പിച്ച മെത്രാന്മാർ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു. അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാനും ദുരിതബാധിതരായ കുടുംബങ്ങളെ പ്രത്യേകം ഓർക്കാനും വിശ്വാസികളോട് ആഹ്വാനം ചെയ്തു.ആക്രമണത്തിന് ഇരയായ എത്യോപ്യൻ ഓർത്തഡോക്സ് സഭയ്ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും എത്യോപ്യൻ ജനതയ്ക്കും മെത്രാൻ സമിതി അനുശോചനം അറിയിച്ചു. ദുഃഖിതരായവർക്ക് ദൈവത്തിന്റെ ആശ്വാസവും ശക്തിയും ലഭിക്കട്ടെയെന്നും പ്രാർത്ഥിച്ചു. ഒക്ടോബർ 24-ന് നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി അറുപതിലധികം ക്രൈസ്തവരാണ് എത്യോപ്യയിൽ കൊല്ലപ്പെട്ടത്.

