പത്താം വയസ്സില്‍ സിനിമയ്ക്കായി പിന്നണി പാടിതുടങ്ങാന്‍ ഭാഗ്യം ലഭിച്ച ഇന്ത്യയുടെ പ്രിയഗായിക പദ്മവിഭൂഷണ് ആശ ഭോസ്ലെ വിട പറഞ്ഞു
ജെയിംസ് അഗസ്റ്റിന്
2) , 3)
1997 -ല്‍ തീയേറ്ററുകളില്‍ എത്തിയ ഡൗഡ് എന്ന ഹിന്ദി സിനിമയില്‍ ഒരു പ്രണയഗാനമുണ്ടായിരുന്നു. എ.ആര്,റഹ്മാന് സംഗീതം നല്കിയ ‘ഓ ബാവ് രേ’ എന്നു തുടങ്ങുന്ന ആ ഗാനം യേശുദാസിനോടൊപ്പം പാടുമ്പോള്‍ ആശ ഭോസ്ലെയ്ക്ക് 64 വയസ്സുണ്ടായിരുന്നു. യേശുദാസിനു 57 വയസ്സും. ന്യൂസിലന്‍ഡിലെ മനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഈ ഗാനരംഗത്ത് സഞ്ജയ് ദത്ത്, ഊര്‍മിള മണ്ഡോദ്ക്കര്‍ എന്നിവരാണ് അഭിനയിച്ചത്. അന്ന് ഊര്‍മിളയുടെ പ്രായം 23. അതേ പ്രായമുള്ള ഭാവന എന്നു പേരുള്ള കഥാപാത്രത്തെയാണ് സിനിമയിലും അവതരിപ്പിച്ചത്.

ഇരുപത്തിമൂന്നുകാരിക്കു വേണ്ടി പ്രണയാര്‍ദ്രമായി അറുപത്തിനാലാം വയസ്സിലും പാടി സംഗീതാസ്വാദകരെ വിസ്മയിപ്പിക്കാന് കഴിഞ്ഞ ഗായികയായിരുന്നു ആശ ഭോസ്ലെ.
പത്താം വയസ്സില്‍ സിനിമയ്ക്കായി പിന്നണി പാടിതുടങ്ങാന്‍ ഭാഗ്യം ലഭിച്ച ഇന്ത്യയുടെ പ്രിയഗായിക പദ്മവിഭൂഷണ് ആശ ഭോസ്ലെ വിട പറഞ്ഞത് തൊണ്ണൂറ്റി രണ്ടാം വയസ്സില്‍.
1933-ല്‍ തുടങ്ങിയ സംഗീതയാത്ര അവസാനിക്കുമ്പോള്‍ ഇരുപതോളം ഭാഷകളിലായി പന്ത്രണ്ടായിരത്തിലധികം പാട്ടുകള്‍ പാടിക്കഴിഞ്ഞിരുന്നു.
ഹരിഹരന് സംവിധാനം ചെയ്ത സുജാത എന്ന മലയാളം സിനിമയ്ക്കു വേണ്ടിയും ആശ ഭോസ്ലെ പാടിയിട്ടുണ്ട്. മങ്കൊമ്പ് ഗോപാലകൃഷ്ണന് എഴുതി രവീന്ദ്ര ജയിന് സംഗീതം നല്കിയ ‘സ്വയംവര ശുഭദിന മംഗളങ്ങള്‍ അനുമോദനത്തിന്റെ ആശംസകള്‍’ എന്ന ഗാനം 1997 -ലാണ് ആശ ഭോസ്ലെ പാടിയത്.

2001-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്കി ആശ ഭോസ്ലെയെ ഇന്ത്യന്‍ സിനിമ ആദരിച്ചു. 2008-ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു. രണ്ട് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണ്‍ പുരസ്കാരം. 1997,2006 വര്‍ഷങ്ങളില്‍ ഗ്രാമി അവാര്‍ഡിന് ആശ ഭോസ്ലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഗായികയാണ് ആശാ ഭോസ്ലേ. 2015-ലെ ബിബിസിയുടെ 100 പ്രചോദനാത്മക വനിതകളുടെ പട്ടികയിലും അവര്‍ ഇടം നേടി.
പ്രശസ്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമായ ബ്രെറ്റ് ലീ ആശ ഭോസ്ലെയോടൊപ്പം ഒരു ആല്‍ബത്തിന്റെ ചിത്രീകരണത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബ്രെറ്റ്ലീയുടെ ആത്മകഥയില്‍ പറയുന്നത് ഇന്ത്യയിലെ അരീത്ത ഫ്രാങ്ക്ളിന് ആണ് ആശ ഭോസ്ലെ എന്നാണ്. 44 തവണ ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും 18 ഗ്രാമി അവാര്‍ഡുകള്‍ നേടുകയും ചെയ്ത അമേരിക്കന്‍ ഗായികയാണ് അരീത്ത ഫ്രാങ്ക്ളിന്.
ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോടൊപ്പം അടുത്തകാലത്തു ഒരു ചടങ്ങില്‍ ആശ ഭോസ്ലെ പങ്കെടുക്കുകയുണ്ടായി. ആശ ഭോസ്ലെ പാടിക്കഴിഞ്ഞപ്പോള്‍ രാഷ്ട്രപതിയുടെ ആവശ്യപ്രകാരം ആശ ഭോസ്ലെ ഒരു പാട്ടു കൂടി പാടി.വി ‘ചുരാ ലിയാ ഹെ തുമ്നെ ജോ ദില്‍ കോ’ എന്ന ഗാനം. ആശയുടെ ഭര്‍ത്താവ് ആര്.ഡി.ബര്മന് സംഗീതം നല്കിയ ഈ അനശ്വര ഗാനം 1973-ല്‍ പുറത്തിറങ്ങിയ യാദോം കീ ബാരാത്ത് എന്ന സിനിമയിലേതാണ്.
ഇന്ത്യന്‍ സംഗീതരംഗത്തെ അതിപ്രഗത്ഭരായ സംഗീതസംവിധായകരുടെ പാട്ടുകള്‍ പാടുവാന്‍ ആശ ഭോസ്ലെയ്ക്ക് അവസരം ലഭിച്ചു. അള്ളാ രഖാ, ഒ.പി.നയ്യാര്‍, എസ്.ഡി.ബര്മന്, നൗഷാദ്, ആര്.ഡി.ബര്മന്, രവീന്ദ്ര ജെയിന്, ഖയാം, ബോംബെ രവി, ബാപ്പി ലാഹിരി, ഇളയരാജ,ശങ്കര്‍-ജയ്കിഷന്, അനു മാലിക്ക്, എ.ആര്. റഹ്മാന് തുടങ്ങിയവരുടെ പാട്ടുകള്‍ ആശ ഭോസ്ലെ പാടി അനശ്വരമാക്കി. പാട്ടുകാരി വിട പറയുമ്പോഴും പാട്ടുകള്‍ ഇവിടെ ചിരം ജീവിക്കുകയാണ്. എല്ലാ പ്രായത്തിലും പതിനേഴുകാരിയുടെ സ്വരം കേള്‍വിക്കാര്‍ക്ക് സമ്മാനിച്ച എക്കാലത്തെയും യുവഗായികയ്ക്ക് പ്രണാമം.

