വത്തിക്കാൻ സിറ്റി: ക്രൈസ്തവ വിശ്വാസം വ്യക്തിജീവിതത്തിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലും അതിന് നിർണായകമായ പങ്കുവഹിക്കാനുണ്ടെന്നും ലെയോ പതിനാലാമൻ പാപ്പാ. യേശുക്രിസ്തുവിലുള്ള വിശ്വാസം സമൂഹജീവിതത്തെ ശരിയായ ദിശയിൽ നയിക്കുന്നതിനുള്ള വിവേചനബുദ്ധിയും മൂല്യങ്ങളും പ്രദാനം ചെയ്യുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയായ ഗൗദിയും എത് സ്പേസ് (Gaudium et Spes) അടിസ്ഥാനമാക്കി ബുധനാഴ്ചകളിൽ നടത്തിവരുന്ന പഠന-ഉദ്ബോധന പരമ്പരയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക-സാമൂഹിക ജീവിതത്തെയും രാഷ്ട്രീയ സമൂഹത്തെയും പ്രതിപാദിക്കുന്ന പ്രമാണരേഖയുടെ രണ്ടാം ഭാഗത്തിലെ മൂന്നും നാലും അധ്യായങ്ങളാണ് ഇത്തവണത്തെ ചിന്താവിഷയം.സാമൂഹികമായ മാനം മനുഷ്യപ്രകൃതിയുടെ മാത്രമല്ല, ക്രൈസ്തവ വിശ്വാസത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് പാപ്പാ വ്യക്തമാക്കി. ദൈവപുത്രന്റെ മനുഷ്യാവതാരത്തിലൂടെ മനുഷ്യരാശിക്ക് ലഭിച്ച അമൂല്യമായ പൈതൃകമാണിത്.
സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ജീവിതമേഖലകളിൽ ശരിയായ തീരുമാനങ്ങളെടുക്കുന്നതിനും നീതിയിലും മാനവികതയിലും അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും ക്രൈസ്തവ വിശ്വാസം വഴികാട്ടിയാകുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.പൊതുകൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വത്തിക്കാനിലെ ചത്വരത്തിൽ തടിച്ചുകൂടിയ മുപ്പതിനായിരത്തോളം വിശ്വാസികൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിച്ച പാപ്പാ അവരെ അഭിവാദ്യം ചെയ്യുകയും കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു.

