കൊച്ചി: ലത്തീൻ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യൻ സമുദായങ്ങളുടെ എൽഎൽഎം പ്രവേശനത്തിനുള്ള വിദ്യാഭ്യാസ സംവരണം മൂന്ന് ശതമാനമായി ഉയർത്തണമെന്ന 2014ലെ സർക്കാർ ഉത്തരവ് ഒടുവിൽ നടപ്പിലായി. ഏഴു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനും 12 വർഷത്തെ കാത്തിരിപ്പിനുമൊടുവിലാണ് സമുദായത്തിന് അർഹമായ ആനുകൂല്യം ലഭിക്കുന്നത്.
2014 മേയ് 23ന് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലൂടെ വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി, പ്രൊഫഷണൽ കോളേജ് പ്രവേശനങ്ങളിൽ ലത്തീൻ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യൻ സമുദായങ്ങളുടെ സംവരണം രണ്ട് ശതമാനത്തിൽനിന്ന് മൂന്ന് ശതമാനമായി വർധിപ്പിച്ചിരുന്നു. എന്നാൽ പ്രവേശന പരീക്ഷാ കമ്മീഷണർ മുഖേനയുള്ള എൽഎൽഎം പ്രവേശനത്തിൽ ഈ ആനുകൂല്യം നടപ്പാക്കിയിരുന്നില്ല. സർക്കാർ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിവേദനങ്ങൾ നൽകുകയും ഹൈക്കോടതിയിൽ റിട്ട് ഹർജികൾ സമർപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് ഉത്തരവ് നടപ്പാക്കാൻ നിർദേശമുണ്ടായി. എന്നിട്ടും 2025 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് ഇത് നടപ്പാക്കിയില്ല.
തുടർന്ന് വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് അടിയന്തരമായി സംവരണം നടപ്പാക്കാൻ നിർദേശം നൽകിയത്.ഇതോടെ 2026-27 അധ്യയന വർഷത്തെ എൽഎൽഎം പ്രവേശന പ്രോസ്പെക്ടസിൽ ലത്തീൻ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യൻ സമുദായങ്ങൾക്ക് മൂന്ന് ശതമാനം സംവരണം ഉൾപ്പെടുത്തി.ഫോർട്ട് കൊച്ചി നസ്രത്ത് സ്വദേശി ആന്റണി നിൽട്ടൺ റമേലോയാണ് നിയമപോരാട്ടത്തിന് നേതൃത്വം നൽകിയത്.
അഭിഭാഷകരായ ഷെറി ജെ. തോമസ്, ഉണ്ണികൃഷ്ണൻ പി.ജെ., റെനീഷ് രവീന്ദ്രൻ, ജോമോൻ ആന്റണി, അഞ്ജന പി.വി., ലിഗേഷ് സേവ്യർ, ആൻ മരിയ ജോൺസൺ എന്നിവർ വിവിധ ഘട്ടങ്ങളിൽ ഹർജിക്കാരനുവേണ്ടി ഹാജരായി.

