വാഷിംഗ്ടൺ ഡി.സി: കിഴക്കൻ ആഫ്രിക്കയിൽ രൂക്ഷമായ ഭക്ഷ്യ-പോഷകാഹാര പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ കാത്തലിക് റിലീഫ് സർവീസസിന് (CRS) 235 ദശലക്ഷം ഡോളർ (ഏകദേശം 2,000 കോടി രൂപ) അനുവദിച്ച് അമേരിക്കൻ ഭരണകൂടം. യുഎസ് കൃഷി വകുപ്പാണ് (USDA) ഈ സഹായം അനുവദിച്ചത്.
സുഡാനും എത്യോപ്യയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനായാണ് പുതിയ ധനസഹായം വിനിയോഗിക്കുക. ഇതിന്റെ ഭാഗമായി അമേരിക്കയിൽ ഉൽപ്പാദിപ്പിച്ച 1,10,000 മെട്രിക് ടണ്ണിലധികം കാർഷിക ഉൽപ്പന്നങ്ങൾ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ, യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവരിലേക്കാണ് സർക്കാർ വിഭവങ്ങൾ എത്തിക്കുന്നതെന്ന് യുഎസ് വ്യാപാര-വിദേശ കാർഷികകാര്യങ്ങളുടെ ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി മിഷേൽ ബെക്കറിംഗ് പറഞ്ഞു.
നികുതിദായകരുടെ പണം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുന്നതിനൊപ്പം, ദീർഘകാല ആശ്രിതത്വം സൃഷ്ടിക്കുന്നതിനുപകരം സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് സഹായ പദ്ധതികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ലോകമെമ്പാടുമുള്ള ദുരന്തനിവാരണ-മാനുഷിക സേവനരംഗത്ത് സജീവമായ കാത്തലിക് റിലീഫ് സർവീസസിന് കഴിഞ്ഞ ജൂണിൽ എത്യോപ്യ, ഹെയ്തി, നൈജീരിയ, സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 240 മില്യൺ ഡോളർ അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ 235 ദശലക്ഷം ഡോളറിന്റെ പുതിയ സഹായവും പ്രഖ്യാപിച്ചിരിക്കുന്നത്.

