കറാച്ചി: പാകിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള ബാൽദിയ നഗരത്തിൽ മതനിന്ദാ ആരോപണത്തെ തുടർന്ന് ആക്രമണഭീഷണി നേരിട്ട ക്രൈസ്തവകുടുംബം മുസ്ലിം മതനേതാക്കളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടതായി പ്രാദേശിക കത്തോലിക്കാസഭ അറിയിച്ചു.
ഖസാഫി കോളനിയിലെ അസീം ജാവേദിന്റെയും അമ്മയുടെയും ചിത്രങ്ങൾക്കൊപ്പം ഖുറാന്റെ ഒരു പേജ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്നാണ് കുടുംബത്തിനെതിരെ ആക്രമണസാധ്യത ഉയർന്നത്. എന്നാൽ മുസ്ലിം മതനേതാക്കളും പ്രാദേശിക രാഷ്ട്രീയപ്രതിനിധികളും ഇസ്ലാമിക സെമിനാരി വിദ്യാർഥികളും സ്ഥലത്തെത്തി ജനക്കൂട്ടത്തെ ശാന്തരാക്കുകയും, പോലീസ് സമഗ്ര അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെ സ്ഥിതി നിയന്ത്രണവിധേയമായി.
പാകിസ്ഥാനിലെ കത്തോലിക്കാ കമ്മീഷൻ ഫോർ പീസ് ആൻഡ് ജസ്റ്റിസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നയീം യൂസഫ് ഗിൽ, മതാന്തര സഹകരണത്തിന്റെ ഈ മാതൃക സ്വാഗതാർഹമാണെന്ന് പ്രതികരിച്ചു. അതേസമയം, മതനിന്ദാ ആരോപണങ്ങൾ ഉയരുമ്പോഴെല്ലാം ക്രൈസ്തവ സമൂഹം ഇപ്പോഴും സുരക്ഷാഭീതിയിലാണ് കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതാന്തര സംവാദങ്ങൾ ശക്തിപ്പെടുത്തുകയും പൊതുജന ബോധവത്കരണ പരിപാടികൾ സർക്കാർ വ്യാപിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട ഗിൽ, ജരൺവാല, ഗോജ്ര തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം ഒന്നിച്ചുനിൽക്കേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു.

