വത്തിക്കാൻ: മാനവികതയുടെ മൂല്യങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സംഭാഷണത്തിന്റെയും കൂടിക്കാഴ്ചകളുടെയും വേദികൾ സൃഷ്ടിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. സെപ്റ്റംബർ 21-ന് വത്തിക്കാനിലെ സാംസ്കാരിക-വിദ്യാഭ്യാസ ഡിക്കസ്റ്ററി സന്ദർശിച്ച പാപ്പ, ജീവനക്കാരുമായും സഹകാരികളുമായും കൂടിക്കാഴ്ച നടത്തി.പ്രാദേശിക സമയം രാവിലെ 11.30-ഓടെ ഡിക്കസ്റ്ററിയുടെ ഓഫീസിലെത്തിയ പാപ്പായെ പ്രീഫെക്ട് കർദിനാൾ ഹോസെ തൊലെന്തീനോയും സെക്രട്ടറിമാരായ മോൺസിഞ്ഞോർ പോൾ ടിഗെയും മോൺസിഞ്ഞോർ കാർലോ മരിയ പോൾവാനിയും ചേർന്ന് സ്വീകരിച്ചു.
ഡിക്കസ്റ്ററിയിലെ ചാപ്പലിൽ അൽപ്പസമയം പ്രാർത്ഥിച്ച പാപ്പ, തുടർന്ന് ജീവനക്കാരെയും സഹകാരികളെയും അഭിവാദ്യം ചെയ്തു.സഭയ്ക്കും ലോകത്തിനുമായി ഡിക്കസ്റ്ററി നിർവഹിക്കുന്ന ദൈനംദിന സേവനങ്ങളെ അഭിനന്ദിച്ച പാപ്പ, കത്തോലിക്കാ വിദ്യാഭ്യാസം, സാംസ്കാരിക പ്രവർത്തനങ്ങൾ, കല, കായികം തുടങ്ങിയ മേഖലകളിലൂടെ കൂടുതൽ കൂടിക്കാഴ്ചകൾക്കും സംവാദങ്ങൾക്കും അവസരമൊരുക്കണമെന്ന് പറഞ്ഞു. മാനുഷിക മൂല്യങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനുള്ള ആഗോള ഭാഷയായി ഈ മേഖലകളെ മാറ്റിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
റോമൻ കൂരിയയുടെ പ്രവർത്തനം സഭയുടെ അടിസ്ഥാന സന്ദേശമായ വിശ്വാസം കൈമാറുന്നതിനുള്ള വിലപ്പെട്ട ഉപകരണമാണെന്നും പാപ്പാ അനുസ്മരിച്ചു. ഡിക്കസ്റ്ററിയിലെ ജീവനക്കാർക്കും സഹകാരികൾക്കും അപ്പസ്തോലിക ആശീർവാദം നൽകിയാണ് പാപ്പാ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

