ജെക്കോബി
നാലാം വ്യവസായ വിപ്ലവം എന്നു വിശേഷിപ്പിക്കപ്പെടുന്ന നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് – എഐ) യുഗത്തില്‍, ദൈവിക ദാനമായ മനുഷ്യവ്യക്തിയുടെ മഹത്വത്തിന് പകരം വയ്ക്കാന്‍ ഒരു അല്ഗോരിതമിനും യന്ത്രത്തിനും കഴിയില്ലെന്നു പഠിപ്പിക്കുന്ന ലെയോ പതിനാലാമന്‍ പാപ്പായുടെ പ്രഥമ ചാക്രികലേഖനം ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ (മഹനീയ മാനവികത) ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന വേളയിലാണ് നമ്മുടെ കൊച്ചുകേരളം കാബിനറ്റ് തലത്തില്‍ എഐ വകുപ്പ് രൂപീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന ഖ്യാതി നേടുന്നത്. മനുഷ്യജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ആഴത്തില്‍ സ്വാധീനിക്കുന്ന സാങ്കേതികവിദ്യകള്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, മനുഷ്യാന്തസ്സ്, നീതി, തൊഴില്‍, കുടുംബബന്ധങ്ങള്‍, പൊതുനന്മ എന്നിവയുടെ കാര്യത്തില്‍ ഉയരുന്ന ആശങ്കകളെയും നൈതികവും സാമൂഹികവുമായ വെല്ലുവിളികളെയും നേരിടേണ്ടത് എങ്ങനെയെന്ന് ചിന്തിക്കാന്‍ ലെയോ പാപ്പായുടെ ചരിത്രപ്രധാനമായ ഈ സാമൂഹിക പ്രബോധന രേഖ നമ്മെ പ്രേരിപ്പിക്കുന്നു.
സംസ്ഥാനത്ത് എഐ അധിഷ്ഠിത ഡിജിറ്റല്‍ ഗവേണന്‍സ്, നയരൂപീകരണം, എഐ സംയോജനം, പുതുസാങ്കേതികവിദ്യകള്‍, നവീകരണം, ഗവേഷണം, വികസനം എന്നിവയില്‍ എഐ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, പൊതുഭരണം തുടങ്ങിയ മേഖലകളില്‍ എഐ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും. എഐ സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സാങ്കേതിക സഹകരണം എന്നിവയ്ക്കായുള്ള ഇക്കോസിസ്റ്റം വികസിപ്പിക്കും. ഭരണം, പൊതുസേവന വിതരണം, ഇന്നൊവേഷന് ആവാസവ്യവസ്ഥ എന്നിവയിലുടനീളം എഐയുടെ സ്വീകാര്യത ത്വരിതപ്പെടുത്താനായി രൂപകല്പന ചെയ്തിട്ടുള്ള മുന്‍നിര സംരംഭമാണ് കെ-എഐ (കേരളം – ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്). കെ-എഐ വെര്‍ച്വല്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. ഭരണമേഖലയിലെ എഐ വിദഗ്ധരെ ഉള്‍പ്പെടുത്തി കേരള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെര്‍ച്വല്‍ കേഡറും രൂപവത്കരിച്ചു. വിവിധ സേവനങ്ങള്‍ക്ക് ചാറ്റ്ബോട്ടുകള്‍, ലൈസന്‍സ് പുതുക്കുന്നതിന് അലര്‍ട്ട്, കുഴഞ്ഞുമറിഞ്ഞ ഡേറ്റ പഠിക്കാന്‍ എഐ ടൂള്‍ എന്നിങ്ങനെ ഭരണരംഗത്ത് നിരവധി എഐ ആപ്ലിക്കേഷനുകളുണ്ട്.
ഭരണം, വിദ്യാഭ്യാസം, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുസേവനങ്ങള്‍ എന്നീ മേഖലകളിലെ സംരംഭങ്ങളിലൂടെ കേരളം എഐ ആവാസവ്യവസ്ഥയില്‍ സജീവമായി നിക്ഷേപം നടത്തിവരികയാണ്. കേരള ടെക് എന്ന പുതിയ ബ്രാന്‍ഡ് നാമത്തില്‍ കേരളത്തിന്റെ വിവരസാങ്കേതിക മേഖലയ്ക്ക് പുതിയൊരു മുഖച്ഛായ സൃഷ്ടിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പിനെ ഐടി, ഫ്യൂച്ചര്‍ ടെക്നോളജീസ് ആന്‍ഡ് സ്റ്റാര്‍ട്ടപ്സ് വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. കേരള ഐടി മിഷന് ഇനി ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് മിഷന് ആകും. കേരള എഐ മിഷനെയും കേരള എമര്‍ജിംഗ് ടെക്നോളജീസ് മിഷനെയും ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് മിഷനില്‍ ഉള്‍പ്പെടുത്തി. ഡിജിറ്റല്‍ സാങ്കേതികവിദ്യയും എഐയും ഉപയോഗിച്ച് പൗരരുടെ അനുഭവത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് ഒരു ഡിജിറ്റല്‍ ഗവണ്മെന്റ് മോഡല്‍ സ്ഥാപിക്കും. പ്രാഥമിക തലം മുതല്‍ തന്നെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ എഐ അവതരിപ്പിക്കുകയും കോഡിംഗ് നടത്തുകയും ചെയ്യും. സംസ്ഥാനത്തിന്റെ ‘ഐടി വിഷന്‍ 2031’ ഒരു ദശലക്ഷം പൗരരെ എഐ സാങ്കേതികവിദ്യകള്‍ പരിശീലിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ആഗോള ടെക് ഭീമന്മാരെ ആകര്‍ഷിക്കാനായി എറണാകുളത്ത് (കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് 3) 25,000 കോടി രൂപ ചെലവില്‍ 300 ഏക്കര്‍ വിസ്തൃതിയുള്ള സംയോജിത എഐ ടൗണ്‍ഷിപ് വികസിപ്പിക്കാന്‍ പദ്ധതിയുണ്ട്. കൊച്ചിയില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഡിജിറ്റല്‍ ഹബ്ബില്‍ സ്ഥാപിക്കുന്ന ബയോ-എഐ സെന്റര്‍ ഓഫ് എക്സലന്‍സ് ‘തേജസ്വി’ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കേരളത്തിലെ പശ്ചിമഘട്ട ജൈവവൈവിധ്യം, ആയുര്‍വേദ പൈതൃകം, അത്യാധുനിക ജീനോമിക്സ് എന്നിവയെ ഒരുമിച്ചുകൊണ്ടുവരുന്നു. കാര്‍ഷിക സാങ്കേതികവിദ്യ, മയക്കുമരുന്ന് കണ്ടെത്തല്‍ തുടങ്ങിയ മേഖലകളില്‍ 20 പ്രൊപ്രൈറ്ററി ബൗദ്ധിക സ്വത്തവകാശ ആസ്തികള്‍ വികസിപ്പിക്കും, 40,000 സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്ക് 20 ശതമാനം വരുമാനം വര്‍ധിപ്പിക്കാനായി നിര്‍മിതബുദ്ധി ഉപകരണങ്ങള്‍ വിന്യസിക്കും, 48 ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യും, ബയോഇന്‍ഫോര്‍മാറ്റിക്സില്‍ 1,200 പ്രൊഫഷണലുകളെ പരിശീലിപ്പിക്കും. തിരുവനന്തപുരത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ ആരംഭിക്കുന്ന ജനറല്‍ പര്‍പ്പസ് എഐ-സിഒഇ പ്രായോഗിക എഐ ഗവേഷണം, വ്യവസായ-അക്കാദമിക സഹകരണം, മെന്റര്‍ഷിപ്, ഹൈടെക് ഹാക്കത്തോണ്‍ എന്നിവയ്ക്കുവേണ്ടിയുള്ളതാണ്.
കേരളത്തില്‍ എഐ മന്ത്രാലയം ആരംഭിച്ചതിനു പിന്നാലെ, തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ് മന്ത്രിസഭാ പുനഃസംഘടനയില്‍ എഐ വകുപ്പിന് പ്രത്യേക മന്ത്രിയെ നിയമിച്ചു. തമിഴ് വെര്‍ച്വല്‍ അക്കാദമി, തമിഴ് കംപ്യൂട്ടിങ് പ്രോജക്റ്റുകള്‍, തമിഴ് ഭാഷയില്‍ എഐ ടൂള്‍സും ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളും മറ്റുമായി പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന തമിഴ് ‘സൊവറിന്‍’ പ്രോജക്റ്റുകളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. പ്രധാന സാങ്കേതികവിദ്യയ്ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന ഡിജിറ്റല്‍ കോളനിയായി മാറരുതെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്.
എഐ, ഡിജിറ്റല്‍ നയപ്രഖ്യാപനത്തിലും സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും രാജ്യത്തെ വന്‍കിട ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ക്കു തന്നെ എഐ ഉയര്‍ത്തുന്ന വന്‍ സാമ്പത്തിക, സാമൂഹിക അപകടസാധ്യതകളെക്കുറിച്ചും, ദളിത് സമൂഹങ്ങള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെമേല്‍ എഐയുടെ അനിയന്ത്രിത പ്രത്യാഘാതങ്ങളെക്കുറിച്ചും കനത്ത ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ധാര്‍മ്മിക സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ചരിത്രപരമായ വിവേചനത്തെ ശക്തിപ്പെടുത്തുകയാണു ചെയ്യുക. റോബോട്ടിക് സാങ്കേതികവിദ്യയും നിര്‍മിതബുദ്ധിയും സൃഷ്ടിക്കാന്‍ ഇടയുള്ള തൊഴില്‍ അരക്ഷിതാവസ്ഥ, വിവരങ്ങളുടെ കൃത്രിമത്വം, സ്വകാര്യതാ ലംഘനങ്ങള്‍, പ്രത്യയശാസ്ത്രപരമായ പക്ഷപാതം, അസമത്വം, പൗരന്മാര്‍ക്കുമേലുള്ള നിരീക്ഷണം, അധികാരകേന്ദ്രീകരണം തുടങ്ങി നിരവധി സങ്കീര്‍ണ പ്രശ്നങ്ങളുണ്ട്. പൗരസമൂഹത്തെ സംരക്ഷിക്കാനല്ല, കോര്‍പറേറ്റ് വമ്പന്മാര്ക്ക് ലാഭം കൊയ്യുന്നതിന് സഹായകമായ നയഘടനയാണ് നിലവിലുള്ളത്. ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക് ഷന് ആക് ട്, ഡാറ്റാ പ്രൊട്ടക് ഷന് ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ആരോഗ്യ ഡാറ്റ പോലും സുരക്ഷിതമല്ല.
ആഗോളതലത്തില്‍ 40 ശതമാനം തൊഴിലവസരങ്ങളെയും എഐ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) പഠനരേഖയില്‍ പറയുന്നു. ഇന്ത്യയില്‍, എഐ 26 ശതമാനം ജോലികളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. താഴ്ന്ന വരുമാന ഗ്രൂപ്പുകളെയാണ് എഐ ഏറ്റവും ദോഷകരമായി ബാധിക്കുക. ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റത്തിന്റെ കാലഘട്ടത്തില്‍ ‘വ്യക്തമായ ഒരു ധാര്‍മ്മിക ദിശാസൂചകം’ ലെയോ പാപ്പായുടെ ചാക്രികലേഖനം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂല പറയുന്നു. നിര്‍മിതബുദ്ധിയുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് ‘ദരിദ്രരെയും യുവാക്കളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയും’ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ്സിനും നീതിക്കും തൊഴില്‍ മേഖലയ്ക്കും മുമ്പില്‍ ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ സഭ അഭിസംബോധന ചെയ്യുമെന്ന് പാപ്പായായി സ്ഥാനമേറ്റ് രണ്ടാം ദിവസം കര്‍ദിനാള്‍മാരുടെ സംഘത്തോട് ലെയോ പാപ്പാ പറയുകയുണ്ടായി. യൂറോപ്പില്‍ വ്യാവസായിക വിപ്ലവത്തിന്റെ കൊടുങ്കാറ്റിനിടെ 1891-ല്‍ ലെയോ പതിമൂന്നാമന്‍ പാപ്പാ തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനായി എഴുതിയ ‘റേരും നൊവാരും’ (പുതിയ കാര്യങ്ങളെക്കുറിച്ച്) എന്ന ചാക്രികലേഖനം ആധുനിക കാലത്തെ കത്തോലിക്ക സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാന പ്രമാണമായി മാറുകയായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ചയെയും സ്വകാര്യ മൂലധനത്തെയും അംഗീകരിക്കുമ്പോള്‍ തന്നെ, പണത്തിനായി ആര്‍ത്തിപൂണ്ട മനുഷ്യരുടെ ക്രൂരതകളില്‍ നിന്ന് നിസ്സഹായരായ തൊഴിലാളിവര്‍ഗത്തെ രക്ഷിക്കണമെന്ന് ഭരണകൂടങ്ങളോട് ആ പ്രമാണരേഖയില്‍ ആവശ്യപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിനു സദൃശമായ സാഹചര്യത്തിലാണ്, റേരും നൊവാരും പ്രസിദ്ധീകരിച്ചതിന്റെ 135-ാം വാര്‍ഷികത്തില്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പാപ്പാ ‘നിര്‍മിതബുദ്ധിയുടെ യുഗത്തില്‍ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ മുന്‍നിര്‍ത്തി തന്റെ പ്രഥമ ചാക്രികലേഖനത്തില്‍ ഒപ്പുചാര്‍ത്തിയത്.
ഫ്രാന്‍സിസ് പാപ്പായുടെ ‘ലൗദാത്തോ സീ’ ചാക്രികലേഖനം 2015-ല്‍ അവതരിപ്പിക്കപ്പെട്ടതിനു ശേഷം വത്തിക്കാനിലെ പുതിയ സിനഡ് ഹാളില്‍ നടന്ന ഏറ്റവും പ്രൗഢഭംഗീരമായ ചടങ്ങില്‍ ലെയോ പാപ്പായുടെ സാന്നിധ്യത്തിലായിരുന്നു ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ പ്രമുക്തി.
നിര്‍മിതബുദ്ധിക്ക് ഒരു ധാര്‍മ്മിക ചട്ടക്കൂട് നിര്‍വചിക്കുകയും അതിനെ ‘നിരായുധീകരിക്കുകയും,’ മാനവാന്തസ്സിന്റെ സേവനത്തിനും ദരിദ്രരുടെയും ദുര്‍ബലരുടെയും സംരക്ഷണത്തിനുമായി അതിനെ എടുത്തുകാട്ടുകയും ചെയ്യുക എന്ന മൗലിക സന്ദേശമാണ് ലെയോ പാപ്പാ ഇന്നത്തെ കലുഷിത കാലഘട്ടത്തിനു നല്‍കുന്നത്. ആധിപത്യത്തിന്റെയും ഒഴിവാക്കലിന്റെയും മരണത്തിന്റെയും ഉപകരണമാക്കി മാറ്റുന്ന യുക്തികളില്‍ നിന്ന് എഐയെ സ്വതന്ത്രമാക്കേണ്ടതുണ്ട്. എഐ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത സ്വയംഭരണ ആയുധ സംവിധാനങ്ങളില്‍ ഏറ്റവും കര്‍ശനമായ ധാര്‍മ്മിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അതില്‍ നിര്‍ദേശിക്കുന്നു. യുദ്ധത്തിനെതിരായ തന്റെയും വത്തിക്കാന്റെയും ദീര്‍ഘകാലത്തെ ചെറുത്തുനില്പ് അതിശക്തമായി തുടരുകയാണ് ലെയോ പാപ്പാ. ആയുധങ്ങളുടെ ഉപയോഗം സംബന്ധിച്ച എല്ലാ തീരുമാനങ്ങള്‍ക്കും എഐ അല്ല, മനുഷ്യരാണ് ഉത്തരവാദികളെന്ന് ഉറപ്പാക്കാനുള്ള സുരക്ഷാ നടപടികള്‍ വേണമെന്ന് പാപ്പാ നിര്‍ദേശിക്കുന്നു. ”ധാര്‍മ്മിക വിധിന്യായത്തെ കണക്കുകൂട്ടലിലേക്ക് ചുരുക്കാന്‍ കഴിയില്ല. മാരകമായതോ മറ്റ് വിധത്തില്‍ മാറ്റാനാവാത്തതോ ആയ തീരുമാനങ്ങള്‍ കൃത്രിമ സംവിധാനങ്ങളെ ഏല്‍പ്പിക്കുന്നത് അനുവദനീയമല്ല. ഒരു അല്‍ഗോരിതത്തിനും യുദ്ധത്തെ ധാര്‍മ്മികമായി സ്വീകാര്യമാക്കാന്‍ കഴിയില്ല.”
”ഇന്ന്, എക്കാലത്തേക്കാളും കൂടുതല്‍, ആത്മരക്ഷയ്ക്കുള്ള അവകാശത്തിന് കര്‍ശനമായ അര്‍ഥത്തില്‍ മുന്‍വിധികളില്ലാതെ, ഏതെങ്കിലും തരത്തിലുള്ള യുദ്ധത്തെ ന്യായീകരിക്കാന്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന ‘നീതിപൂര്‍വകമായ യുദ്ധം’ സിദ്ധാന്തം ഇപ്പോള്‍ കാലഹരണപ്പെട്ടതാണെന്ന് വീണ്ടും സ്ഥിരീകരിക്കേണ്ടത് പ്രധാനമാണ്.”
എഐയുടെ വികസനത്തിന് പിന്നിലെ അദൃശ്യമായ മനുഷ്യ ചൂഷണത്തിന്റെയും പരിസ്ഥിതിയുടെയും പാതയും പാപ്പാ എടുത്തുകാണിക്കുന്നു. എഐ വികസനത്തിന് ആവശ്യമായ ധാതുക്കള്‍ ശേഖരിക്കുന്നതിനായി കുട്ടികളെ ഖനികളിലേക്ക് വിടുന്നതു മുതല്‍, എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ജീവനക്കാരെ നിരീക്ഷിക്കുന്നതു വരെ, ‘മനപ്പൂര്‍വ്വം മറച്ചുവെച്ചിരിക്കുന്ന അടിമത്തത്തിന്റെ പുതിയ രൂപങ്ങളുടെ’ ഉയര്‍ച്ചയ്ക്ക് നാം സാക്ഷ്യം വഹിക്കുന്നു എന്ന് ലെയോ പാപ്പാ എഴുതി.
ഈ സന്ദര്‍ഭത്തില്‍, പുരാതന കാലം മുതല്‍ മധ്യകാലഘട്ടം വരെ, പതിനഞ്ചാം നൂറ്റാണ്ടില്‍ പേപ്പല്‍ അധികാരം യൂറോപ്യന്‍ രാജ്യങ്ങളെ ‘അവിശ്വാസികളെ’ കീഴ്പ്പെടുത്താനും അടിമകളാക്കാനും പ്രാപ്തരാക്കിയതുവരെയുള്ള അടിമത്തവുമായി ബന്ധപ്പെട്ട കത്തോലിക്കാ സഭയുടെ അസ്വസ്ഥമായ ചരിത്രത്തെക്കുറിച്ച് ലെയോ ചിന്തിക്കുന്നു. ”കര്‍ത്താവ് അനന്തമായി സ്നേഹിക്കുന്ന വ്യക്തികളെന്ന നിലയില്‍ അവരുടെ അളക്കാനാവാത്ത അന്തസ്സിനു വിരുദ്ധമായി, ഇത്രയധികം പേര് സഹിച്ച വലിയ കഷ്ടപ്പാടുകളും അപമാനങ്ങളും ചിന്തിക്കുമ്പോള്‍ ആഴമായ ദുഃഖം തോന്നാതിരിക്കുക അസാധ്യമാണ്,” അദ്ദേഹം എഴുതി. ”ഇതിന്, സഭയുടെ പേരില്‍, ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു.”
ട്രാന്സ്ഹ്യൂമാനിസവും പോസ്റ്റ്ഹ്യൂമനിസവും സാങ്കേതികവിദ്യയുടെ ഭാവിയുമായി ബന്ധപ്പെട്ട രണ്ട് ദാര്‍ശനിക പ്രവാഹങ്ങളാണ്. ട്രാന്‍സ്ഹ്യൂമനിസം മനുഷ്യാവസ്ഥയുടെ പരിധികളെ മറികടക്കുന്നതിനോ വര്‍ധിപ്പിക്കുന്നതിനോ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് വാദിക്കുന്നു. മനുഷ്യത്വം തന്നെ മറികടക്കപ്പെടുകയോ മാറ്റിസ്ഥാപിക്കപ്പെടുകയോ യന്ത്രങ്ങളുമായോ മറ്റു ജീവിത രൂപങ്ങളുമായോ ലയിപ്പിക്കപ്പെടുകയോ ചെയ്യാമെന്ന് സങ്കല്‍പ്പിച്ച് പോസ്റ്റ്ഹ്യൂമനിസം കൂടുതല്‍ മുന്നോട്ടുപോകുന്നു. മനുഷ്യവ്യക്തിയെ പൂര്‍ണതയിലേക്ക് കൊണ്ടുവരേണ്ടതോ മറികടക്കേണ്ടതോ ‘ഓപ്റ്റിമൈസ്’ ചെയ്യേണ്ടതോ ആയി കണക്കാക്കുമ്പോള്‍ ‘മാഞ്ഞിഫിക്ക ഹ്യുമാനിത്താസ്’ ഈ ദര്‍ശനങ്ങളെ വിമര്‍ശിക്കുന്നു. ”മനുഷ്യനെ പൂര്‍ണതയിലേക്ക് കൊണ്ടുവരേണ്ടതോ മറികടക്കേണ്ടതോ ആയ ഒന്നായി കണക്കാക്കുകയാണെങ്കില്‍, ചില ജീവിതങ്ങള്‍ ഉപയോഗപ്രദമല്ലാത്തതും അഭികാമ്യമല്ലാത്തതും അല്ലെങ്കില്‍ യോഗ്യമല്ലാത്തതുമാണെന്ന് അംഗീകരിക്കാന്‍ എളുപ്പമാകും.”
നിര്‍മിതബുദ്ധിയുടെ കാലഘട്ടത്തില്‍, അപമാനവീകരണത്തിന്റെ പീഡകളില്‍ മനുഷ്യന്റെ അന്തസ്സ് ഭീഷണിയിലാകുമ്പോള്, ആഴത്തില്‍ മനുഷ്യരായി തുടരുക എന്നതാണ് നമ്മുടെ അടിയന്തര കടമ. ക്രിസ്തുവില്‍ നമുക്ക് നല്കപ്പെട്ടതും അതിന്റെ പൂര്‍ണതയില്‍ വെളിപ്പെടുത്തിയതുമായ മാനവികതയുടെ മഹത്വം നാം സ്നേഹപൂര്‍വ്വം സംരക്ഷിക്കണം. ഒരു യന്ത്രത്തിനും ഒരിക്കലും മാറ്റിസ്ഥാപിക്കാന്‍ കഴിയാത്ത മഹത്വം. മറ്റുള്ളവര്‍ക്ക് തുറന്ന ഹൃദയത്തില്‍ നിന്നും, കേള്‍ക്കാന്‍ തയ്യാറുള്ള ബുദ്ധിയില്‍ നിന്നും, വേര്‍പെടുത്തുന്നതിനേക്കാള്‍ ഒന്നിപ്പിക്കുന്നത് അന്വേഷിക്കുന്ന ഇച്ഛാശക്തിയില്‍ നിന്നുമാണ് യഥാര്‍ഥ പുരോഗതി എപ്പോഴും ഉണ്ടാകുന്നത്.
മനുഷ്യത്വത്തിലെ ആത്മീയബോധം, വിശ്വാസം, വിവേകം, സ്നേഹം, കരുണ എന്നിവയെ ഒരു അല്‍ഗോരിതത്തിനും അനുകരിക്കാനാവില്ല. മനുഷ്യന്റെ ആത്മബോധത്തിന്റെയും ധാര്മ്മികബോധ്യങ്ങളുടെയും ക്ഷയത്തിനു മനുഷ്യന് ദൈവത്തെ മറന്ന് സ്വന്തം സൃഷ്ടികളില്‍ രക്ഷ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ബാബേല്‍ ഗോപുരത്തിന്റെ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. ”ദൈവം എല്ലാ മഹത്വത്തോടും കൂടി സൃഷ്ടിച്ച മനുഷ്യവംശം ഇന്ന് ഒരു നിര്‍ണായക തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്: ഒന്നുകില്‍ ഒരു പുതിയ ബാബേല്‍ ഗോപുരം പണിയുക, അല്ലെങ്കില്‍ ദൈവവും മനുഷ്യരും ഒരുമിച്ച് വസിക്കുന്ന നഗരം പണിയുക.” ദൈവത്തെ മഹത്വപ്പെടുത്തുന്നതിനു പകരം സ്വന്തം മഹത്വം തിരഞ്ഞെടുത്ത ബാബേല്‍ ഗോപുരത്തിന്റെ ശില്പികളുടെ പാതയിലേക്ക് ആധുനിക ലോകം നീങ്ങിയാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. നെഹെമിയയുടെ പുസ്തകത്തില്‍ വിവരിക്കുന്നതുപോലെ, ജറുസലേമിന്റെ മതിലുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള നെഹെമിയയുടെ പദ്ധതി, ദൈവവുമായും മറ്റുള്ളവരുമായും സഹകരിച്ച് പുരോഗതി സാധ്യമാക്കി. നെഹെമിയയുടെ ദര്‍ശനം ആധുനിക ലോകത്തിലേക്ക് കൊണ്ടുവരാനുള്ള കൃപയെക്കുറിച്ച് ധ്യാനിക്കാനാണ് ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ നമ്മെ ക്ഷണിക്കുന്നത്.

