ജെയിംസ് അഗസ്റ്റിന്
ലോകത്തിലെ കായികപ്രേമികളുടെ നോട്ടം ഒരു തുകല്‍ പന്തിലേക്ക് ഒതുങ്ങുന്ന കാലമാണിത്. നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. ലോകകപ്പ് നടക്കുന്ന രാജ്യങ്ങളിലും ടീമിനെ അയക്കാന്‍ യോഗ്യത ലഭിച്ച നാടുകളിലും മാത്രം ഒതുങ്ങുന്നതല്ല ഈ പന്തുകളിയുടെ ആവേശവും ആഘോഷവും. വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കരീബീയന്‍ ദ്വീപസമൂഹത്തിലെ കുരസ്സോ എന്ന കൊച്ചുരാജ്യത്തു നിന്നുപോലും ഒരു ടീം ലോകകപ്പ് കളിക്കുമ്പോള്‍ 148 കോടി ജനങ്ങളുള്ള നമ്മുടെ നാട്ടില്‍ നിന്ന് പന്തു തട്ടാന്‍ ടീമില്ല. എങ്കിലും ഈ ആഗോള പൂരത്തിന്റെ ആഘോഷങ്ങളില്‍ നമ്മളും പങ്കുചേരും. ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് സംഗീതത്തിന്റെ അകമ്പടി എന്നും ഉണ്ടായിട്ടുണ്ട്. സംഗീതോപകരണങ്ങളുമായി സ്വന്തം ടീമിനു പിന്തുണ നല്കുന്ന ആരാധകരെ എല്ലാ ലോകകപ്പുകളിലും നാം കണ്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ 2010-ല്‍ നടന്ന ലോകകപ്പില്‍ എല്ലാ കാണികളും വുവുസേല എന്ന സംഗീതോപകരണവുമായി വന്നതും ചരിത്രമാണ്.
പ്രാദേശികമായി ലോകകപ്പിന് സ്വാഗതമേകി ഗാനങ്ങള്‍ ഒരുക്കുന്നതും പണ്ടുമുതല്‍ നടന്നിരുന്നു. എന്നാല്‍ ലോകകപ്പിനു അന്തര്‍ദേശീയ ഫുട്ബാള്‍ ഫെഡറേഷന്റെ ഔദ്യോഗിക ഗാനം ആദ്യമായി ഇറങ്ങിയത് 1962-ല്‍ ചിലിയില്‍ നടന്ന ടൂര്‍ണമെന്റിലാണ്. ലോസ് റാംബ്ളേഴ്സ് എന്ന ചിലിയന്‍ ബാന്‍ഡ് ആണ് ആദ്യത്തെ ഔദ്യോഗിക ഗാനം ഒരുക്കിയത്.
തുടര്‍ന്നുള്ള ലോകകപ്പുകളില്‍ ലോകത്തിലെ അതിപ്രശസ്തരായ ഗായകരും ഗായകസംഘങ്ങളും പാട്ടുകള്‍ റിലീസ് ചെയ്തെങ്കിലും 450 കോടി ആളുകള്‍ യൂട്യൂബില്‍ മാത്രം കണ്ട 2010-ലെ ലോകകപ്പ് ഗാനം എല്ലാ ടൂര്‍ണമെന്റുകളിലും ആവേശമായി അലയടിക്കുകയാണ്. ലാറ്റിന്‍ സംഗീതത്തിന്റെ റാണിയെന്ന് വിശേഷിക്കപ്പെടുന്ന കൊളംബിയന്‍ പാട്ടുകാരി ഷക്കീരയുടെ ‘വക്കാ വക്കാ’ എന്ന ഗാനത്തെ മറികടക്കാന്‍ ഒരു ഫുട്ബാള്‍ ഗീതത്തിനും ഇതുവരെ സാധിച്ചിട്ടില്ല.
വക്കാ വക്കാ എന്ന ഗാനം ഗാനം എഴുതി സംഗീതം നല്‍കിയത് ഷക്കീരയും അമേരിക്കന്‍ സംഗീതജ്ഞനായ ജോണ്‍ ഹില്ലും ചേര്‍ന്നാണ്. ഫ്രഷ്ലിഗ്രൗണ്ട് എന്ന ആഫ്രോ-പോപ്പ് ബാന്‍ഡ് ഈ ഗാനം ഒരുക്കുന്നതിനു കൂടെയുണ്ടായിരുന്നു. പരമ്പരാഗത ആഫ്രിക്കന്‍ സംഗീതത്തെ പോപ്പ് ശൈലിയിലേക്ക് ചേര്‍ത്ത് ഇവര്‍ ഒരുക്കിയ ചടുലതാളം ലോകം മുഴുവന്‍ അതിരുകളില്ലാതെ ഏറ്റെടുക്കുകയായിരുന്നു. പാട്ടിന്റെ വീഡിയോ ചിത്രീകരണത്തില്‍ ലയണല്‍ മെസ്സി,ക്രിസ്റ്റിയാനൊ റൊണാള്‍ഡോ,ഡാനി ആല്‍വസ്,ജെറാര്‍ഡ് പിക്വേ എന്നിവരുടെ പങ്കാളിത്തം പാട്ടിനെ കൂടുതല്‍ ജനകീയമാക്കി. പരമ്പരാഗത ആഫ്രിക്കന്‍ നൃത്തച്ചുവടുകള്‍ ഈ ഗാനത്തെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രിയപ്പെട്ടതാക്കി മാറ്റി.
ഈ ഗാനം കൈവരിച്ച ചില റെക്കോര്‍ഡുകള്‍.
യുട്യൂബിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ഫുട്ബാള്‍ ഗാനം.(450 കോടി). റീലിസിനു ശേഷം കുറഞ്ഞ സമയത്തിനുള്ളില്‍ 100 കോടി കാഴ്ചക്കാരെ ലഭിച്ച ഗാനം. ഇന്നും യൂട്യൂബില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ആദ്യ ഇരുപതു വീഡിയോകളില്‍ ഒന്ന്.ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ കോപ്പികള്‍ വിറ്റ കായികഗീതം.(രണ്ടു കോടിയില്‍ അധികം). 15 രാജ്യങ്ങളില്‍ മ്യൂസിക് ചാര്‍ട്ടുകളില്‍ ആഴ്ചകളോളം ഒന്നാം സ്ഥാനത്തു തുടര്‍ന്ന ഒരേയൊരു സ്പോര്‍ട്സ് ഗാനം.
ഓഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയില്‍ 100 കോടിയിലധികം സ്ട്രീമുകള്‍ നേടിയ ആദ്യ കായികഗീതം. ചരിത്രത്തില്‍ ഏറ്റവും അധികം രാജ്യങ്ങളില്‍ ഒരേസമയം നമ്പര്‍ 1 ആയ ലോകകപ്പ് ഗാനം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഈ ഗാനത്തിനാണ്.
ഈ പാട്ടിന്റെ വരുമാനത്തില്‍ നിന്നും ലഭിച്ച വലിയ തുക ഷക്കീരയുടെ ബെയര്‍ ഫൂട് ഫൌണ്ടേഷന് വഴി ആഫ്രിക്കയിലെ ദരിദ്രര്‍ ജീവിക്കുന്ന പ്രദേശങ്ങളിലെ സ്കൂളുകള്‍ക്കും കായികസംഘടനകള്‍ക്കും നല്കിയതും സ്മരണീയമാണ്. പതിനഞ്ചു വയസ്സുള്ളപ്പോള്‍ തന്നെ കൊളംബിയയില്‍ സേവനം ചെയ്യാനായി ഷക്കീര ആരംഭിച്ചതാണ് ഈ ഫൌണ്ടേഷന്.
കൊളംബിയയില്‍ ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ വളര്‍ന്ന ഷക്കീര പഠിച്ചതും കത്തോലിക്ക സഭയുടെ സ്ഥാപനങ്ങളിലാണ്. നാലാം വയസ്സു മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ അവര്‍ പതിമൂന്നാം വയസ്സില്‍ തന്നെ ആദ്യ ആല്‍ബം പ്രകാശനം ചെയ്തു. ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷണവും പഠനസഹായവും പതിനഞ്ചു വയസ്സ് മുതല്‍ നല്‍കിവരുന്ന ഷക്കീര ഇരുപത്തിയാറാം വയസ്സില്‍ യുനെസ്കോ ഗുഡ് വില്‍ അംബാസിഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നും പാട്ടിനൊപ്പം സാധുജനസേവനവും ഷക്കീര തുടരുകയാണ്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഗാനം, അതിന്റെ വരുമാനത്തില്‍ നിന്നും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സഹായിച്ചതിലൂടെയും ആഫ്രിക്കയിലെ കുട്ടികളെ കായിക മേഖലയിലെത്തിച്ചതിലൂടെയും കൂടുതല്‍ തിളങ്ങുകയാണ്.

