ജയിംസ് അഗസ്റ്റിൻ
‘ഈ പരദേവനഹോ നമുക്കുപരിത്രാണത്തിന്നധിപന് മരണത്തില്നിന്നൊഴിവുകര്ത്തനാമഖിലശക്ത നിന് തിരുകരത്തിലുണ്ടനിശം ‘നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപെഴുതപ്പെട്ട ഒരു ക്രിസ്തീയ കീർത്തനം ഇന്ന് കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു നിദാനമായി മാറിയിരിക്കുന്നു. വിദ്വാൻ കുട്ടിയച്ചൻ എന്നറിയപ്പെടുന്ന റവ.യൂസ്തൂസ് യോസഫ് എഴുതിയ ‘ഈ പരദേവനഹോ നമുക്കു പരിത്രാണത്തിന്നധിപന്’ എന്ന പുരാതന സ്തുതിഗീതം കേരളത്തിലെ പ്രശസ്തമായ നന്ദഗോവിന്ദം ഭജൻസ് എന്ന യുവഗായകസംഘം അമ്പലത്തിലെ കച്ചേരിയിൽ പാടിയതാണ് തീവ്രഹിന്ദു നിലപാടുകളുള്ള ചില നേതാക്കൾ രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തു വരാൻ കാരണമായത്.
കോട്ടയം നാട്ടാശേരിയിലുള്ള ഒരു അമ്പലത്തിന്റെ പുനരുദ്ധാരണത്തിനു ധനസമാഹരണത്തിനായി നടത്തിയ സംഗീതപരിപാടിക്ക് നാട്ടിലെ എല്ലാ മതസ്ഥരും പങ്കുചേർന്നിരുന്നു.തൊട്ടടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ ഗ്രൗണ്ടായിരുന്നു പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നൽകിയത്. ഗായകസംഘത്തിലെ മുഖ്യഗായകനടക്കം പലരും പഠിച്ചത് അടുത്തുള്ള ക്രിസ്ത്യൻ സ്കൂളുകളിലുമാണ്. അവരുടെ അധ്യാപകരും പ്രത്യേക ക്ഷണിതാക്കളായി പാട്ടുകൾ കേൾക്കാൻ എത്തിയിരുന്നു.
ദേവാലയ അധികാരികളോടും തങ്ങളെ പഠിപ്പിച്ച അധ്യാപകരോടും നന്ദി പറഞ്ഞുകൊണ്ട് സദസ്സിന്റെ അനുമതിയും വാങ്ങി സംഘം മനോഹരമായി ഈ കീർത്തനം ആലപിച്ചു. സദസ്സ് മുഴുവൻ നിറഞ്ഞ മനസ്സോടെ അതാസ്വദിക്കുകയും ചെയ്തു. പിന്നീടാണ് ചിലർ വിരുദ്ധാഭിപ്രായവുമായി രംഗത്തു വരുന്നതും ഗായകസംഘം മറുപടി നൽകുകയും ചെയ്യുന്നത്.
വിവാദം അവിടെ നിൽക്കട്ടെ. പാട്ടിന്റെ ചരിത്രം ഇങ്ങനെയാണ്. 1880-ൽ കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ച ക്രിസ്തീയ ഭക്തിഗാനസമാഹാരത്തിൽ ഈ പാട്ട് ചേർത്തിട്ടുണ്ട്. വിദ്വാൻ കുട്ടിയച്ചൻ എഴുതിയ 200 ഗാനങ്ങൾ ഈ പുസ്തകത്തിലുണ്ടായിരുന്നു. പുസ്തകത്തിൽ സങ്കീർത്തനങ്ങളുടെ വിഭാഗത്തിലാണ് ഈ ഗാനം ചേർത്തത്. അറുപത്തിഎട്ടാം സങ്കീർത്തനത്തിന്റെ ഗാനരൂപമായാണ് അദ്ദേഹം ഇതെഴുതിയത്. മലയാളം,സംസ്കൃതം,തമിഴ് ഭാഷകൾ കൂട്ടിച്ചേർത്തായിരുന്നു കൂടുതൽ ഗാനങ്ങളും എഴുതിയിട്ടുള്ളത്.
ഈ ഗാനം പുതുതലമുറയ്ക്ക് പരിചിതമാകുന്നത് 2001-ൽ ഡോ.കെ.ജെ.യേശുദാസ് ദിവ്യഹൃദയം എന്ന പേരിൽ പുറത്തിറക്കിയ ആൽബത്തിൽ നിന്നാണ്. വിദ്വാൻ കുട്ടിയച്ചൻ എഴുതി സംഗീതം നൽകി പരമ്പരാഗതമായി പാടിവന്നിരുന്ന പാട്ടുകൾ മോഹൻ സിതാരയുടെ ഓർക്കസ്ട്രേഷനോട് കൂടിയാണ് അന്ന് വിപണിയിൽ എത്തിയത്. വിദ്വാൻ കുട്ടിയച്ചൻ എഴുതിയ കാന്താ താമസമെന്തഹോ വരുവാനേശു, സ്തുതിപ്പിൻ സ്തുതിപ്പിൻ തുടങ്ങിയ ഗാനങ്ങളും ഈ ആൽബത്തിൽ നമുക്ക് കേൾക്കാം.
മൂന്നു വർഷങ്ങൾക്കു മുൻപ് കേരളത്തിലെ പുതുതലമുറ ബാൻഡ് ആയ ‘കാന്ത’ ഈ ഗാനം പുതുമയുള്ള പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചു. യൂട്യൂബിൽ 35 ലക്ഷം പേരാണ് ഇവരുടെ പാട്ടു കാണുകയും കേൾക്കുകയും ചെയ്തത്.വിദ്വാൻ കുട്ടിയച്ചൻ പാലക്കാട്ടെ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1835 സെപ്റ്റംബർ 6-നു ജനിച്ച കുട്ടിയച്ചന്റെ പേര് രാമയ്യർ എന്നായിരുന്നു. ചെറുപ്പത്തിൽത്തന്നെ മലയാളം.തമിഴ്.സംസ്കൃതം എന്നീ ഭാഷകൾ പഠിച്ചു. ജ്യോതിഷം,ഗണിതം,വ്യാകരണം,സംഗീതം എന്നിവയിലും പ്രാഗത്ഭ്യം നേടി.
കുടുംബം തേവലക്കരയിലേക്കു താമസം മാറുകയുണ്ടായി. അവിടെ വച്ച് രാമയ്യരുടെ അമ്മയ്ക്ക് ഒരു മാറാവ്യാധി പിടിപെട്ടു. എല്ലാ ചികിത്സകളും ഫലിക്കാതെ വന്നപ്പോൾ അയൽവാസിയായ തോമസ്കുഞ്ഞിന്റെ ഉപദേശപ്രകാരം തേവലക്കര മാർത്താ മറിയം പള്ളിയിലെ ഒരു ദിവ്യന്റെ അടുക്കൽ കൊണ്ടുപോകുകയും അദ്ദേഹത്തിന്റെ പ്രാർത്ഥനയാൽ രോഗം പൂർണമായി മാറുകയും ചെയ്തു. അങ്ങനെയാണ് രാമയ്യർ ക്രിസ്തുവിനെക്കുറിച്ചു പഠിക്കാനും പിന്തുടരാനും തീരുമാനിച്ചത്. ഇതിനിടെ തോമസ്കുഞ്ഞു സമ്മാനമായി നൽകിയ ബൈബിൾ ദിനവും വായിക്കാനും തുടങ്ങി.റവ. ജോസഫ് പീറ്റ് എന്ന മിഷനറിയുമായുള്ള ബന്ധം കൂടുതൽ പഠിക്കാൻ സഹായിച്ചു.
അദ്ദേഹം ജോൺ ബനിയൻ രചിച്ച പരദേശിയാത്ര എന്ന പുസ്തകം രാമയ്യർക്കു സമ്മാനമായി നൽകി. വൈകാതെ രാമയ്യരും കുടുംബവും ക്രിസ്തുമതം സ്വീകരിക്കാനൊരുങ്ങി. ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ എതിർപ്പുകളെ അതിജീവിച്ചു 1861 ആഗസ്റ്റ് 4-നു ആ കുടുംബം മാവേലിക്കര സി.എം.എസ്. പള്ളിയിൽ വച്ച് ജ്ഞാനസ്നാനം സ്വീകരിച്ചു. രാമയ്യർ യൂസ്തൂസ് യോസഫ് എന്ന പേരാണ് സ്വീകരിച്ചത്. ബന്ധുക്കളിൽ നിന്നും അന്നത്തെ മതനേതാക്കളിൽ നിന്നും വലിയ എതിർപ്പുകളും വെല്ലുവിളികളും നിലനിന്നിരുന്നതിനാൽ ദീർഘനാൾ ആ കുടുംബം റവ.ജോസഫ് പീറ്റിന്റെ ബംഗ്ലാവിലാണ് താമസിച്ചത്.
തുടർന്ന് കോട്ടയം സെമിനാരിയിൽ പഠനത്തിന് പോയ യൂസ്തൂസ് യോസഫ് ഗ്രീക്ക്,ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നേടി.ബൈബിൾ പഠനവും നടത്തി. സി.എം.എസ്.സഭയിലെ ഡീക്കനായും ഉയർത്തപ്പെട്ടു. അന്ന് മലയാളത്തിൽ പാട്ടുകളോ ലേഖനങ്ങളോ സുവിശേഷപ്രചാരണത്തിനു ലഭ്യമല്ല എന്ന തിരിച്ചറിവിൽ തന്റെ കഴിവുകളെ ആ കുറവ് നികത്താനായി യൂസ്തൂസ് യോസഫ് രചനകൾ തുടങ്ങി.
നൂറുകണക്കിന് ലേഖനങ്ങളും കീർത്തനങ്ങളും എഴുതി.വിദ്വാൻ കുട്ടിയച്ചൻ എന്ന പേരും ലഭിച്ചു. അദ്ദേഹത്തിന്റെ പാട്ടുകൾ തെക്കേ ഇന്ത്യയിലെല്ലാം പ്രചാരം നേടി.കുറച്ചു നാളുകൾക്ക് ശേഷം അദ്ദേഹം സി.എം.എസ്.സഭ വിടുകയും സ്വന്തമായി ഒരു പ്രാർത്ഥനാസമൂഹത്തിനു രൂപം നൽകുകയും ചെയ്തു.1861-ൽ ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരിൽ വിദ്വാൻ കുട്ടിയച്ചൻ എതിർപ്പുകൾ നേരിട്ടു. ഇന്നു കുട്ടിയച്ചന്റെ ഒരു പാട്ടു പാടിയതിനു കുറച്ചു ചെറുപ്പക്കാർ വലിയ എതിർപ്പുകൾ നേരിടുന്നു. അപ്പോഴും കുട്ടിയച്ചന്റെ പാട്ടുകൾ ആയിരങ്ങൾക്ക് സാന്ത്വനം നൽകി ഇവിടെ അലയടിക്കുന്നു.


