വത്തിക്കാൻ: ചിലി റിപ്പബ്ലിക് പ്രസിഡന്റ് ഹൊസെ അന്റോണിയോ കാസ്റ്റ് റിസ്റ്റിനെ ലെയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിൽ സ്വീകരിച്ചു. പരിശുദ്ധ സിംഹാസനവും ചിലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സാമൂഹിക-ആഗോള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രസിഡന്റ്, രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗറുമായി ചർച്ച നടത്തി. ചിലിയുടെ സാമൂഹിക ജീവിതത്തിലും ജനകീയ ഭക്തിപാരമ്പര്യങ്ങളിലൂടെയുള്ള ആത്മീയ വളർച്ചയിലും കത്തോലിക്കാ സഭ നിർവഹിക്കുന്ന നിർണായക പങ്ക് കൂടിക്കാഴ്ചയിൽ പ്രത്യേകം പരാമർശിച്ചു. പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. അഭയാർഥികളുടെ വർധിച്ചുവരുന്ന പ്രവാഹം, ജനനനിരക്കിലെ ഇടിവ് തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ പ്രധാന ഇടംപിടിച്ചതായി വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു.

