ശരത് വെണ്‍പാല
വിശ്വാസം എന്നത് പള്ളിക്കുള്ളിലെ കുമ്പസാരക്കൂട്ടിലോ ബലിക്കല്ലിലോ അവസാനിക്കുന്ന ഒന്നല്ല. അത് തെരുവിലെ അനീതിക്കെതിരെ വിരല്‍ചൂണ്ടുന്ന കരുത്താവണമെന്ന് സഭ പഠിപ്പിക്കുന്നു. ‘ജനാധിപത്യത്തിന്റെ കശാപ്പുകാര്‍’ വാഴുന്ന കാലത്ത്, സഭാമക്കള്‍ക്ക് വെറുമൊരു കാഴ്ചക്കാരനാകാന്‍ കഴിയില്ല. സഭാ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിക്കുന്ന നടപടി സഭയുടെ തന്നെ പ്രബോധനങ്ങളുമായി എങ്ങനെ പൊരുത്തപ്പെടും എന്ന ചോദ്യം പ്രസക്തമാണ്. ‘ഗ്രാവിസ്സിമം എദുകാസിയോണിസ്’ പറയുന്നത് വിദ്യാഭ്യാസം പൗരബോധമുള്ള വ്യക്തികളെ സൃഷ്ടിക്കാനാവണം എന്നാണ്. ജനാധിപത്യത്തിന്റെ കശാപ്പുകാരെ തിരിച്ചറിയാന്‍ സഭാമക്കള്‍ക്ക് കഴിയണം. സഭയുടെ പഠനരേഖകള്‍ പള്ളിക്കുള്ളിലെ പ്രാര്‍ഥനകള്‍ക്കപ്പുറം, നിയമസഭകളിലും തെരുവുകളിലും നീതിയുടെ കാവല്വിളക്കുകളായി മാറണം. അല്ലാത്തപക്ഷം, ചരിത്രം നമ്മോട് ചോദിക്കും: ‘കാവല്ക്കാരാ, രാത്രി ഇത്രയേറെ കടുത്തിട്ടും നീ എന്തേ ഉറങ്ങിപ്പോയി?’
ഏദോമിനെക്കുറിച്ചുള്ള അരുളപ്പാട്: സെയറില്‍ നിന്ന് ഒരുവന് എന്നോടു വിളിച്ചു ചോദിക്കുന്നു: കാവല്ക്കാരാ, എത്രാംയാമമായി; രാത്രി ഇനി എത്രയുണ്ട്?
ഏശയ്യാ 21 : 11
മുന്മൊഴി
കേരളം ഒരു തിരഞ്ഞെടുപ്പ് മാമാങ്കത്തെ അഭിമുഖികരിക്കാന്‍ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയുടെ തെക്കേ മുനമ്പ് എന്നും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാണ്. എല്ലാ മുന്നണികളും വാഗ്ദാനങ്ങളുടെ പെരുമഴയുമായി രംഗത്തുണ്ട്.
ഒരു പദപ്രശ്നം
ജനാധിപത്യം (Democracy) എന്ന വാക്ക് ഗ്രീക്ക് പദങ്ങളായ ‘Demos’ (ജനം), ‘Kratos’ (ഭരണം) എന്നിവയില്‍ നിന്നാണ് ഉണ്ടായത്. ജനങ്ങളെല്ലാം ഭരിക്കാത്തതുകൊണ്ട് ജനപ്രതിനിധി ഭരണമെന്ന വാക്കാണ് ഈ ഭരണസംവിധാനത്തിന് ചേരുന്നത് എന്നൊരു പക്ഷമുണ്ട്.
ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ഏഥന്‍സിലെ തെരുവുകളില്‍ സ്വതന്ത്രമനുഷ്യര്‍ വിതച്ച വിത്തായിരുന്നു ജനാധിപത്യം. രാജാവിന്റെ ദൈവീകാവകാശത്തെ വെല്ലുവിളിച്ച് സാധാരണക്കാരന് തലയുയര്‍ത്തി നിന്ന ചരിത്രം. ഏഥന്‍സിലാണ് നേരിട്ടുള്ള ജനാധിപത്യം ആദ്യമായി പരീക്ഷിക്കപ്പെട്ടത്.
മാഗ്നകാര്‍ട്ടയും കത്തോലിക്കസഭയും
ലോകചരിത്രത്തിലെയും ജനാധിപത്യത്തിന്റെ വികാസത്തിലെയും ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് മാഗ്നകാര്‍ട്ട (Magna Carta). 1215ല്‍ ഇംഗ്ലണ്ടില്‍ വെച്ചാണ് ഇത് ഒപ്പിടുന്നത്.
ലത്തീന്‍ ഭാഷയില്‍ ‘മാഗ്നകാര്‍ട്ട’ എന്നാല്‍ ‘മഹത്തായ ചാര്‍ട്ടര്‍’ (Great Charter) എന്നാണ് അര്‍ത്ഥം. ഇംഗ്ലണ്ടിലെ രാജാവായിരുന്ന കിംഗ് ജോണും അവിടത്തെ പ്രഭുക്കന്മാരും (Barons) തമ്മിലുണ്ടാക്കിയ ഒരു ഉടമ്പടിയാണിത്.
കിംഗ് ജോണ്‍ ഒരു ജനപ്രിയനായ ഭരണാധികാരിയായിരുന്നില്ല. അദ്ദേഹം പല കാരണങ്ങളാല്‍ പ്രഭുക്കന്മാരുടെ എതിര്‍പ്പ് നേരിട്ടു:അമിതമായ നികുതി,ഏകാതിപത്യം, സഭയുമായുള്ള തര്‍ക്കം തുടങ്ങിയവ നിമിത്തം പ്രഭുക്കന്മാര് രാജാവിനെതിരെ ആയുധമെടുത്തു. ആഭ്യന്തരയുദ്ധം ഒഴിവാക്കാനായി 1215 ജൂണ്‍ 15-ന് തേംസ് നദീതീരത്തെ റണ്ണിമീഡ് എന്ന സ്ഥലത്തുവെച്ച് രാജാവിന് ഈ കരാറില്‍ ഒപ്പിടേണ്ടി വന്നു.
‘ആര്‍ക്കും ഞങ്ങള്‍ നീതി നിഷേധിക്കില്ല, നീതി വൈകിപ്പിക്കില്ല, നീതി വില്‍ക്കില്ല’ എന്നതായിരുന്നു ഇതിലെ പ്രധാന വാഗ്ദാനം.
ജനാധിപത്യത്തിന്റെ മുന്നേറ്റം
ആധുനിക ജനാധിപത്യം പെട്ടെന്നുണ്ടായ ഒന്നല്ല. അത് നൂറ്റാണ്ടുകളായുള്ള പോരാട്ടങ്ങളുടെ ഫലമാണ്. 1776ല്‍ അമേരിക്കന്‍ വിപ്ലവകാലത്ത് ‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ എന്ന മുദ്രാവാക്യം, ഭരണാധികാരികള്‍ ജനങ്ങളോട് മറുപടി പറയണമെന്ന തത്വം ഉറപ്പിച്ചു. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വിജയം പണക്കാരനും പാവപ്പെട്ടവനും സ്ത്രീക്കും പുരുഷനും തുല്യമായ സാര്‍വത്രിക വോട്ടവകാശം ലഭിച്ചപ്പോഴാണ്.
ജനധിപത്യത്തിന്റെ കശാപ്പുകാര്‍
രാഷ്ട്രമിമാംസകര് പറയുന്ന കശാപ്പുകാര്‍ ഇവയാണ. ചരിത്രപാഠങ്ങളും സമകാലിക രാഷ്ട്രീയചിത്രങ്ങളും ഇതു ശരി വയ്ക്കുന്നു
- പ്രജാപതി പ്രപ്പഗണ്ട
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വന്തം മുഖം മിനുക്കുന്ന ‘രക്ഷക’ന്മാരുടെ കാലമാണിത്. ഭരണാധികാരിയല്ല, മറിച്ച് ഒരു ‘അവതാരപുരുഷന്’ കാരണഭൂതന്” തുടങ്ങിയ ബിംബങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. വിയോജിക്കുന്നവരെ ‘ദേശവിരുദ്ധരോ വികസന വിരോധി’കളോ ആയി മുദ്രകുത്തുന്ന ഈ പി.ആര് തന്ത്രം ജനാധിപത്യത്തെ ഒരു വിനോദസഞ്ചാര ബ്രോഷര്‍ പോലെ സുന്ദരമാക്കുന്നു; ഉള്ളില്‍ ജനാധിപത്യം ശ്വാസം മുട്ടി മരിക്കുമ്പോഴും! ഇടക്കിടെ ചാതുര്‍വര്‍ണ്യത്തിന്റെ രണ്ടാം തട്ടിലെ ക്ഷത്രിയ പരമ്പരകളുടെ ഗീര്‍വാണങ്ങള്‍ പറഞ്ഞു രാജഭരണം മതിയായിരുന്നു എന്നു ജനത്തെ ബോധ്യപ്പെടുത്താന്‍ രാജാവിന്റെ ഉപനാരികളേക്കാള് രാജഭക്തിയുള്ള പിആര്‍ ഗ്രൂപ്പുകളും അതിനു പണം മുടക്കുന്ന രാജകുടുംബങ്ങളും കേരളത്തിലുണ്ട.്
പാര്‍ട്ടിക്കുള്ളില്‍ പോലും ജനാധിപത്യമില്ല. പാര്‍ട്ടിയുടെ പ്രസിഡന്റ് വല്യപ്പൂപ്പന്, ജനറല്‍ സെക്രട്ടറി അപ്പൂപ്പന്, ഹൈ കമാന്‍ഡ് അമ്മൂമ്മ, ഖജാന്‍ജി അമ്മേടെ ആങ്ങള, പാര്‍ട്ടിവക്താവ് യുവജന നേതാവ് മകന് എന്നിട്ട് ഉള്‍പാര്‍ട്ടി ജനാധിപത്യം എന്ന വിഷയത്തില്‍ പഠനശിബിരം പോരെ പൂരം! ഈ തിരഞ്ഞെടുപ്പില്‍ ”അപ്പന്റെ മക്കള്‍ ”എത്ര പേര് മത്സരിക്കുമെന്നറിയാമോ?
2 ഏകാധിപതികള്‍
”അധികാരം ദുഷിപ്പിക്കുന്നു, പൂര്‍ണാധികാരം പൂര്‍ണമായും ദുഷിപ്പിക്കുന്നു ”എന്ന് പറഞ്ഞത് റസ്സോയാണ്. ഫാസിസം ഒരു രോഗമായി മാറിയപ്പോള്‍ വേഷം മാറിയ ഏകാധിപതികള്‍ ബാലറ്റിലൂടെ അധികാരത്തിലേറി ഭരണഘടനയെത്തന്നെ കീറിപൊളിക്കും തോമസ് ജഫേഴ്സണ്‍ പറഞ്ഞതുപോലെ, ‘ഭരണകൂടം ജനങ്ങളെ ഭയപ്പെടുമ്പോള്‍ അത് സ്വേച്ഛാധിപത്യമാണ്.’ ഇന്ന് അന്വേഷണ ഏജന്‍സികളും പൊലീസും നിയമവ്യവസ്ഥയും ഭരണാധികാരിയുടെ സ്വകാര്യ സൈന്യമായി മാറുമ്പോള്‍, ജനാധിപത്യം വെറും ഒരു വാക്കു മാത്രമായി ചുരുങ്ങുന്നു.
- സൈനിക അട്ടിമറികള്‍
തോക്കിന്‍മുനയിലെ ജനവിധി
അയല്‍രാജ്യങ്ങളില്‍ നാം കാണുന്ന പട്ടാളച്ചിരികള് ജനാധിപത്യത്തിന്റെ ശവദാഹമാണ്. യൂണിഫോമിട്ടവര്‍ അധികാരം പിടിക്കുമ്പോള്‍ അവിടെ ആദ്യം മരിക്കുന്നത് സത്യമാണ്. ഇന്ത്യയില്‍ നേരിട്ടുള്ള പട്ടാളഭരണമില്ലെങ്കിലും, ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സൈനിക നിയമങ്ങള്‍ (എഫ്എസ്പിഎ പോലുള്ളവ) ഉപയോഗിക്കുന്നത് കശാപ്പിന്റെ മറ്റൊരു രൂപമാണ്. കറുപ്പിട്ടാല്‍ കാക്കിക്ക് കലിവരുന്ന കാലം !
- മതരാഷ്ട്രവാദികള്‍
ഒരു രാഷ്ട്രത്തിന്റെ വിശുദ്ധ പുസ്തകം അവിടത്തെ ഭരണഘടനയാണ് ;ശരിയത്ത് നിയമമോ മനുസ്മൃതിയോ അല്ല ഇന്ത്യയുടെ ഭരണഘടനയാണ് നമ്മുടെ ജനാധിപത്യത്തിനു കോട്ടയാവുന്നത് .ലോകത്തില്‍ മുസ്ലിം രാജ്യങ്ങളായി പ്രഖ്യാപിച്ച ഭൂരിപക്ഷ രാഷ് ട്രങ്ങളിലും ജനാധിപത്യ ക്രമമില്ല എന്നത് ഒര്‍ക്കണം.
സ്വര്‍ഗ്ഗരാജ്യത്തെ നരകരാഷ്ട്രീയം
മനുഷ്യന്റെ ദൈവവിശ്വാസത്തെ അധികാരത്തിന്റെ ചവിട്ടുപടിയാക്കുന്നവര്‍. ഭരണഘടനയേക്കാള്‍ പ്രാധാന്യം വേദഗ്രന്ഥങ്ങള്‍ക്കും മതചിഹ്നങ്ങള്‍ക്കും നല്‍കുന്നതിലൂടെ ഇവര്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയെ കശാപ്പുചെയ്യുന്നു. ദൈവത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നത് യഥാര്‍ത്ഥത്തില്‍ ദൈവത്തെയും ജനതയെയും ഒരേപോലെ വഞ്ചിക്കലാണ്.
- തീവ്രവാദികള്‍
വിനാശത്തിന്റെ വിത്തുപാകി ആയുധത്തിലൂടെ മാറ്റം കൊണ്ടുവരാമെന്ന് വിശ്വസിക്കുന്നവര്‍ ജനാധിപത്യത്തിന്റെ അന്തകരാണ്. ചര്‍ച്ചകള്‍ക്ക് പകരം വെടിയുണ്ടകള്‍ സംസാരിക്കുമ്പോള്‍ അവിടെ ജനങ്ങളുടെ ശബ്ദം നിലയ്ക്കുന്നു. റാഡിക്കല്‍ ഇടതുപക്ഷ നക്സലുകളും അവരെ പിന്തുണയ്ക്കുന്ന പുസ്തകങ്ങള്‍ എഴുതി സെലിബ്രിറ്റികള്‍ ആയ ”നഗര നക്സലുകളും ‘ ഓര്‍ത്തു വച്ചോളൂ, ഇന്നവര്‍ മറ്റു പലരെയും കൊന്നു തള്ളും ; നാളെ അവരുടെ ഇര നിങ്ങളാണ് !
- കോര്‍പ്പറേറ്റ് അജണ്ടകള്‍
ലേലം വിളിക്കപ്പെടുന്ന ഭരണം ജനാധിപത്യത്തിലെ അശ്ലീലമാണ്.
പണാധിപത്യം (Plutocracy) ഇന്ന് ജനാധിപത്യത്തിന്റെ തൊലിയുരിഞ്ഞു കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ എഴുതിക്കൊടുക്കുന്ന തിരക്കഥയ്ക്കനുസരിച്ച് ഭരണാധികാരികള്‍ ചുവടുവെക്കുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ മുതല്‍ കുതിരക്കച്ചവടം വരെ നീളുന്ന ഈ അവിശുദ്ധ കൂട്ടുകെട്ട് പാവപ്പെട്ടവന്റെ വോട്ടിനെക്കാള്‍ വില മതിക്കുന്നത് മുതലാളിയുടെ നോട്ടിനാണ്. എലോണ്‍ മസ്കും അദാനിയും അംബാനിയും വിരിക്കുന്ന റെഡ് കാര്‍പെറ്റിലൂടെ നടന്നു വിരുന്നിനു പോകുമ്പോള്‍ ഭരണാധികാരികള്‍ ഓര്‍ക്കുക
ഒരൂണും സൗജന്യം അല്ല.
- കമ്യൂണിസം-പാര്ട്ടിക്രസി
പാര്‍ട്ടിയെന്ന പരമാധികാരി ഭരിക്കും രാഷ്ട്രത്തെ.
പാര്‍ട്ടി തീരുമാനമാണ് ജനഹിതത്തേക്കാള്‍ വലുതെന്ന് വിശ്വസിക്കുന്ന അവസ്ഥ. കേരളത്തിന്റെ മണ്ണില്‍ നാം കാണുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ‘പാര്‍ട്ടി ഗ്രാമങ്ങളും’ ഈ പാര്ട്ടിക്രസിയുടെ വിഷഫലങ്ങളാണ്. വ്യക്തിയുടെ സ്വതന്ത്രചിന്തയെ പാര്‍ട്ടി അടിമത്തത്തിന് പണയം വെക്കുന്നവര്‍ ജനാധിപത്യത്തെ ഉള്ളില്‍ നിന്ന് നശിപ്പിക്കുന്നു. ഈ അധികാര ഗര്വിന് മുന്നില്‍ നില്‍ക്കുന്നത് കമ്യൂണിസം എന്ന പ്രത്യയശാസ്ത്രം തന്നെ. ഭൂമിയില്‍ അവശേഷിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണസവിധാനങ്ങള് ഒന്നും തന്നെ ജനാധിപത്യപരമല്ല എന്നത് പകല്‍ പോലെ സത്യം. ചൈനയും ജനാധിപത്യവും എന്നാരെങ്കിലും പറഞ്ഞാല്‍ ഒരു രാഷ്ട്രീയത്തിലെ കറുത്ത ഫലിതം ആയിരിക്കും.
വിശ്വാസിയും പൗരനും
ക്രിസ്തുവിന്റെ രാഷ്ട്രീയമാണ് വിശ്വാസിയായ പൗരന്റെ രാഷ്ട്രീയം ദൈവത്തിനുള്ളതു ദൈവത്തിന് സീസറിനുള്ളത് സീസറിന് സഭാമക്കള്‍ കേവലം ആത്മീയ മണ്ഡലത്തില്‍ മാത്രം ജീവിക്കേണ്ടവരല്ല, മറിച്ച് തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക പ്രക്രിയകളില്‍ സജീവമായി ഇടപെടേണ്ടവരാണെന്ന് ആധുനിക സഭ പഠിപ്പിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും തുടര്‍ന്നുവന്ന പാപ്പല്‍ രേഖകളും പൗരബോധത്തെ ഒരു ‘വിശുദ്ധ കടമ’യായാണ് വിശേഷിപ്പിക്കുന്നത്.
ലോകത്തോടുള്ള ഉത്തരവാദിത്തം ആണ് അതെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയായ ‘ഗൗദിയം എത് സ്പെസ്’ (സഭ ആധുനിക ലോകത്തില്‍) പൗരധര്‍മ്മത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു:
‘ഐഹിക കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ പ്രത്യേക ദൗത്യം തിരിച്ചറിയണം… പൗരബോധത്തോടും വിശ്വസ്തതയോടും കൂടെ പൊതുനന്മയ്ക്കായി സേവനം ചെയ്യാന്‍ അവര്‍ ബാധ്യസ്ഥരാണ്.’ (ജിഎസ്, 75)
‘ഒരു ജനാധിപത്യ സംവിധാനത്തിന്റെ മൂല്യം നിശ്ചയിക്കപ്പെടുന്നത് അത് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാലാണ്. സത്യത്തോടും നീതിയോടുമുള്ള ആദരവില്ലാത്ത ജനാധിപത്യം വേഷം മാറിയ ഏകാധിപത്യമായി (Open or thinly disguised Totalitarianism) മാറും.’ (ചെന്തെസിമസ് ആന്നുസ് 46)
‘രാഷ്ട്രീയം എന്നത് സ്നേഹത്തിന്റെ ഏറ്റവും മൂല്യമുള്ള രൂപങ്ങളില്‍ ഒന്നാണ്, കാരണം അത് പൊതുനന്മയെ ലക്ഷ്യം വെക്കുന്നു.’ ‘(ഫ്രത്തേല്ലി തൂത്തി’ 180)’നീതിയും സമാധാനവും പുലരുന്ന ഒരു ലോകത്തിനായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരന് ഒരു യഥാര്‍ത്ഥ സ്നേഹിതനാണ്. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ഉപവിയുടെ (Charity) ഉന്നതമായ രൂപമാണ്.’
‘(ഫ്രത്തേല്ലി തൂത്തി’ 186).
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ആരുടെ കൈയിലാണ് കത്തി?
കേരളം ഇന്ന് രാഷ്ട്രീയക്കച്ചവടത്തിന്റെ ചതുരംഗക്കളമാണ്. വികസനത്തിന്റെ തിളക്കമുള്ള മുദ്രാവാക്യങ്ങള്‍ക്കിടയില്‍ കടക്കെണിയും അഴിമതിയും വര്‍ഗീയ പ്രീണനങ്ങളും ഒളിച്ചുകടത്തപ്പെടുന്നു. ഒരു വോട്ടു ചെയ്യുന്നതിന് മുന്‍പ് ഓരോ മലയാളിയും ആലോചിക്കേണ്ടത്, നിങ്ങള്‍ വോട്ടു ചെയ്യുന്നത് ഒരു ജനകീയ ഭരണത്തിനാണോ അതോ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഒരു കശാപ്പുകാരനെ തിരഞ്ഞെടുക്കാനാണോ എന്നാണ്.
ക്യാമ്പസ് രാഷ്ട്രീയം: ഒരു പുനര്വിചാരം
വിശ്വാസം എന്നത് പള്ളിക്കുള്ളിലെ കുമ്പസാരക്കൂട്ടിലോ ബലിക്കല്ലിലോ അവസാനിക്കുന്ന ഒന്നല്ല. അത് തെരുവിലെ അനീതിക്കെതിരെ വിരല്‍ചൂണ്ടുന്ന കരുത്താവണമെന്ന് സഭ പഠിപ്പിക്കുന്നു. ‘ജനാധിപത്യത്തിന്റെ കശാപ്പുകാര്‍’ വാഴുന്ന കാലത്ത്, സഭാമക്കള്‍ക്ക് വെറുമൊരു കാഴ്ചക്കാരനാകാന്‍ കഴിയില്ല. സഭാ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിക്കുന്ന നടപടി സഭയുടെ തന്നെ പ്രബോധനങ്ങളുമായി എങ്ങനെ പൊരുത്തപ്പെടും എന്ന ചോദ്യം പ്രസക്തമാണ്. ‘ഗ്രാവിസ്സിമം എദുകാസിയോണിസ്’ പറയുന്നത് വിദ്യാഭ്യാസം പൗരബോധമുള്ള വ്യക്തികളെ സൃഷ്ടിക്കാനാവണം എന്നാണ്.
അച്ചടക്കത്തിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും പേരില്‍ സഭാസ്ഥാപനങ്ങളില്‍ നിന്ന് രാഷ്ട്രീയത്തെ പുറത്താക്കിയപ്പോള്‍ മറ്റു സമുദായങ്ങളുടെ ക്യാമ്പസ് രാഷ്ട്രീയം പറഞ്ഞു. സര്‍ക്കാര്‍ ക്യാമ്പസുകളില്‍ നിന്ന് നേതാക്കള്‍ ഉണ്ടായി, നഷ്ടം സഭാമക്കളായ യുവതയ്ക്ക്. ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ ലിസ്റ്റ് നോക്കൂ എത്ര കാതോലിക്ക യുവജന സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്? പേരിനു ഒരു സിറിയക് ചാഴികാടന്. രാഷ്ട്രീയം പഠിക്കാന്‍ സഭാപിതാക്കാന് ഉണ്ടാക്കിയ സംഘടനകളെ പല കാരണങ്ങള്‍ പറഞ്ഞ് ശിഥിലമാക്കിയപ്പോള്‍ നമുക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമില്ലാതെ ആയി. എങ്കിലും നമ്മുടെ എല്ലാ പരിപാടികളിലും എംഎല്‍എ മാരും എംപി മാരും മന്ത്രിമാരും വേണം താനും!
പിന്മൊഴി
”കാവല്കാരാ രാത്രി എത്രയായി? കേരളത്തെ കുറിച്ചുള്ള അരുളപ്പാട് :
ക്യാമ്പസുകളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും രാഷ്ട്രീയം പടിയടച്ചു പുറത്താക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ‘ബോധപൂര്‍വ്വമായ ഇരുട്ടിനെ’ കുറിച്ചുള്ള ചോദ്യമാണിത്. കേരളത്തിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ക്രൈസ്തവ ചിന്തകരും വിപ്ലവകാരികളും ഈ വാക്യം പലപ്പോഴും അധികാരവര്‍ഗ്ഗത്തോടുള്ള ചോദ്യമായി ഉപയോഗിക്കാറുണ്ട്. ഏശയ്യാ പ്രവാചകന്റെ ഈ ചോദ്യം ഇന്ന് കേവലം ഒരു ആത്മീയ സന്ദേശമല്ല; മറിച്ച് ജനാധിപത്യത്തിന്റെ ബലിപീഠത്തില്‍ നില്ക്കുന്ന ഓരോ പൗരന്റെയും ആകുലതയാണ്. അധികാരം ‘പ്രജാപതി’ ചമയുകയും, ഭരണഘടനയെ കശാപ്പുകാര്‍ വളയുകയും ചെയ്യുന്ന ഈ അര്‍ദ്ധരാത്രിയില്‍, ‘കാവല്ക്കാര്’ എന്ന് നാം വിശ്വസിച്ചവര്‍ എവിടെയാണ്?
രാത്രി എത്രയായി എന്ന ചോദ്യത്തിന് പ്രവാചകന് നല്കുന്ന മറുപടി ശ്രദ്ധേയമാണ്: ‘പ്രഭാതം വരുന്നു, രാത്രിയും വരുന്നു.’ പ്രകാശത്തിലേക്കുള്ള വഴി നീതിയുടേതാണ്, ഇരുട്ടിലേക്കുള്ള വഴി നിശബ്ദതയുടേതും. ജനാധിപത്യത്തിന്റെ കശാപ്പുകാരെ തിരിച്ചറിയാന്‍ സഭാമക്കള്‍ക്ക് കഴിയണം. സഭയുടെ പഠനരേഖകള്‍ പള്ളിക്കുള്ളിലെ പ്രാര്‍ഥനകള്‍ക്കപ്പുറം, നിയമസഭകളിലും തെരുവുകളിലും നീതിയുടെ കാവല്വിളക്കുകളായി മാറണം. അല്ലാത്തപക്ഷം, ചരിത്രം നമ്മോട് ചോദിക്കും: ‘കാവല്ക്കാരാ, രാത്രി ഇത്രയേറെ കടുത്തിട്ടും നീ എന്തേ ഉറങ്ങിപ്പോയി?’

