ജെയിംസ് അഗസ്റ്റിൻ
അത്ഭുതപ്രവർത്തനത്താൽ
സുപ്രസിദ്ധനാം വിശുദ്ധനേ
പാദുവായിലെ അന്തോണിയേ
പാരിതിൽ കൃപ ചൊരിയണേ
ഉണ്ണിയെ വഹിച്ചീടുന്ന
ധന്യമാം കരങ്ങളാലെ
വിണ്ണിലെ അനുഗ്രത്തെ
മണ്ണിലെങ്ങും പൊഴിക്കണേ
ജീവിതവ്യഥകളാലേ
ഭൂമിയിൽ വലഞ്ഞീടുന്നോർ
നിൻപദാംബുജം നമിച്ചീടാൻ
അൻപോടെ കൃപ ചൊരിയണേ
വിശുദ്ധ അന്തോണീസിന്റെ നൊവേന കേന്ദ്രങ്ങളിൽ പതിറ്റാണ്ടുകളായി നാനാജാതി മതസ്ഥരായ ലക്ഷങ്ങൾക്ക് ആശ്വാസമേകുന്ന ഗാനം. കലൂരിലും ചെട്ടിക്കാടും പതിറ്റാണ്ടുകളായി വിശുദ്ധ അന്തോണീസിന്റെ നൊവേനയിൽ പങ്കുചേരുന്ന ആയിരങ്ങളുടെ ഹൃദയത്തിനുള്ളിൽ നിന്നും ഉയരുന്ന ഈ ഗാനം എഴുതിയിട്ട് 55 വർഷമാകുന്നു. ഇപ്പോൾ വിശുദ്ധ അന്തോണീസിന്റെ നൊവേന ചൊല്ലുന്ന അനേകം പള്ളികളിൽ, വിദേശങ്ങളിൽ പോലും ഈ ഗാനമാണ് ആലപിക്കാറുള്ളത്. കലൂരിലെ നൊവേന കേന്ദ്രത്തിൽ ചൊവ്വാഴ്ച്ചകളിൽ ഏഴും ചെട്ടിക്കാട് ആറും നൊവേനകളാണ് വൻ ജനപങ്കാളിത്തത്തോടെ സമർപ്പിക്കപ്പെടുന്നത്.അൻപതു വർഷങ്ങളുടെ കണക്കെടുത്താൽ ഈ ഗാനം ആലപിച്ചവരുടെ എണ്ണം എത്രയോ കോടികൾ വരും? എണ്ണമില്ലാത്ത വിശ്വാസികൾ ഏകസ്വരത്തിൽ പാടിയ ഈ ഗാനത്തിന്റെ പിറവിയുടെ കഥ സംഗീതം നൽകിയ ജോർജ് നിർമൽ പറയുന്നു,
‘1969 -ൽ മാമംഗലം പള്ളിയിൽ സി.സി. ജോസ് എഴുതിയ വേലിത്തറ എന്ന നാടകം ഞങ്ങൾ അവതരിപ്പിച്ചു. ഈ നാടകത്തിൽ ഒരു കവിത പാരായണം ചെയ്യുന്ന രംഗം ഞങ്ങൾ കൂട്ടിച്ചേർത്തു. കവിത എഴുതിയത് നാടകരചയിതാവായ സുഹൃത്ത് സോളമൻ ജോസഫായിരുന്നു, ‘വർണമോഹനപുഷ്പമേ വർണശാലയിൽ വന്നു നീ’ എന്നു തുടങ്ങുന്ന ആ കവിതയ്ക്കു ഞാൻ നൽകിയ ഈണം അന്നു കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും ഇഷ്ടപ്പെട്ടു. ആ ദിവസങ്ങളിൽത്തന്നെയാണ് കലൂർ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ നൊവേനയ്ക്കായി ഒരു പാട്ട് വേണമെന്ന് ഞങ്ങളോട് ആവശ്യപ്പെടുന്നത്. നാടകത്തിലെ കവിതയ്ക്കായി ഒരുക്കിയ ഈണം നല്ലതാണെന്നും വരികൾ മാറ്റി എഴുതിയാൽ മതിയെന്നും ഞങ്ങൾ തീരുമാനിച്ചു. സോളമൻ ജോസഫ് തന്നെ ‘അത്ഭുതപ്രവർത്തനത്താൽ’ എന്നു തുടങ്ങുന്ന വരികൾ എഴുതുകയായിരുന്നു. ഗായകൻ ഫ്രഡി പള്ളൻ ഈ ഗാനം എല്ലാ നൊവേനകേന്ദ്രങ്ങളിലും പ്രചരിപ്പിക്കുന്നതിനു കാരണമായി. ഇന്നും അനേകായിരങ്ങൾ ഈ ഗാനം ആലപിക്കുമ്പോൾ ഇതിനു സംഗീതം നൽകാൻ കഴിഞ്ഞത് വലിയ ദൈവാനുഗ്രഹമായി കാണുകയാണ്’.
കൊച്ചി രൂപതയിലെ പെരുമ്പടപ്പ് ഇടവകാംഗമായ ജോർജ് നിർമൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഇടവക ദേവാലയത്തിലെ ഗായകസംഘത്തിലൂടെയാണ് സംഗീതലോകത്ത് പ്രവർത്തനം ആരംഭിക്കുന്നത്. കൊച്ചിൻ നാടകവേദി,കോട്ടയം വിശ്വഭാരതി,കൊച്ചിൻ സംഘമിത്ര,ആലപ്പുഴ അർഷരൂപ തീയേറ്റേഴ്സ് തുടങ്ങിയ അനേകം നാടകസംഘങ്ങളോടൊപ്പം പ്രവർത്തിച്ചു. 1974-ൽ കുമ്പളങ്ങി സെന്റ്.ജോർജ് സ്കൂളിൽ സംഗീതാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.നാനൂറിലധികം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. വിശുദ്ധ ജോൺ പോൾ പാപ്പ കളമശ്ശേരിയിൽ വിശുദ്ധബലിയർപ്പിച്ചപ്പോൾ ജോർജ് നിർമൽ സംഗീതം നൽകിയ ‘പൂന്തേൻ വഴിയും വാണികളാൽ’ എന്ന ഗാനം ആലപിച്ചിട്ടുണ്ട്.’ആബേലിൻ കാഴ്ച്ചയും അബ്രഹാമിൻ ബലിയും’ എന്നു തുടങ്ങുന്ന കാഴ്ചവയ്പ്പ് ഗാനം എഴുതി സംഗീതം നൽകിയതും ജോർജ് നിർമലാണ്.
കൊച്ചി രൂപതയ്ക്കു വേണ്ടി സങ്കീർത്തനങ്ങൾക്ക് സംഗീതം നൽകി റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇപ്പോഴും സംഗീതരംഗത്ത് സജീവമാണ് ജോർജ് നിർമൽ എന്ന അദ്ധ്യാപകൻ.
വരാപ്പുഴ അതിരൂപതയിലെ ബോൾഗാട്ടി ഇടവകാംഗമാണ് സോളമൻ ജോസഫ്.കൊച്ചിൻ നാടകവേദിക്കു വേണ്ടി എഴുതിയ നാടകങ്ങളിലൂടെ പ്രശസ്തനാണ് സോളമൻ ജോസഫ്. നിരവധി നാടകങ്ങളും നാടകഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുള്ള സോളമൻ ജോസഫ് കെ.എൽ.സി.എ.യുടെ സംസ്ഥാന സമിതി അംഗമായും വരാപ്പുഴ അതിരൂപത ഘടകത്തിന്റെ ജനറൽ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. വല്ലാർപാടം പള്ളിയുടെ ചരിത്രം ഗാനരൂപത്തിൽ ചിത്രീകരിച്ചപ്പോൾ എല്ലാ ഗാനങ്ങളും എഴുതിയത് സോളമൻ ജോസഫായിരുന്നു. എറണാകുളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന നാടകസംഘങ്ങൾക്കു വേണ്ടി നാടകങ്ങൾ എഴുതി നൽകി യുവകലാകാരന്മാരെ അരങ്ങിലെത്തിക്കാൻ സോളമൻ ജോസഫ് പരിശ്രമിച്ചിട്ടുണ്ട്.സി.എ.സി. നിർമ്മിച്ച് മനോരമ മ്യൂസിക് വിപണിയിൽ എത്തിച്ച ആത്മദാനം എന്ന കസെറ്റിൽ ‘കാഹളമൂതുക വാനവരേ മംഗളമോതുക മാനവരേ’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് സോളമൻ ജോസഫാണ്. എൽഡ്രിഡ്ജ് ഐസക്സ് ഈണം നൽകിയ ഈ ഗാനം പാടിയത് ജെൻസിയും കെസ്റ്ററും ചേർന്നാണ്. സോളമൻ ജോസഫ് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.
നാനാജാതിയിൽപ്പെട്ട അനേകലക്ഷങ്ങളെ വിശുദ്ധ അന്തോണീസിലേക്ക് അടുപ്പിച്ച ഈ ഗാനത്തിന്റെ സൃഷ്ടാക്കളെ നമുക്ക് നന്ദിയോടെ ഓർക്കാം.

