മുനമ്പം: ആറുമാസമായി തുടരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിനെ സന്ദർശിച്ച് നിവേദനം നൽകി.സമിതി ഭാരവാഹികളായ ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശ്ശേരി, ജോർജ് സെബാസ്റ്റ്യൻ എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
മുനമ്പം തീരപ്രദേശത്തെ കുടിവെള്ള പ്രതിസന്ധിയുടെ ഗൗരവം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ സംഘം അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.മുൻപ് കൃത്യമായി പൈപ്പ് വെള്ളം ലഭിച്ചിരുന്ന പ്രദേശത്ത് കഴിഞ്ഞ ആറുമാസമായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. ഇതോടെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. സ്ത്രീകൾ, കുട്ടികൾ, വയോധികർ എന്നിവരടക്കമുള്ളവർ കുടിവെള്ളത്തിനായി വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ വിതരണം പുനഃസ്ഥാപിക്കാനും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

