ജെകോബി
കേരളത്തെ മൊത്തത്തില്‍ ഒരു തുറമുഖ നഗരമെന്ന സങ്കല്പത്തില് ആഗോള ഷിപ്പിങ്, ലോജിസ്റ്റിക്സ് കേന്ദ്രമാക്കാനുള്ള ‘മിഷന് സമുദ്ര’ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ പ്രഥമ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കെ, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ ഷിപ്പിങ് കമ്പനി, സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എംഎസ് സി), വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖ പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരി വാങ്ങുന്നതോടെ ഇന്ത്യയിലെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും തന്ത്രപ്രധാനമായ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബ് എന്ന നിലയില്‍ വിഴിഞ്ഞത്തിന്റെ രാജ്യാന്തര പ്രശസ്തിയും വാണിജ്യമൂല്യവും വര്‍ധിക്കുകയാണ്.
അമേരിക്കയിലെ രണ്ടാമത്തെ വലിയ കണ്ടെയ്നര്‍ ടെര്‍മിനലായ ലോങ് ബീച്ച് മുതല്‍ യൂറോപ്പിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ ടെര്‍മിനലായ ബെല്‍ജിയത്തിലെ ആന്റ് വേര്‍പ് വരെ എഴുപതിലേറെ രാജ്യാന്തര തുറമുഖങ്ങളില്‍ നിക്ഷേപ പങ്കാളിത്തമുള്ള, ആയിരത്തിലേറെ കപ്പലുകളുമായി ആഗോള വിപണിയുടെ 21 ശതമാനം നിയന്ത്രിക്കുന്ന എംഎസ് സിയുടെ ടെര്‍മിനല്‍ മാനേജ്മെന്റ് വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് ഹോള്‍ഡിങ് എസ്എയുടെ സബ്സിഡിയറി, മുന്തി ലിമിറ്റഡുമായുള്ള അദാനിയുടെ ഓഹരി കൈമാറ്റത്തിലൂടെ 13,220 കോടി രൂപയുടെ വിദേശനിക്ഷേപമാണ് വിഴിഞ്ഞത്ത് എത്തുന്നത്. ഇന്ത്യയില്‍ തുറമുഖ വികസന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ പങ്കാളിത്ത വിദേശനിക്ഷേപമാണിത്.
2024 ഡിസംബറില്‍ പൂര്‍ണതോതില്‍ വാണിജ്യ ഇടപാടുകള്‍ തുടങ്ങി പത്തുമാസത്തിനകം 10 ലക്ഷം ടിഇയു (20 അടി തുല്യ യൂണിറ്റ്) കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തുകൊണ്ട് രാജ്യത്ത് പോര്‍ട്ട് ഓപ്പറേഷനില്‍ ‘അതിവേഗ’ മുന്നേറ്റത്തിന്റെ പുതുചരിത്രം രചിച്ച വിഴിഞ്ഞം തുറമുഖം, 18 മാസം കൊണ്ട് 20 ലക്ഷം ടിഇയു ചരക്കുനീക്കം നടത്തി സ്വന്തം റെക്കോര്‍ഡ് പുതുക്കി. 2011-ല്‍ കമ്മിഷന് ചെയ്ത വല്ലാര്‍പാടത്തെ ഡിപി വേള്‍ഡ് ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന് ഇതുവരെ ഒരു കൊല്ലവും 10 ലക്ഷം ടിഇയു കടമ്പ കടക്കാനായിട്ടില്ല; കഴിഞ്ഞ വര്‍ഷം അവര്‍ കൈകാര്യം ചെയ്തത് 8.5 ലക്ഷം ടിഇയു ചരക്കാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലും (എംഎസ് സി ഐറീന), ഇന്ത്യന്‍ തുറമുഖത്ത് അടുക്കുന്ന ഏറ്റവും ആഴമേറിയ കപ്പലും (എംഎസ് സി വെറോണ) ഉള്‍പ്പെടെ 70 ‘അള്‍ട്രാ ലാര്‍ജ്’ കണ്ടെയ്നര്‍ കപ്പലുകള്‍ ഇതിനിടെ വിഴിഞ്ഞത്ത് അടുത്തു. കഴിഞ്ഞ മാസം 24-ാം തീയതി വന്നണഞ്ഞ എംഎസ് സി ലുച്ചിയാന വിഴിഞ്ഞത്തെ 800 മീറ്റര്‍ ബെര്‍ത്തില്‍ മൂറിങ് നടത്തിയ ആയിരാമത്തെ കപ്പലായിരുന്നു. വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്മെന്റ് ചരക്കുനീക്കത്തില്‍ 95 ശതമാനത്തിലേറെയും നിര്‍വഹിച്ചിട്ടുള്ളത് എംഎസ് സി കപ്പലുകളാണ്.
എംഎസ് സിയുമായി പങ്കുചേര്‍ന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ (ആപ്സെസ്) രാജ്യത്ത് നടത്തുന്ന മൂന്നാമത്തെ വലിയസംരംഭമാണ് വിഴിഞ്ഞത്തേത്. ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന്റെ മുന്ദ്ര തുറമുഖത്തെ മൂന്നാമത്തെ കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയില്‍ 2013-ല്‍ എംഎസ് സിയുടെ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎല്‍) 50 ശതമാനം ഓഹരി നിക്ഷേപം നടത്തി. 2023 ഡിസംബറില്‍ തമിഴ്നാട്ടിലെ എന്നൂര് കാമരാജര്‍ തുറമുഖത്തെ കണ്ടെയ്നര്‍ ടെര്‍മിനല്‍ സംയുക്ത സംരംഭത്തിലും ടിഐഎല്‍ അദാനിയുടെ പങ്കാളിയായി. കേരള സര്‍ക്കാരിന് 61.5 ശതമാനവും, അദാനി ഗ്രൂപ്പിന് 28.9 ശതമാനവും, കേന്ദ്ര ഗവണ്മെന്റിന് 9.6 ശതമാനവും ഓഹരി വിഹിതമുള്ള വിഴിഞ്ഞത്ത് അദാനി കമ്പനിയുടെ ഓഹരി വിഹിതത്തിന്റെ 49 ശതമാനമാണ് എംഎസ് സി സ്വന്തമാക്കുന്നത്. രണ്ടു ഗഡുക്കളായാണ് ടിഐഎല്‍-മുന്തി നിക്ഷേപം നടത്തുന്നത്: ആദ്യം 539 മില്യണ്‍ ഡോളര്‍ (5,178 കോടി രൂപ) നിക്ഷേപം നടത്തും. 2028 ഡിസംബറില്‍ തുറമുഖ വികസനം പൂര്‍ത്തിയാകുമ്പോഴാണ് രണ്ടാം ഗഡുവായി 8,243 കോടി രൂപ നിക്ഷേപിക്കുക.
വിഴിഞ്ഞം ഒന്നാം ഘട്ടത്തിലെ ആകെ മുതല്‍മുടക്ക് 7,700 കോടി രൂപയാണ്. ഇതില്‍ അദാനി മുടക്കിയത് 4,400 കോടി. ഭൂമി ഏറ്റെടുക്കലിനും കണക് റ്റിവിറ്റിക്കുമടക്കം 5,500 കോടിയാണ് സംസ്ഥാനത്തിന്റെ മുതല്‍മുടക്ക്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു കോര്‍പറേറ്റ് കുത്തകയ്ക്ക് കൈമാറുന്ന ഏറ്റവും ഉയര്‍ന്ന പൊതുമുതല്‍ വിഹിതം. റെയില്‍ ലിങ്കിനായി രണ്ടുവര്‍ഷത്തിനകം ഇനിയും 1,700 കോടി സംസ്ഥാനം മുടക്കണം. 2026 ജൂണ്‍ 30ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫയല്‍ ചെയ്ത രേഖകള്‍ പ്രകാരം അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ അറ്റമൂല്യം 2,814 കോടി രൂപയും മൊത്തം വരുമാനം 843 കോടിയുമാണ്. എംഎസ് സിയുമായുള്ള ഓഹരി കൈമാറ്റ കരാറില്‍ അദാനി പോര്‍ട്ടിന്റെ മൊത്തം വിലമതിപ്പ് 27,000 കോടി രൂപയാണ് – നിലവിലെ ബുക്ക് വാല്യുവിന്റെ ഏതാണ്ട് 900 ശതമാനം പ്രീമിയം! അദാനി വിഴിഞ്ഞത്ത് മുടക്കിയ തുകയുടെ മൂന്നിരട്ടിയോളം രണ്ടു വര്‍ഷം കൊണ്ട് അവര്‍ക്കു തിരിച്ചുകിട്ടുന്നു. രണ്ടാം ഘട്ടത്തിന്റെ ചെലവ് എംഎസ് സിയെ വച്ച് അവര്‍ നടത്തും. സംസ്ഥാന സര്‍ക്കാരിന് ഇതില്‍നിന്ന് വിശേഷിച്ച് സാമ്പത്തിക നേട്ടമൊന്നും ലഭിക്കുന്നില്ല.
പദ്ധതി നടത്തിപ്പിന് കണ്സെഷന് ലഭിച്ച സ്വകാര്യ കോര്‍പറേറ്റ് പങ്കാളി ആദ്യത്തെ 15 വര്‍ഷം വരുമാനത്തിന്റെ ഒരു ശതമാനം പോലും സര്‍ക്കാരുമായി പങ്കുവയ്ക്കാത്ത രാജ്യത്തെ ഒരേയൊരു പിപിപി പദ്ധതിയാണ് വിഴിഞ്ഞത്തേത്. വല്ലാര്‍പാടം ടെര്‍മിനലിലും എന്നൂര് പോര്‍ട്ടിലും ആദ്യവര്‍ഷം മുതല്‍ 30 ശതമാനമാണ് വരുമാനത്തില്‍ നിന്നു പങ്കുവയ്ക്കുന്നത്. വിഴിഞ്ഞത്ത് 2034 വരെ സര്‍ക്കാരിന് അദാനി വരുമാന വിഹിതമൊന്നുംതന്നെ നല്‍കേണ്ടതില്ല, പതിനാറാം വര്‍ഷം വരുമാനത്തിന്റെ ഒരു ശതമാനം നല്കിതുടങ്ങിയാല് മതി; തുടര്‍ന്ന് ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടും. ജിഎസ്ടി ഒഴികെ മറ്റു വരുമാനമൊന്നും തത്കാലം സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കേണ്ടതില്ല.
കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് കണക്കുകളില്‍ മഹാദ്ഭുതങ്ങള്‍ സംഭവിക്കുമ്പോഴും, ഗേറ്റ് വേ തുറമുഖം എന്ന നിലയില്‍ വിഴിഞ്ഞത്ത് ആഭ്യന്തര കയറ്റുമതി-ഇറക്കുമതി ചരക്കുഗതാഗത സംവിധാനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. എക്സിം കാര്‍ഗോ ഗേറ്റ് വേ സര്‍വീസ് ഉദ്ഘാടനം കഴിഞ്ഞ ജനുവരിയില്‍ പിണറായി വിജയന് നിര്‍വഹിച്ചെങ്കിലും തുറമുഖത്തുനിന്ന് ദേശീയപാത 66ലേക്കുള്ള 1,700 മീറ്റര്‍ അപ്രോച്ച് റോഡ് കണ്ടെയ്നര്‍ ട്രെയ്ലറുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാവുന്ന അവസ്ഥയിലായിട്ടില്ല. ദേശീയപാതയിലെ ക്ലോവര്‍ലീഫ് ഇന്റര്‍ചെയ്ഞ്ച്, വിഴിഞ്ഞത്തുനിന്ന് ബാലരാമപുരത്തേക്കുള്ള 10.7 കിലോമീറ്റര്‍ റെയില്‍ ലിങ്ക്, 80 കിലോമീറ്റര്‍ ഔട്ടര്‍ റിങ് റോഡ് എന്നിവ അടുത്തകാലത്തൊന്നും യാഥാര്‍ഥ്യമാകാനിടയില്ല. കയറ്റുമതി-ഇറക്കുമതിയുമായി ബന്ധപ്പെട്ട വ്യാവസായിക, വാണിജ്യ മേഖലകളുടെയും ലോജിസ്റ്റിക്സ് പാര്‍ക്കുകളുടെയും വെയര്‍ഹൗസിങ് സമുച്ചയങ്ങളുടെയും ട്രേഡ് ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, അനുബന്ധ സംരംഭങ്ങളുടെയും വികസനവും തൊഴില്‍സാധ്യതകളും എക്സിം ചരക്കുനീക്കങ്ങളെയാണ് വലിയതോതില്‍ ആശ്രയിച്ചിരിക്കുന്നത്. ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നറുകള്‍ കൈമാറുന്ന ഇടം മാത്രമായാല്‍ വിഴിഞ്ഞം ഒരിക്കലും സിംഗപ്പൂരാവുകയില്ല, ഇവിടെ ‘ലക്ഷക്കണക്കിന്’ തൊഴിലുണ്ടാവുകയുമില്ല. ഹോര്‍മുസ് കടലിടുക്കിലെ പ്രതിബന്ധങ്ങള്‍ മുതലെടുക്കാന്‍ പോലുമാകാതെ വിഴിഞ്ഞത്തെ സ്റ്റോറേജ് യാര്‍ഡുകളില്‍ നിറയെ ഒഴിഞ്ഞ കണ്ടെയ്നറുകളാണെന്ന റിപ്പോര്‍ട്ടുകള്‍ കണ്ണുതുറപ്പിക്കേണ്ടതാണ്.
വിഴിഞ്ഞം തുറമുഖത്ത് നേരിട്ടും പരോക്ഷമായും 2,000 തൊഴിലവസരമാണ് ഉണ്ടായിട്ടുള്ളതെന്ന് അദാനി പോര്‍ട്സ് എംഡി കരണ്‍ അദാനി വെളിപ്പെടുത്തിയിരുന്നു. 5,000 തൊഴിലവസരങ്ങള്‍ കൂടിയുണ്ടാകുമെന്നാണ് വാഗ്ദാനം.
ഓഹരി കൈമാറ്റത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി അദാനി കമ്പനി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ തന്ത്രപ്രധാനമായ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖത്തിന്റെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതിരോധ വകുപ്പും പോര്‍ട്സ് ആന്‍ഡ് ഷിപ്പിങ് മന്ത്രാലയവും, നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള (എഫ്ഡിഐ) ക്ലിയറന്‍സ് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയവുമാണ് നല്‍കേണ്ടത്. മുന്ദ്രയിലും എന്നൂറിലും അദാനിയുമായി സംയുക്ത സംരംഭങ്ങള്‍ നടത്തുന്നതിനു പുറമെ, മഹാരാഷ് ട്രയിലെ വധാവന് ഓഫ്ഷോര്‍ ഗ്രീന്‍ഫീല്‍ഡ് തുറമുഖ പദ്ധതിയില്‍ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്ന് 20,000 കോടി നിക്ഷേപത്തിന് കരാര്‍ ഒപ്പുവച്ചിട്ടുള്ള എംഎസ് സിക്ക് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കേന്ദ്ര ക്ലിയറന്‍സിനും കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ അനുമതിക്കും തടസമുണ്ടാകാനിടയില്ല.
കേരളത്തിന്റെ താല്പര്യങ്ങള് പൂര്‍ണമായി സംരക്ഷിക്കുകയും ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള ഒരു ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബ് എന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പൂര്‍ണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറയുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കണ്സെഷന് കരാറും, അദാനിക്ക് 85 വര്‍ഷം വിഴിഞ്ഞത്തെ നിയന്ത്രിക്കാനുള്ള അവകാശം നല്‍കുംവിധം എല്‍ഡിഎഫ് സര്‍ക്കാര്‍ 2024 ഫെബ്രുവരിയില്‍ ഒപ്പുവച്ച സപ്ലിമെന്ററി കണ്സെഷന് കരാറുമായി ബന്ധപ്പെട്ട മൂല്യനിര്‍ണയ രീതിശാസ്ത്രം, പരിസ്ഥിതി ആഘാത വിലയിരുത്തലുകള്‍, പുനരധിവാസ പാക്കേജുകള്‍ എന്നിവയുടെ സമഗ്രവും സ്വതന്ത്രവുമായ ഫോറന്‍സിക് ഓഡിറ്റ് നടത്താനുള്ള അവസരം കൂടിയാണിത്. തുറമുഖ പദ്ധതിയില്‍ തങ്ങളുടെ ജന്മാവകാശവും പൊതുസ്വത്തുമായ തീരവും കടലും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ ജനതയ്ക്കും നീതിയും അര്‍ഹമായ നഷ്ടപരിഹാരവും ഉറപ്പാക്കേണ്ടതുണ്ട്. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പല്ല, തുടര്‍ച്ചയായി തുറമുഖ വരുമാനത്തില്‍ നിന്ന് ധനസഹായം നല്കുന്ന സുസ്ഥിര കമ്യൂണിറ്റി ട്രസ്റ്റ് ആവശ്യമാണ്.
കടല്‍ തീരദേശജനതയുടെ പൊതുമുതലാണ്. അത് അദാനിയുടെയും എംഎസ് സിയുടെയും കോര്‍പറേറ്റ് സ്വകാര്യ സ്വത്തായി മാറുകയാണോ? പരമ്പരാഗത മത്സ്യബന്ധന മേഖലകള്‍ നശിപ്പിക്കപ്പെട്ടു. തുറമുഖ നിര്‍മാണം തീരശോഷണം ത്വരിതപ്പെടുത്തി, മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിടങ്ങളും തൊഴിലിടങ്ങളും ടൂറിസ്റ്റ് ബീച്ചുകളും കടലെടുത്തു. വിഴിഞ്ഞം ഉള്‍ക്കടലിലെ 15 പാറക്കെട്ടുകളിലെ പവിഴപ്പുറ്റുകളിലെ 1,200 സമുദ്ര ജീവിവര്‍ഗങ്ങളുടെ ജൈവവൈവിധ്യത്തിന് ഡ്രെജിങ്ങും കടല്നികത്തലും വന്‍ ഭീഷണിയായി. മത്സ്യബന്ധനം, ബീച്ച് ടൂറിസം, തീരദേശ സംരക്ഷണം, ജൈവവൈവിധ്യം എന്നിവയുള്‍പ്പെടെ ആവാസവ്യവസ്ഥയുടെ ആനുകൂല്യങ്ങളുടെ വാര്‍ഷിക നഷ്ടം 2,027 കോടിയായി കണക്കാക്കപ്പെടുന്നു. തിരുവനന്തപുരം ജില്ലയില്‍ സമുദ്രോത്പന്ന വരവ് 57,000 ടണ്‍ വരും, അതിന്റെ മൂല്യം 1,020 കോടി രൂപയും. വിഴിഞ്ഞം തുറമുഖത്തെ ഇന്നത്തെ വരുമാനത്തെക്കാള്‍ അധികം!
വിഴിഞ്ഞം തുറമുഖം എംഎസ് സി കുത്തകയാകുമെന്നും അദാനിയുമായി വഴിവിട്ട ഡീലാണ് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും മറ്റും വേവലാതിപ്പെടുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയനും കൂട്ടരും ആഗോള അയ്യപ്പ സംഗമത്തിന് അദാനി ഗ്രൂപ്പ് സ്പോണ്‍സര്‍ഷിപ്പായി നല്കിയ ഒരു കോടി രൂപ കൈപ്പറ്റി, അദാനി പോര്‍ട്ടിന്റെ ഓരോ നേട്ടത്തിന്റെയും ക്രെഡിറ്റ് ഇടതുമുന്നണി ‘ക്യാപ്റ്റന്റെ’ പേരിലാക്കിയ നാളുകളിലെ പ്രൊപ്പഗാന്തയും കോലാഹലവും നാട്ടുകാര്‍ മറന്നിട്ടില്ല.
എംഎസ് സിയുടെ എല്‍സ 3 എന്ന പഴഞ്ചന്‍ ഫീഡര്‍ കപ്പല്‍ 640 കണ്ടെയ്നറുകളുമായി 2025 മേയില്‍ ആലപ്പുഴയ്ക്കു പടിഞ്ഞാറായി അറബിക്കടലില്‍ മുങ്ങിയപ്പോള്‍ – കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത് അത് സര്‍വീസിന് പറ്റാത്ത നിലയിലായിരുന്നുവെന്നാണ് – ഇടതുമുന്നണി സര്‍ക്കാരിനു വേണ്ടി സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തെഴുതിയത് എംഎസ് സിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കരുതെന്നാണ്. അത് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നായിരുന്നു വിശദീകരണം. കേരളത്തിന്റെ തീരക്കടലിലും തീരത്തും സമുദ്ര ആവാസവ്യവസ്ഥയിലും മത്സ്യത്തൊഴിലാളി സമൂഹത്തിനും ആ കപ്പല്‍ ദുരന്തം വരുത്തിവച്ച ഭയാനകമായ മലിനീകരണവും കെടുതികളും സുരക്ഷാഭീഷണിയും മറച്ചുപിടിച്ച് എഫ്ഐആറും നഷ്ടപരിഹാരത്തിനുള്ള അഡ്മിറാലിറ്റി കേസും വൈകിപ്പിക്കാനും ശ്രമമുണ്ടായി.
എക്സിം ചരക്കും ഒഴിഞ്ഞ കണ്ടെയ്നറുകളും തീരദേശ തുറമുഖങ്ങളിലേക്ക് ഫീഡര്‍ സര്‍വീസായി കൊണ്ടുപോകുന്നതിന് 2018-ലെ കബോട്ടാഷ് ചട്ടങ്ങളില്‍ അനുവദിച്ച ഇളവുകള്‍ 2026 ഏപ്രില്‍ മുതല്‍ പിന്‍വലിക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബ് വിഴിഞ്ഞം തുറമുഖത്തുനിന്ന് കൊളംബോയിലേക്കു മാറ്റുമെന്ന് എംഎസ് സി ഭീഷണിപ്പെടുത്തിയപ്പോള്‍ കരണ്‍ അദാനിയുടെ അഭ്യര്‍ഥന മാനിച്ച് പിണറായി വിജയന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കത്തെഴുതി. എംഎസ് സിയുടെ സമ്മര്‍ദത്തിനു കേന്ദ്രം വഴങ്ങി. കബോട്ടാഷ് ചട്ടത്തിന്റെയും എല്‍സ 3 കപ്പലിന്റെയും കാര്യത്തില്‍ കേരളം കേന്ദ്രത്തിന് അയച്ച കത്തുകള്‍ പരസ്യപ്പെടുത്തിയാല്‍ പഴയ ഡീലുകളുടെ കള്ളി വെളിച്ചത്താകും!

