കൊച്ചി: പരിസ്ഥിതിസംരക്ഷണം എക്കാലവും കത്തോലിക്കാസഭയുടെ അടിസ്ഥാനസാമൂഹിക പ്രബോധനങ്ങളുടെ ഭാഗമാണ്. എന്നാല്‍ ലോക പൈതൃക പ്രദേശ പദവിയുമായി ബന്ധപ്പെട്ട സ്ഥാപിത താല്‍പ്പര്യങ്ങളും ചില കമ്മീഷന് റിപ്പോര്‍ട്ടിലെ പിഴവുകളും കര്‍ഷകരെയും കുടിയേറ്റ ജനതയെയും ആദിവാസി സമൂഹങ്ങളെയും പരിസ്ഥിതി വിരുദ്ധരാക്കിയുള്ള വ്യാഖ്യാനങ്ങളും സമീപനങ്ങളും തിരുത്തുകയും മനുഷ്യ കേന്ദ്രീകൃത പരിസ്ഥിതി സംരക്ഷണമെന്ന നയം ഭരണകൂടം സ്വീകരിക്കുകയും ചെയ്യണമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി ആവശ്യപ്പെട്ടു.
2026 ജൂലൈ 27 ന് പുറത്തിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനത്തിലും ആദ്യ കരട് വിജ്ഞാപനത്തിലെ വസ്തുതകള്‍ ആവര്‍ത്തിക്കപ്പെട്ടത് മലയോര ജനതയെ ആശങ്കയിലകപ്പെടുത്തിയിരിക്കുന്നു. മലയോരകര്ഷകര്ക്കും ആദി വാസിസമൂഹങ്ങള്ക്കും സ്വസ്ഥമായി ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ തുരങ്കംവയ്ക്കുന്ന പിഴവുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തിരുത്തേണ്ടതാണ്.വനംവകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന വനമേഖലയെയും സംരക്ഷിത മേഖലകളെയും മാത്രം ഉള്‍പ്പെടുത്തി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും കര്‍ഷക സംഘടനകളെയും പൊതുജനങ്ങളെയും വിശ്വാസത്തിലെടുത്ത് ഇഎസ്എയുടെ പുതുക്കിയ മാപ്പും കൃത്യമായ വിസ്തീര്‍ണ്ണവും ഉള്‍പ്പെടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നും ഇ.എസ്.എ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നും കേരള സര്‍ക്കാരിനോട് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു.

