സാൻഫ്രാൻസിസ്കോ: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ഫിലിപ്പിനോ കത്തോലിക്കാ വൈദികരുടെ ദേശീയ കൂട്ടായ്മയായ നാഷണൽ അസോസിയേഷൻ ഓഫ് ഫിലിപ്പിനോ പ്രീസ്റ്റ്സിന്റെ (എൻ എ എഫ് സി ) അഞ്ചാമത് ദേശീയ സമ്മേളനത്തിന് സാൻഫ്രാൻസിസ്കോയിൽ തുടക്കമായി. നവംബർ 6 വരെ നാലു ദിവസം നീളുന്ന സമ്മേളനം കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ എയർപോർട്ട് ഹയാത്ത് റീജൻസി ഹോട്ടലിലാണ് നടക്കുന്നത്.
“പ്രത്യാശയിൽ സന്തോഷിക്കുവിൻ; ക്ലേശങ്ങളിൽ സഹനശീലരായിരിക്കുവിൻ; പ്രാർഥനയിൽ സ്ഥിരതയുള്ളവരായിരിക്കുവിൻ” (റോമ 12:12) എന്ന ബൈബിൾ വചനമാണ് സമ്മേളനത്തിന്റെ ആപ്തവാക്യം.വാഷിംഗ്ടൺ ആർച്ചുബിഷപ് കർദിനാൾ റോബർട്ട് വാൾട്ടർ മക്എൽറോയ്, ഡൊമിനിക്കൻ സഭയുടെ മാസ്റ്റർ ജനറൽ ഫാ. ജെറാർഡ് ഫ്രാൻസിസ്കോ പാർക്കോ തിമോണർ മൂന്നാമൻ എന്നിവരാണ് മുഖ്യപ്രഭാഷകർ. ആത്മീയ പിതൃത്വം, വചനപ്രഘോഷണം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും കാലഘട്ടത്തിലെ സുവിശേഷവത്കരണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. പഠനസെഷനുകൾക്കും പ്രത്യേക ചർച്ചകൾക്കും പുറമേ വചനപരിചിന്തനങ്ങൾ, വിശുദ്ധ കുർബാന, സാംസ്കാരിക പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അമേരിക്കയിലെ വിവിധ രൂപതകളിൽ ശുശ്രൂഷ ചെയ്യുന്ന ഫിലിപ്പിനോ വൈദികർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
അമേരിക്കയിലെ ഫിലിപ്പിനോ കത്തോലിക്കാ വൈദികർക്കിടയിൽ സാഹോദര്യവും ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻ എ എഫ്പി പ്രവർത്തിക്കുന്നത് .

