കൊച്ചി: ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി ദേവാലയ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.എൽ.സി.എ. പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ആവേശപൂർണമായി. എട്ട് ബ്ലോക്കുകൾ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തു.
ഫൈനലിൽ അർജന്റീനയെ പ്രതിനിധീകരിച്ച ഒന്നാം ബ്ലോക്ക് ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച ആറാം ബ്ലോക്കിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. ഇംഗ്ലണ്ട് റണ്ണറപ്പായി.
വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സഹവികാരിമാരായ ഫാ. അലൻ ആന്റണിയും ഫാ. അനു ജോസഫും ചേർന്ന് വിതരണം ചെയ്തു.

ടൂർണമെന്റിന്റെ ആദ്യഘട്ട മത്സരങ്ങളിൽ ജർമ്മനിയെ പ്രതിനിധീകരിച്ച നാലാം ബ്ലോക്ക് ബ്രസീലിനെ പ്രതിനിധീകരിച്ച എട്ടാം ബ്ലോക്കിനെ തോൽപ്പിച്ച് സെമിയിലെത്തി. അർജന്റീനയെ പ്രതിനിധീകരിച്ച ഒന്നാം ബ്ലോക്ക് ക്രൊയേഷ്യയെ പ്രതിനിധീകരിച്ച മൂന്നാം ബ്ലോക്കിനെയും, ഫ്രാൻസിനെ പ്രതിനിധീകരിച്ച അഞ്ചാം ബ്ലോക്ക് സ്പെയിനിനെ പ്രതിനിധീകരിച്ച ഏഴാം ബ്ലോക്കിനെയും, ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച ആറാം ബ്ലോക്ക് പോർച്ചുഗലിനെ പ്രതിനിധീകരിച്ച രണ്ടാം ബ്ലോക്കിനെയും പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് മുന്നേറി.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സഹവികാരി ഫാ. അലൻ ആന്റണിയുടെ നേതൃത്വത്തിൽ അൾത്താര ബാലന്മാരുടെ സൗഹൃദ മത്സരവും സംഘടിപ്പിച്ചു. തുടർന്ന് കമ്മിറ്റി അംഗങ്ങൾക്കായി പെനാൽറ്റി ഷൂട്ടൗട്ടും നടത്തി.

