കിയെവ്: യുക്രൈനിലെ ഒലെഷ്കി നഗരത്തിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിൽ ലിയോ പതിനാലാമൻ പാപ്പായുടെ ഇടപെടൽ നിർണായകമായിരുന്നുവെന്ന് യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് സ്വിയത്തോസ്ളാവ് ഷെവ്ചുക്ക്.
വത്തിക്കാൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പായുടെ ഇടപെടൽ യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമായതെന്ന് അദ്ദേഹം വ്യക്തമാക്കിയത്.റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും പാപ്പാ നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ സമാധാനശ്രമങ്ങളിൽ വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി പാപ്പാ മാറിയെന്നും അദ്ദേഹത്തിന്റെ ഇടപെടൽ പ്രവചനാത്മകമായിരുന്നുവെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
യുദ്ധത്തിന് മുമ്പ് 40,000-ത്തോളം ആളുകൾ താമസിച്ചിരുന്ന തെക്കൻ യുക്രൈനിലെ ഒലെഷ്കി നഗരം മാസങ്ങളായി ഉപരോധത്തിലായിരുന്നു. ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ലഭിക്കാതെ ജനങ്ങൾ കടുത്ത പ്രതിസന്ധി നേരിട്ടു. പാപ്പായുടെ ഇടപെടലിനെത്തുടർന്ന് ഉണ്ടായ വെടിനിർത്തലിലൂടെ 800 പേരെ ബെലാറൂസിലേക്ക് മാറ്റാനും പിന്നീട് യുക്രൈനിലേക്ക് തിരിച്ചെത്തിക്കാനും സാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, നഗരത്തിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരുടെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കാനും കൂടുതൽ മാനുഷിക സഹായം എത്തിക്കാനും തുടർനടപടികൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

