പാരീസ്: ഫ്രാന്‍സില്‍ ദയാവധത്തിനും പരസഹായത്തോടെയുള്ള ആത്മഹത്യയ്ക്കും നിയമസാധുത നല്കുന്ന വിവാദ ബില്ലില്‍ ഇന്ന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്ലിയില്‍ നിര്‍ണായക വോട്ടെടുപ്പ് നടക്കും. രാജ്യത്തിന്റെ നിയമ-ധാര്‍മ്മിക രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് വിലയിരുത്തപ്പെടുന്ന ബില്ലിനെതിരെ കത്തോലിക്കാ സഭയും വിവിധ ആരോഗ്യ സംഘടനകളും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
ഫ്രഞ്ച് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ ബില്‍ ആവര്‍ത്തിച്ച് നിരസിക്കപ്പെട്ടിരുന്നെങ്കിലും, ഭരണഘടനയിലെ പ്രത്യേക വ്യവസ്ഥ പ്രയോഗിച്ചാണ് സര്‍ക്കാര്‍ അന്തിമ തീരുമാനത്തിനായി ബില്‍ നാഷണല്‍ അസംബ്ലിക്ക് മുന്നിലെത്തിച്ചത്. മുന്‍പ് അധോസഭയില്‍ ഭൂരിപക്ഷ പിന്തുണ ലഭിച്ച സാഹചര്യത്തില്‍ ബില്‍ ഇന്ന് പാസാകുമെന്ന പ്രതീക്ഷയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്.ബില്‍ നിയമമായാല്‍, സുഖപ്പെടുത്താനാകാത്ത മാരകരോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന ചില രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ജീവന് അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ നിയമപരമായി അനുവദിക്കപ്പെടും.
രോഗിക്ക് സ്വയം മരുന്ന് ഉപയോഗിക്കാനോ, പ്രത്യേക സാഹചര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം ലഭിക്കാനോ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം, രോഗികളുടെ വേദന കുറയ്ക്കാനുള്ള മാര്‍ഗം ജീവന് അവസാനിപ്പിക്കല്‍ അല്ലെന്നും, പാലിയേറ്റീവ് പരിചരണവും മാനുഷിക ചികിത്സയും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും കത്തോലിക്കാ സഭ ആവര്‍ത്തിച്ചു വ്യക്തമാക്കി. ദയാവധം നിയമവിധേയമാകുന്നത് ആരോഗ്യരംഗത്തും സമൂഹത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സഭയുടെയും ആരോഗ്യവിദഗ്ധരുടെയും മുന്നറിയിപ്പ്.
ഇതിനിടെ, ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുന്ന കത്തോലിക്കാ ജനപ്രതിനിധികള്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അര്‍ഹതയില്ലെന്ന് ഫ്രഞ്ച് ബിഷപ് മാര്‍ക്ക് ഐലെറ്റ് മുന്നറിയിപ്പ് നല്കി. സഭയുടെ അടിസ്ഥാന ധാര്‍മ്മിക പഠനങ്ങള്‍ക്ക് വിരുദ്ധമായി പൊതുവേദിയില്‍ നിലപാട് സ്വീകരിക്കുന്നത് സഭാപരമായ ഐക്യത്തെ ബാധിക്കുന്ന ഗുരുതരമായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

