ജോസഫ് ജൂഡ്
കോറോ ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ കേരളത്തിലെ തൊഴില്‍മേഖലയാകെ ഞെട്ടിയിരിക്കുകയാണ്. ഒരു മുന്നറിയിപ്പു പോലും കൊടുക്കാതെ ജീവനക്കാരെ പിരിച്ചുവിട്ടത് വ്യക്തമാക്കുന്നത് പുതിയ ലേബര്‍ കോഡ് രാജ്യത്തുണ്ടാക്കാന്‍ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാണ് കൂട്ടപിരിച്ചുവിടല്‍ എന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ പുതിയ ലേബര്‍ കോഡ് കേരളം നടപ്പാക്കിയിട്ടില്ലെന്ന് നിയമവിദഗ്ദരും തൊഴിലാളി യൂണിയനുകളും വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോറോ ഹെല്‍ത്ത് കമ്പനി. ഇതോടെ 800നു മുകളില്‍ ജീവനക്കാര്‍ തൊഴില്‍രഹിതരാകും. ഈ സന്ദര്‍ഭത്തിലാണ് പുതിയ ലേബര്‍ കോഡ് സംബന്ധിച്ച വിശകലനം പ്രസക്തമാകുന്നത്.
തൊഴിലാളികളുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുകയും, ചൂഷണരഹിതവും സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമായ ഒരു തൊഴില്‍ക്രമം ഉറപ്പാക്കുകയുമാണ് ഏതൊരു ജനാധിപത്യ രാജ്യത്തെയും തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യം. രാജ്യത്തിന്റെ കൊളോണിയല്‍ ഭരണകാലം മുതല്‍ ദശാബ്ദങ്ങളായുള്ള പോരാട്ടങ്ങളിലൂടെയും ഭരണഘടനാ വ്യവസ്ഥകളിലൂടെയും കെട്ടിപ്പടുത്തതാണ് ഇന്ത്യയിലെ തൊഴിലാളി സംരക്ഷണ ചട്ടക്കൂട്. എന്നാല്‍, നിലവിലുള്ള കേന്ദ്ര തൊഴില്‍നിയമങ്ങള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാല് പുതിയ തൊഴില്‍ കോഡുകള്‍ ഇന്ത്യയുടെ വ്യവസായ-തൊഴില്‍ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിതുറന്നിരിക്കുകയാണ്. കേരളത്തില്‍ കോറോ ഹെല്‍ത്ത് പിരിച്ചുവിടല്‍ ഒരു തുടക്കം മാത്രമാകാന്‍ സാധ്യതയുണ്ട്. നിയമങ്ങള്‍ ലളിതമാക്കാനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും ഈ പരിഷ്കരണങ്ങള്‍ സഹായിക്കുമെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും, നിലവിലുണ്ടായിരുന്ന തൊഴിലാളി സുരക്ഷയും അവകാശങ്ങളും ഇത് വലിയ തോതില്‍ ദുര്‍ബലപ്പെടുത്തുമെന്നാണ് ട്രേഡ് യൂണിയനുകളും തൊഴില്‍ നിയമ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.
ചരിത്ര പശ്ചാത്തലം
ഇന്ത്യയിലെ തൊഴില്‍നിയമങ്ങളുടെ ചരിത്രം ബ്രിട്ടനിലെ വ്യവസായ വിപ്ലവത്തോടും കൊളോണിയല്‍ ഭരണത്തോടും ബന്ധപ്പെട്ടിരിക്കുന്നു. 1870-കളില്‍ ഇന്ത്യയില്‍ ആധുനിക വ്യവസായങ്ങള്‍ വളര്‍ന്നതോടെ തൊഴിലാളി സംരക്ഷണത്തിനായി 1881-ല്‍ ആദ്യത്തെ ഫാക്ടറീസ് ആക്ട് നിലവില്‍ വന്നു. ബ്രിട്ടീഷ് ഉല്‍പ്പാദകരുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടായിരുന്നെങ്കിലും, ഈ നിയമം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കുന്നതിനുള്ള തുടക്കമായി മാറി. ജോലി സമയ നിയന്ത്രണം, ബാലവേല നിരോധനം, ഓവര്‍ടൈം വേതനം തുടങ്ങിയ സുപ്രധാന തത്വങ്ങള്‍ ഇതിലൂടെ അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന്, ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളുടെ സമരങ്ങളിലൂടെ തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ സമഗ്രമായി വികസിച്ചു.
1950-ല്‍ ഭരണഘടന നിലവില്‍ വന്നതോടെ തൊഴിലാളി സംരക്ഷണത്തിന് ശക്തമായ അടിത്തറ ലഭിച്ചു. സ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുച്ഛേദം 19), ചൂഷണത്തിനെതിരായ അവകാശം (അനുച്ഛേദങ്ങള്‍ 23, 24), തുല്യ ജോലിക്ക് തുല്യ വേതനം (അനുച്ഛേദം 39(ഡി)), നീതിയുക്തമായ തൊഴില്‍ സാഹചര്യങ്ങള്‍ (അനുച്ഛേദം 42), മാനേജ്മെന്റില്‍ തൊഴിലാളി പങ്കാളിത്തം (അനുച്ഛേദം 43എ) തുടങ്ങിയ ഭരണഘടനാ വ്യവസ്ഥകള്‍ ഇതിന് ഉദാഹരണങ്ങളാണ്.
പുതിയ നാല് തൊഴില്‍ കോഡുകള്‍
ഭരണഘടനയുടെ സംയുക്ത പട്ടികയില്‍ (Concurrent List) ഉള്‍പ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തൊഴില്‍ നിയമ നിര്‍മ്മാണത്തിന് അധികാരമുണ്ട്. 1919-ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യനീതിയും ത്രികക്ഷി സംവാദ പാരമ്പര്യവും ഇന്ത്യയും പിന്തുടര്ന്നിരുന്നു. എന്നാല്‍, സമീപകാലത്ത് കേന്ദ്ര സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന കേന്ദ്ര തൊഴില്‍നിയമങ്ങള്‍ റദ്ദാക്കി അവയെ നാല് സമഗ്ര കോഡുകളായി സംയോജിപ്പിച്ചു: വേതന കോഡ്, 2019, വ്യവസായ ബന്ധ കോഡ്, 2020, സാമൂഹിക സുരക്ഷാ കോഡ്, 2020, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച കോഡ്, 2020 എന്നിവയാണവ.
നിയമപരമായ ചട്ടക്കൂട് ലളിതമാക്കാനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും ഡിജിറ്റലൈസേഷനിലൂടെ നിയമപാലനം മെച്ചപ്പെടുത്താനുമാണ് ഈ പരിഷ്കരണമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, നിലവിലുണ്ടായിരുന്ന തൊഴിലാളി സംരക്ഷണങ്ങളെ ഇവ ദുര്‍ബലപ്പെടുത്തുമെന്ന് ട്രേഡ് യൂണിയനുകള്‍ വാദിക്കുന്നു. നാല് കോഡുകളും പാര്‍ലമെന്റ് പാസാക്കിയെങ്കിലും, സംസ്ഥാന തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇവ രാജ്യവ്യാപകമായി പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വന്നിട്ടില്ല.
ത്രികക്ഷി സമവായത്തിന്റെ അഭാവം
ഇന്ത്യയില്‍ സുപ്രധാന തൊഴില്‍പരിഷ്കരണങ്ങളില്‍ സര്‍ക്കാര്‍, തൊഴിലുടമകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവര്‍ക്കിടയില്‍ സമവായം രൂപപ്പെടുത്തിയിരുന്നത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് (ഐഎല്‍സി) വഴിയായിരുന്നു. ഡോ. ബി. ആര്. അംബേദ്കറുടെ നേതൃത്വത്തില്‍ ശക്തിപ്പെട്ട ഈ ത്രികക്ഷി ആലോചനാ സംവിധാനത്തിന്റെ 46-ാമത് സമ്മേളനം 2015-ലാണ് അവസാനമായി നടന്നത്. ഈ പ്രധാന വേദിയെ അവഗണിച്ചാണ് പുതിയ തൊഴില്‍ കോഡുകള്‍ രൂപീകരിച്ചതെന്ന ശക്തമായ വിമര്‍ശനം ട്രേഡ് യൂണിയനുകള്‍ ഉന്നയിക്കുന്നു.
പ്രധാന ആശങ്കകള്‍: പിരിച്ചുവിടലും തൊഴില്‍ സുരക്ഷയും
പുതിയ ‘വ്യവസായ ബന്ധ കോഡ്, 2020’ പ്രകാരം, തൊഴിലാളികളെ ലേ-ഓഫ് ചെയ്യാനും പിരിച്ചുവിടാനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടിവരുന്ന പരിധി 100 തൊഴിലാളികളില്‍ നിന്ന് 300 ആയി ഉയര്‍ത്തി. ഇത് വലിയൊരു വിഭാഗം തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. ആശയപരമായി ഭരണകക്ഷിയോട് ചേര്‍ന്നുനില്‍ക്കുന്ന ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം ഈ വ്യവസ്ഥകളെ ഒരേസ്വരത്തില്‍ എതിര്‍ക്കുന്നു എന്നത് ഈ ആശങ്കയുടെ ആഴം വ്യക്തമാക്കുന്നു.
ജനാധിപത്യ സമൂഹത്തില്‍ ഇത്തരം അടിസ്ഥാനപരമായ തൊഴില്‍പരിഷ്കരണങ്ങള്‍ സുതാര്യമായ കൂടിയാലോചനകളുടെയും അര്‍ഥപൂര്‍ണമായ സാമൂഹിക സംവാദത്തിന്റെയും യഥാര്‍ഥ ത്രികക്ഷി സമവായത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടേണ്ടതാണ്. അതിനാല്‍, നിലവിലുള്ള ത്രികക്ഷി സ്ഥാപനങ്ങളെ, പ്രത്യേകിച്ച് ഇന്ത്യന്‍ ലേബര്‍ കോഫറന്സിനെ, അവഗണിക്കുതിനുപകരം പുനരുജ്ജീവിപ്പിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
രാഷ്ട്രതന്ത്രജ്ഞനായ ജോ ഫില്പോട്ട്കരന്റെ പ്രസംഗത്തിലെ ആശയമായ ‘നിത്യജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില’ എന്ന പ്രസിദ്ധമായ ചൊല്ല് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ജനാധിപത്യപരമായ തൊഴില്‍സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും ഒരുപോലെ പ്രസക്തമാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഒരിക്കല്‍ നേടിയാല്‍ മതിയാകുന്ന നേട്ടങ്ങളല്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ തൊഴില്‍വ്യവസ്ഥ നിലനിര്‍ത്തുന്നതിനും നിരന്തരമായ ജാഗ്രതയും ജനാധിപത്യപരമായ ഇടപെടലും അനിവാര്യമാണ്. തലമുറകളുടെ സമരഫലമായി നേടിയെടുത്ത തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ തൊഴിലാളികളും ട്രേഡ് യൂണിയനുകളും പൗരസമൂഹവും നിരന്തര ജാഗ്രത പുലര്‍ത്തണം. നിത്യജാഗ്രതയിലൂടെയാണ് സ്വാതന്ത്ര്യവും നീതിയും സാമൂഹിക സുരക്ഷയും നിലനില്‍ക്കുന്നത്; അതാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ കരുത്തും അടിത്തറയും.

