ലോക വ്യാപാര സംഘടനയുടെ മത്സ്യസബ്സിഡി കരാറില്‍ ഇന്ത്യ ഒപ്പു വച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും രാജ്യത്തിന്റെ മത്സ്യമേഖലയുടെ വികസനത്തെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ആവശ്യപ്പെട്ടു.
2026 ജൂലൈ 20 ന് ലോക വ്യാപാര സംഘടനയുടെ മത്സ്യസബ്സിഡി കരാര്‍ ഔദ്യോഗികമായി ഇന്ത്യ അംഗീകരിക്കുകയും അംഗീകാരരേഖ ലോക വ്യാപാര സംഘടനയുടെ ഡയറക്ടര്‍ ജനറലിന് ഇന്ത്യയുടെ വാണിജ്യകാര്യ സെക്രട്ടറി ജനീവയില്‍ സമര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ കരാര്‍ അംഗീകരിക്കുന്ന 123-ാമത്തെ അംഗരാജ്യമായി ഇന്ത്യ മാറി. ഈ സാഹചര്യത്തില്‍, കരാറിന്റെ വ്യവസ്ഥകള്‍ നടപ്പാക്കുമ്പോള്‍ ഇന്ത്യയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും രാജ്യത്തിന്റെ മത്സ്യമേഖലയുടെ വികസനത്തെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ചെയര്മാന് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടര്‍ ഡോ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
സമുദ്ര മത്സ്യവിഭവങ്ങളുടെ സുസ്ഥിരമായ പരിപാലനവും സമുദ്രവിഭവങ്ങളുടെ സുസ്ഥിര സംരക്ഷണവും അനധികൃത മത്സ്യബന്ധനം തടയുന്നതും ലോകസമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വമാണെങ്കിലും, ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി രൂപീകരിക്കുന്ന അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങള്‍ വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും ചരിത്രപരമായ വ്യത്യാസങ്ങളും വികസനനിലവാരവും ഉപജീവന യാഥാര്‍ത്ഥ്യങ്ങളും പരിഗണിച്ചായിരിക്കണം. കേരളത്തിലെ മത്സ്യമേഖല പ്രധാനമായും പരമ്പരാഗതവും ചെറുകിടതോതിലുള്ളതുമാണ്. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇന്ധനസഹായം, ബോട്ട് നവീകരണം, സുരക്ഷാ ഉപകരണങ്ങള്‍, മത്സ്യബന്ധന തുറമുഖ വികസനം, ശീതീകരണ-സംഭരണ സൗകര്യങ്ങള്‍, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്നിവ സര്‍ക്കാര്‍ പിന്തുണയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്.
2020 മുതല്‍ നടപ്പിലാക്കിയിട്ടുള്ള മത്സ്യമേഖലയുടെ വികസനം ലക്ഷ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെയും സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന സബ്സിഡി ഉള്‍പ്പടെയുള്ള ധനസഹായങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ട് ലഭിക്കാതെ വരും. ഇന്ത്യ ലോക വ്യാപാര സംഘടനയുടെ കരാറിന്റെ വ്യവസ്ഥകളുടെ ഭാഗമായി ഇത്തരം സഹായങ്ങള്‍ നിയന്ത്രിക്കപ്പെടുകയാണെങ്കില് അതിന്റെ ഏറ്റവും വലിയ ആഘാതം കേരളം ഉള്‍പ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി കള്‍ക്കായിരിക്കും.
ഈയിടെയാണ് ആഗോള മത്സ്യമേഖലയില്‍ ആഴക്കടല്‍ മത്സ്യബന്ധനം, ട്യൂണ മത്സ്യബന്ധനം, ആഴക്കടല്‍ മത്സ്യബന്ധനം, നീല സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത്. മറുവശത്ത്, വികസിത രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി വന്‍തോതില്‍ സര്‍ക്കാര്‍ സബ്സിഡികളുടെ പിന്തുണയോടെ സമുദ്രവിഭവങ്ങള്‍ ചൂഷണം ചെയ്ത് ആഗോള മത്സ്യവിപണിയില്‍ ആധിപത്യം സ്ഥാപിച്ചവരാണ്. അതിനാല്‍, വികസനത്തിന്റെ തുടക്കഘട്ടത്തിലുള്ള ഇന്ത്യയെ അതേ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുന്നത് നീതിപൂര്‍വ്വകമല്ല.
ഇന്ത്യ കരാര്‍ അംഗീകരിച്ച സാഹചര്യത്തില്‍, ഭാവിയിലെ ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ ശക്തമായി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ചെറുകിടവും പരമ്പരാഗതവുമായ മത്സ്യബന്ധനത്തിന് ആവശ്യമായ സര്‍ക്കാര്‍ സഹായങ്ങളെ ‘ഹാനികരമായ സബ്സിഡി’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള നയതന്ത്ര ഇടപെടല്‍ ശക്തിപ്പെടുത്തണം. സുസ്ഥിര മത്സ്യബന്ധനവും പരിസ്ഥിതി സംരക്ഷണവും അനിവാര്യമാണ്. എന്നാല്‍ അത് സാമൂഹ്യനീതിയും ഉപജീവനസുരക്ഷയും വികസനാവകാശവും ഉറപ്പാക്കുന്ന ചട്ടക്കൂടിനുള്ളിലായിരിക്കണം, ‘കടൽ’ ചൂണ്ടിക്കാട്ടി.

