ഹാമില്ട്ടണ്: ന്യൂസിലാന്‍ഡിലെ യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസജീവിതത്തിന് കൂടുതല്‍ ആഴവും കരുത്തും പകരുക എന്ന ലക്ഷ്യത്തോടെ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) ന്യൂസിലാന്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ദ പ്രോക്ലെയിം 26’ റീജിയണല്‍ യൂത്ത് കോണ്‍ഫറന്‍സുകള്‍ ശ്രദ്ധേയമായി.
ഹാമില്ട്ടണ്, വാംഗറെ, ഓക്ലാന്‍ഡ്, ഹേസ്റ്റിംഗ്സ്, പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്ത്, വെല്ലിംഗ്ടണ്‍, ടൗറംഗ, ക്രൈസ്റ്റ്ചര്‍ച്ച്, ഡുനീഡിന്‍ എന്നീ ഒന്‍പത് കേന്ദ്രങ്ങളിലായാണ് സമ്മേളനങ്ങള്‍ നടന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും അവ ജീവിതത്തില്‍ പകര്‍ത്താനും യുവജനങ്ങളെ പ്രാപ്തരാക്കുന്ന വിവിധ പഠനസെഷനുകള്‍, സംവാദങ്ങള്‍, ആരാധനാ ശുശ്രൂഷകള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചു.
സീറോ മലബാര്‍ മിഷന് ന്യൂസിലാന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് (സിഎസ്എസ്ആര്‍), മെല്‍ബണ്‍ രൂപതയിലെ മിഷനറി കെവിന് ജോഷ്വ എന്നിവര്‍ വിവിധ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്കി. യുവജനങ്ങളുടെ സജീവ പങ്കാളിത്തവും വിശ്വാസാനുഭവങ്ങള്‍ പങ്കുവച്ചുള്ള സാക്ഷ്യങ്ങളും പരിപാടികള്‍ക്ക് കൂടുതല്‍ ആത്മീയ മാനം പകര്‍ന്നു.

