മദര്‍ ഏലീശ്വ: ഹൃദയമാകുന്ന വിളക്കില്‍ സ്നേഹത്തിന്റെ എണ്ണ കരുതിയവള്‍
സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ സിടിസി
കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മ്മലീത്ത സന്ന്യാസിനിയും ആയ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ ദിനം ആണ് 2026 ജൂലൈ 18. യേശുനാഥന്റെ വചനങ്ങള്‍ സ്വജീവിതത്തില്‍ ഫലമണിയിച്ചവരാണ് വിശുദ്ധര്‍. ദൈവവചനം ഇരുതലമൂര്‍ച്ചയുള്ള വാളാണ്. ആ വാള് ദൈവത്തിന്റെ രാജ്യത്തിന് ചേരാത്ത ലോകത്തിന്റെ മായാമോഹങ്ങളാകുന്ന കാടും പടലും വെട്ടിനീക്കുവാന്‍ നാം അനുവദിക്കണം. ദൈവം മനുഷ്യന്റെ സ്വതന്ത്രമനസ്സിനെ പരിഗണിക്കുന്നതിനാല്‍ ദൈവത്തിന്റെ വചനത്തിന്റെ ഫലപ്രാപ്തിക്കായി അടിയറവ് പറയേണ്ടത് ഏറ്റവും അത്യാവശ്യമാണ്. മദര്‍ ഏലീശ്വയുടെ ജീവിതത്തില്‍ ഈ ദൈവവചനം ഫലമണിഞ്ഞത് ഈ വചനത്തിന് മുന്പില് അടിയറവ് വച്ചതിനാലാണ്.
മദര്‍ ഏലീശ്വയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും കൈയ്യെഴുത്തുപ്രതികളും വിശകലനം ചെയ്യുമ്പോള്‍ നമുക്ക് മനസ്സിലാവുക, ഏലീശ്വാമ്മ പരിശുദ്ധാത്മാവിന്റെ വെളിച്ചത്തില്‍ അതിസ്വഭാവികതലം കണ്ട് ഗ്രഹിച്ചതുകൊണ്ടാണ് ലൗകിക സമ്പത്തിനോടും ലോക സുഖങ്ങളോടും അതീവ വിരക്തി പുലര്‍ത്തിയതും ലൗകിക സമ്പത്തിന്റെ ക്ഷണികതയെക്കുറിച്ച് പഠിപ്പിക്കുന്നതും. യേശുനാഥന്റെ പ്രബോധനങ്ങളുടെ തനിമ സ്വജീവിതത്തില്‍ അനുഭവിച്ച് ആ പ്രബോധനങ്ങളുടെ ചൂളയില്‍ ജീവിതം സ്ഫുടം ചെയ്ത് സുവിശേഷ മൂല്യങ്ങളുടെ അന്തസത്തയായ പരിത്യാഗത്തിന്റെയും പരസ്നേഹത്തിന്റെയും വിരക്തിയുടെയും പ്രഭ ജീവിതം മുഴുവനും സംവഹിച്ച് സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഒരു ഉപമയായി ഏലീശ്വാമ്മ മാറി.

പത്തു കന്യകമാരുടെ ഉപമയും മദര്‍ ഏലീശ്വയുടെ പ്രബോധനങ്ങളും
സുവിശേഷത്തില്‍ നാം പത്തു കന്യകമാരുടെ ഉപമ വായിക്കുന്നു. വിവേകമതികളായ കന്യകമാര്‍ വിളക്കുകളോടൊപ്പം എണ്ണയും എടുത്തിരുന്നു. മദര്‍ ഏലീശ്വ തന്റെ മക്കളെ ഈ ഉപമ വിശദീകരിച്ചു പഠിപ്പിക്കുന്നു. അമ്മ പറയുന്നു:’വിവേക ശൂന്യകളായ കന്യകമാരും മണവാളനെ എതിരേല്ക്കാന് നിയോഗിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ അവര്‍ എണ്ണ കരുതിയില്ല. വരും വരായ്മകളെക്കുറിച്ച് ചിന്തയില്ലാത്ത, വേണ്ടത്ര ഒരുക്കമില്ലാതെ ഉറങ്ങിക്കഴിഞ്ഞിരുന്ന അവര്‍ തിരസ്ക്കരിക്കപ്പെട്ടു.’ നാം വിശ്വാസത്തിന്റെ വിളക്കില്‍ സ്നേഹത്തിന്റെ എണ്ണ കരുതണമെന്ന് ഏലീശ്വാമ്മ ഉപദേശിച്ചു. ഏലീശ്വാമ്മ വിശ്വാസത്തിന്റെ വാതില്‍ ദൈവത്തിലേക്ക് സദാ തുറന്നുവയ്ക്കുകയും ജാഗ്രതയോടെ ദൈവത്തിന് പ്രഥമ സ്ഥാനം നല്കി ഹൃദയത്തില്‍ സ്നേഹത്തിന്റെ എണ്ണ നിറച്ച് ദിവ്യനാഥനുമായി താദാത്മ്യപ്പെടാന്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. ഏലീശ്വാമ്മ പറയുന്നു:”കന്യാസ്ത്രീകള്‍ പുണ്യവതികളാകുന്നതിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗങ്ങള്‍ തന്നെ അവലംബിക്കണം. കൂദാശകള്‍ കൂടെക്കൂടെ കൈകൊള്ളണം, ധാരാളം ധ്യാനിക്കണം. ആധ്യാത്മീകവും ബാഹ്യവുമായ ആശയടക്കങ്ങളും തപസും ചെയ്യണം. നിന്ദാപമാനങ്ങളെ സ്വീകരിക്കണം, ദാരിദ്ര്യത്തെ സ്നേഹിക്കണം. ചുരുക്കത്തില്‍ ദൈവത്തെ പ്രസാദിപ്പിക്കാനായി എന്തെല്ലാം ചെയ്യാനാവും എന്ന് നിരന്തരം ചിന്തിക്കണം. അതിനായി ലോകത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങണം’. ‘ഒരു കന്യാസ്ത്രീ വിശുദ്ധയും ഈശോമിശിഹായുടെ യഥാര്‍ത്ഥ മണവാട്ടിയും ആയി തീരണമെങ്കില്‍, കന്യാസ്ത്രീ ആയതുകൊണ്ടുമാത്രമായില്ല; വിവേകമുള്ള കന്യാസ്ത്രീ ആകണം; ഹൃദയമാകുന്ന വിളക്കില്‍ വേണ്ടത്ര എണ്ണ ഉണ്ടായിരിക്കുകയും വേണം. മണവാളന്റെ നേരെയുള്ള സ്നേഹാഗ്നി കെട്ടുപോകാതെ നിരന്തരം കത്തിക്കൊണ്ടിരിക്കുവാന്‍ ഈ എണ്ണ ആവശ്യമാണ്. സുവിശേഷത്തില്‍ പ്രതിപാദിക്കപ്പെടുന്ന വിവേകരഹിതകളായ കന്യകകള്‍ ജാഗ്രത ഇല്ലാതെ പോയതിനാല്‍, വിവാഹവിരുന്നിന് മണവാളന് ആഗതനായപ്പോള്‍ അവര്‍ എണ്ണ വാങ്ങാന്‍ പോയിരുന്നു. പിന്നീട് വന്ന് അകത്തു പ്രവേശിക്കുവാന്‍ തുനിഞ്ഞപ്പോള്‍ ‘നിങ്ങളെ ഞാന്‍ അറിയുകയില്ല’ എന്നു പറഞ്ഞ് മണവാളന് അവരെ പുറത്താക്കി. അവര്‍ പുറന്തള്ളപ്പെട്ടത് അവരുടെ അനാസ്ഥ മൂലം മാത്രമാണ്. രക്ഷിതാവിന്റെ യഥാര്‍ത്ഥ മണവാട്ടിയാകുവാന്‍ ആഗ്രഹിക്കുന്ന കന്യാസ്ത്രീക്ക് ഈ ഭൂമിയില്‍ ഉണ്ടായിരിക്കേണ്ട ഏക ആഗ്രഹവും ചിന്തയും ഈശോമിശിഹായെ സ്നേഹിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കണം’.
അതിസ്വാഭാവിക ദര്‍ശനം
മദര്‍ ഏലീശ്വായുടെ അതിസ്വാഭാവിക ദര്‍ശനം അമ്മയുടെ വാക്കുകളില്‍ വളരെ വ്യക്തമാണ്: ‘സുവിശേഷകനായ വിശുദ്ധ യോഹന്നാന് വെളിപാടിന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഈശോയുടെ മണവാട്ടികള്‍ ആ ചെമ്മരിയാട്ടിന്‍കുട്ടിയെ എല്ലായിടത്തും പിന്‍ചെല്ലുന്നു. ചെമ്മരിയാട്ടിന്കുട്ടിയായ ഈശോമിശിഹായാകട്ടെ ഈ ഭൂമിയില്‍ സന്തോഷങ്ങളുടേയും ബഹുമാനങ്ങളുടേയും വഴിയേയല്ല നടന്നത്; പ്രത്യുത ദുഃഖങ്ങളുടേയും വ്യാകുലങ്ങളുടേയും നിന്ദാപമാനങ്ങളുടേയും വഴിയേ അത്രെ. അതുകൊണ്ടാണ് വിശുദ്ധരായ കന്യാസ്ത്രികള്‍ സകല കഷ്തതകളേയും നിന്ദനങ്ങളേയും സ്നേഹിച്ചതും പീഢനങ്ങളേയും മരണത്തെയും സസന്തോഷം സ്വീകരിച്ചതും’. കാര്‍മ്മലിന്റെ പരുക്കന്‍ പാതയിലൂടെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടിയെ ഏറ്റവും അടുത്ത് അനുഗമിച്ച് ദൈവൈക്യത്തിന്റെ ഉന്നതിയിലേക്ക് ധീരതയോടെ നടന്നു കയറിയ മദര്‍ ഏലീശ്വ തന്റെ ഇഹലോകജീവിതത്തില്‍ ദിവ്യനാഥനുമായുള്ള ഐക്യം മാത്രം ആഗ്രഹിച്ചു. അതിനായി എല്ലാം സമര്‍പ്പിക്കാന്‍ അവള് തയ്യാറായി. ഈശോയുടെ തിരുഹൃദയമാണ് ഏറ്റവും സുരക്ഷിതമായ സങ്കേതം എന്ന് അവള് ആവര്‍ത്തിച്ചു. ആ തിരുഹൃദയത്തില്‍ ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിയില്‍ ജ്വലിക്കാന്‍ അവള് ആഗ്രഹിച്ചു. ധ്യാനനിര്‍ലീനതയില്‍ അവള് അനുഭവിച്ചിരുന്ന നിശബ്ദത നിത്യസൗഭാഗ്യത്തിലെ പരിശുദ്ധമായ നിശബ്ദതയുടെ തുടക്കം എന്നാണ് ഏലീശ്വമ്മ പറയുന്നത്. കാര്‍മ്മലില്‍ സമൃദ്ധമായി പ്രവഹിച്ചിരുന്ന ദൈവൈക്യത്തിന്റെ സ്നേഹനിര്ത്സരി ആവോളം പാനംചെയ്ത് ഒരു പ്രവാഹമായി മാറിയിരുന്ന ഏലീശ്വാമ്മ ആ പ്രവാഹത്തിന്റെ പരിശുദ്ധി ഒളിമങ്ങാതെ വരുംതലമുറയ്ക്ക് കൈമാറി നല്കി. പുണ്യ വഴികളിലൂടെ മുന്നേറിയ മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ ആഘോഷത്തില്‍ എത്തി നില്ക്കുമ്പോള് സ്നേഹത്തിന്റെ എണ്ണ ഹൃദയത്തില്‍ നിറച്ച് പ്രകാശമായി വര്ത്തിക്കുവാനുള്ള കൃപയ്ക്കായി നമുക്കും അമ്മയുടെ മാധ്യസ്ഥം തേടാം.

