കൊച്ചി : ദേവാലയ സംഗീത രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി സേവനം ചെയ്യുന്ന ഗായകരെയും ഉപകരണ സംഗീതജ്ഞരെയും ആദരിക്കുന്നതിനായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സിസിലിയൻ പുരസ്കാരങ്ങൾ നവംബർ 8 ഞായറാഴ്ച വിതരണം ചെയ്യും. ദേവാലയ സംഗീത ശുശ്രൂഷകരുടെ മധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ നാമധേയത്തിൽ 37 പേരെയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.
എറണാകുളം ഇ.എസ്.എസ്.എസ് ഹാളിൽ വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങ് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യും. ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ പ്രസിഡന്റ് മാത്യു ലിഞ്ചൻ റോയി അധ്യക്ഷത വഹിക്കും.സി.ടി.സി സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ പെഴ്സി സി.ടി.സി., മഞ്ഞുമ്മൽ കർമ്മലീത്ത പ്രൊവിൻസ് കൗൺസിലർ ഫാ. ജോസഫ് മരോട്ടിക്കപ്പറമ്പിൽ, ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് റിട്ട. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജോയ് കൈമാതുരുത്തി, സംഗീത സംവിധായകൻ മരിയദാസ്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എൻ.സി. അഗസ്റ്റിൻ, കൺവീനർ അലോഷ്യസ് പി.ആർ. എന്നിവർ പ്രസംഗിക്കും.

