കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാരായൺതാല ഗ്രാമത്തിൽ പുതുതായി നിർമിച്ച ആംഗ്ലിക്കൻ പള്ളിയുടെ കൂദാശാ ശുശ്രൂഷയ്ക്കിടെ ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ആക്രമണം നടത്തിയതായി റിപ്പോർട്ട്.ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ബാരക്പുർ രൂപതാധ്യക്ഷൻ സുബ്രതോ ചക്രവർത്തിയുടെ നേതൃത്വത്തിൽ വൈദികരും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വിശ്വാസികൾ പങ്കെടുത്ത ചടങ്ങിലേക്കാണ് മുപ്പതോളം വരുന്ന സംഘം അതിക്രമിച്ചു കയറിയത്.
തിരുകർമങ്ങൾ തടസ്സപ്പെടുത്തിയ അക്രമികൾ പള്ളിവളപ്പിൽ നാശനഷ്ടങ്ങൾ വരുത്തുകയും കുരിശ് തകർക്കുകയും ചെയ്തു. ആക്രമണം തടയാൻ ശ്രമിച്ച വൈദികരെയും സംഘാടകരെയും വിശ്വാസികളെയും മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരുടെ മൊബൈൽ ഫോണുകളും തകർത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് മതപരമായ ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്ന ഭീഷണിയും അക്രമികൾ മുഴക്കിയിരുന്നു.ക്രൈസ്തവ സംഘടനയായ ബംഗീയ ക്രിസ്തീയ പരിസേബ (ബിസിപി) സംഭവത്തെ ശക്തമായി അപലപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മാസങ്ങളായി ക്രൈസ്തവർക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതായും സംഘടന ചൂണ്ടിക്കാട്ടി.
പൂർബ മെഡിനിപൂർ, പശ്ചിമ മെഡിനിപൂർ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി തുടങ്ങിയ ജില്ലകളിൽ സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ, ഈസ്റ്റ് മെഡിനിപൂരിലെ പാൻസ്കുരയ്ക്കടുത്തുള്ള വെസ്റ്റ് അർജുൻഡ ഗ്രാമത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുള്ള സംഘം കത്തോലിക്കാ കുടുംബത്തിനുനേരെ ആക്രമണം നടത്തിയിരുന്നു. ബലിചക് കത്തോലിക്കാ ഇടവകയുടെ കീഴിലുള്ള ക്രൈസ്റ്റ് ദി കിംഗ് മിഷൻ ചർച്ചിലെ അംഗങ്ങളായ കുടുംബത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബൈബിൾ നശിപ്പിക്കുകയും കുടുംബാംഗങ്ങളെ അപമാനിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് അധികാരമാറ്റത്തിനുശേഷം പോലീസിന്റെ സമീപനത്തിൽ മാറ്റം വന്നതായി ആക്രമണങ്ങളെ അതിജീവിച്ച ചിലർ ആരോപിക്കുന്നുണ്ട്. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പശ്ചിമ ബംഗാളിലെ ക്രൈസ്തവരുടെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുകയാണ്.

