കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎയിലെ നിർദിഷ്ട ഭേദഗതികളുമായി ബന്ധപ്പെട്ട് കേരളത്തിൽ നടത്തിയ തെളിവെടുപ്പ് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) പൂർത്തിയാക്കി. വിവിധ മത, സാമൂഹിക, സന്നദ്ധ സംഘടനകളിൽനിന്നായി 47 ഗ്രൂപ്പുകളുടെ പ്രതിനിധികൾ സമിതിക്കു മുന്നിൽ അഭിപ്രായങ്ങളും ആശങ്കകളും നിർദേശങ്ങളും അവതരിപ്പിച്ചു.
ഇതിൽ രൂപതകൾ ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘടനകളിൽനിന്ന് 34 ഗ്രൂപ്പുകളാണ് പങ്കെടുത്തത്. മുസ്ലീം ലീഗ്, എംഎസ്എസ് തുടങ്ങിയ മുസ്ലീം സംഘടനകളും വിവിധ ഹൈന്ദവ സംഘടനകളും തങ്ങളുടെ നിലപാടുകളും നിർദേശങ്ങളും സമിതിക്കു സമർപ്പിച്ചു. ജെപിസിയിലെ മലയാളി അംഗങ്ങളായ ആന്റോ ആന്റണി, ഇ.ടി. മുഹമ്മദ് ബഷീർ, സി. സദാനന്ദൻ മാസ്റ്റർ എന്നിവരും തെളിവെടുപ്പിൽ സന്നിഹിതരായിരുന്നു.

