വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ സായുധസേനയിൽ സേവനമനുഷ്ഠിക്കുന്ന കത്തോലിക്കാ സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രഥമ ദേശീയ കത്തോലിക്കാ സൈനിക സമ്മേളനം സംഘടിപ്പിക്കുന്നു. യുഎസ് മിലിട്ടറി അതിരൂപതയുടെ നേതൃത്വത്തിൽ നവംബർ 9 മുതൽ 11 വരെ വിർജീനിയയിലെ ഷാന്റിലിയിലുള്ള വെസ്റ്റ്ഫീൽഡ്സ് മാരിയറ്റ് ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്.
‘നീതിയോടെ ജീവിക്കുകയും സേവിക്കുകയും ചെയ്യുക’ (Living and Serving Justly) എന്ന പ്രമേയത്തിൽ നടക്കുന്ന ത്രിദിന സമ്മേളനം സൈനികരുടെ ആത്മീയവും ധാർമികവുമായ വളർച്ചയ്ക്ക് പ്രാധാന്യം നൽകും. സൈനിക സേവനത്തിന്റെ വിവിധ വെല്ലുവിളികൾക്കിടയിലും കത്തോലിക്കാ വിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാനും വിശ്വാസജീവിതത്തിന് ആവശ്യമായ ആത്മീയ കരുത്തും മാർഗനിർദേശവും നേടാനും സമ്മേളനം സഹായകമാകും.സൈനിക ജീവിതത്തിന്റെ ആത്മീയ, ധാർമിക, പ്രായോഗിക വശങ്ങളെക്കുറിച്ച് പ്രമുഖ പ്രഭാഷകർ പ്രഭാഷണങ്ങൾ നടത്തും. വിശുദ്ധ കുർബാന, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ ആത്മീയ ശുശ്രൂഷകളും ദിവസേന ക്രമീകരിച്ചിട്ടുണ്ട്.
സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സൈനിക കുടുംബങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും സമ്മേളനം വേദിയാകും. വിശ്വാസാധിഷ്ഠിതമായ കുടുംബജീവിതവും ദാമ്പത്യബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടികളും ശിൽപശാലകളും സംഘടിപ്പിക്കും.അമേരിക്കൻ സായുധസേനയിലെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ആത്മീയ പിന്തുണയും അജപാലന ശുശ്രൂഷകളും നൽകിവരുന്ന യുഎസ് മിലിട്ടറി അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം സൈനികരിലെ വിശ്വാസജീവിതം പരിപോഷിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

