ദക്ഷിണാഫ്രിക്ക: വിവാദ സിനിമയായ ‘ഹീബ്രൂസ് ടു നീഗ്രോസ്: വേക്ക് അപ്പ് ബ്ലാക്ക് അമേരിക്ക’യുടെ (Hebrews to Negroes: Wake Up Black America) കൈവശംവയ്ക്കലും വിതരണവും ഫിലിം ആൻഡ് പബ്ലിക്കേഷൻ ബോർഡ് (FPB) നിരോധിച്ചു.
റൊണാൾഡ് ഡാൽട്ടൺ ജൂനിയർ സംവിധാനം ചെയ്യുകയും രചനയും നിർമാണവും നിർവഹിക്കുകയും ചെയ്ത ചിത്രമാണിത്. ഇതേ പേരിലുള്ള അദ്ദേഹത്തിന്റെ പുസ്തകപരമ്പരയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കറുത്ത വർഗക്കാരായ അമേരിക്കക്കാർ ഉൾപ്പെടെയുള്ള ചില വംശീയ വിഭാഗങ്ങളാണ് ബൈബിളിലെ യഥാർഥ ഇസ്രായേൽ ജനതയുടെ പിൻഗാമികളെന്ന ബ്ലാക്ക് ഹീബ്രു ഇസ്രായേല്യരുടെ വിശ്വാസമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.
ഇന്നത്തെ ജൂതന്മാർ യഥാർഥ ജൂതന്മാരല്ലെന്നും കറുത്ത വർഗക്കാരുടെ മതപരമായ പൈതൃകം അവർ സ്വന്തമാക്കി ചരിത്രം മറച്ചുവച്ചെന്നുമുള്ള ആരോപണങ്ങളും സിനിമയിലുണ്ട്. 2022 ഒക്ടോബർ വരെ കാര്യമായ ശ്രദ്ധ നേടാതിരുന്ന ചിത്രം, എൻബിഎ സൂപ്പർതാരം കൈറി ഇർവിംഗ് തന്റെ എക്സ് അക്കൗണ്ടിലൂടെ സിനിമയുടെ ലിങ്ക് പങ്കുവച്ചതോടെയാണ് ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. ജൂതവിരുദ്ധ ആരോപണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന വിമർശനത്തെത്തുടർന്ന് ചിത്രം വിവാദത്തിലായിരുന്നു.

