പ്രധാനമന്ത്രിപദത്തില്‍ നരേന്ദ്ര മോദിയുടെ 12 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ആഘോഷിക്കാന്‍ ബിജെപി രാജ്യവ്യാപകമായി വന്‍ പ്രചാരണ പരിപാടികള്‍ ആവിഷ്കരിക്കുകയാണ്. ഇടമുറിയാതെ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ തുടരുന്ന ‘തിരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രി എന്ന നിലയില്‍ മോദി, ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘4,398 ദിവസങ്ങളുടെ’ റെക്കോഡ് മറികടന്നിരിക്കുന്നു എന്ന് കേന്ദ്ര മന്ത്രിസഭയുടെ അനുമോദന പ്രമേയത്തില്‍ നിന്നു തുടങ്ങി ന്യൂഡല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ ചേര്‍ന്ന എന്‍ഡിഎ സഖ്യത്തിന്റെ വാഴ്ത്തുകളിലും രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ ആഖ്യാനങ്ങളിലും മുഴങ്ങികേള്‍ക്കാം. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു 17 വര്‍ഷത്തോളം (1947 ഓഗസ്റ്റ് 15 മുതല്‍ 1964 മേയ് 27 വരെ, 16 വര്‍ഷവും 286 ദിവസവും) തുടര്‍ച്ചയായി രാജ്യം ഭരിച്ചു. ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് 1952 മേയ് 13ന് സത്യപ്രതിജ്ഞ ചെയ്തതുതൊട്ടുള്ള കാലയളവ് നോക്കിയാണ് ‘തിരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രിയെന്ന നിലയില്‍ നെഹ്റുവിന്റെ ‘ഭരണകാല’ റെക്കോഡ് ഭേദിക്കുന്ന മോദിക്ക് അവര്‍ മംഗളാശംസകള്‍ നേരുന്നത്. ‘വിശ്വാസത്തിന്റെ, വികസനത്തിന്റെ, ജനക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍’ എന്ന പരസ്യശീര്ഷകത്തില് മോദി ഭരണകൂടത്തിന് എണ്ണിപറയാന്‍ ഒട്ടേറെ നേട്ടങ്ങളുണ്ട്. നെഹ്റുവിന്റെ ഇന്ത്യയല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മോദിയുടെ ഇന്ത്യ. ജനാധിപത്യ ഭരണവ്യവസ്ഥയുടെ പരിണാമചരിത്രത്തിലും രാഷ് ട്രീയ, സാമൂഹിക, സാംസ്കാരിക ആശയധാരകളിലും രണ്ട് എതിര്ധ്രുവങ്ങളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കളാണ് ഇരുവരും. ബൗദ്ധിക, ദാര്‍ശനിക, ആധ്യാത്മിക തലങ്ങളിലോ നയതന്ത്രത്തിലോ രാജ്യതന്ത്രജ്ഞതയിലോ മാനവികതയിലോ കാല്പനികതയിലോ എന്തെങ്കിലും സാധര്‍മ്മ്യം ഇവര്‍ക്കിടയില്‍ കണ്ടെത്താനാകുമോ? ഇന്നത്തെ ലോകക്രമത്തില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ നെഹ്റുവിന്റെ കാലഘട്ടവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമൊന്നുമില്ല. സേവനം, സദ്ഭരണം, സമൃദ്ധി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ‘വികസിത ഭാരതം 2047’ എന്ന ലക്ഷ്യത്തിലേക്കു മുന്നേറാനുള്ള പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന്റെ പൊരുള്‍ രാജ്യത്തെ ദരിദ്രരും തൊഴില്‍രഹിതരും ന്യൂനപക്ഷ ജനവിഭാഗങ്ങളും അധഃസ്ഥിതരും യുവതയും എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതാണ് ഇന്ന് കൂടുതല്‍ പ്രസക്തമായ കാര്യം.പ്രതിപക്ഷത്തെ രാഷ് ട്രീയ കക്ഷികളെയും വിമത ശബ്ദങ്ങളെയും അടിച്ചമര്‍ത്തിയും, വഴങ്ങാത്തവരെ രാജ്യദ്രോഹികളെന്നും ഭീകരവാദികളെന്നും അര്‍ബന്‍ നക്സലുകളെന്നും മുദ്രകുത്തി തടങ്കലിലാക്കിയും മറ്റു ചിലരെ വിലയ്ക്കെടുത്തും നിര്‍ബാധം മുന്നേറുന്ന ഭരണകൂടത്തിന് തീര്‍ത്തും പിടികിട്ടാത്ത പുതിയൊരു അരാഷ് ട്രീയ പ്രതിഭാസം ഉയിര്‍ക്കൊള്ളുന്നത് ‘ജെന്‍സി’ എന്ന പുതുതലമുറയുടെ, ക്ഷുഭിത യൗവനത്തിന്റെ ഡിജിറ്റല്‍ വിളയാട്ടത്തില്‍ നിന്നാണ്. വെറുപ്പിന്റെയും നിന്ദയുടെയും രൂപകമായി, തൊഴിലില്ലാത്ത ചെറുപ്പക്കാരെ ‘പാറ്റകള്‍’ എന്ന് രാജ്യത്തെ ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയില്‍ വിശേഷിപ്പിച്ചപ്പോള്‍, ആ അപമാനത്തെ ഒരു ആക്ഷേപഹാസ്യത്തിന്റെ ഭാവത്തില്‍ ഏറ്റെടുത്ത് രാജ്യത്തെ യുവജനങ്ങള്‍ ‘ഞാനും ഒരു പാറ്റ’ എന്ന ഹാഷ് ടാഗില്‍ ഒരു ഓണ്‍ലൈന്‍ പ്രതിസംസ്കാര കലാപത്തിന് കളമൊരുക്കുകയായിരുന്നു.യുഎസിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും പൊളിറ്റിക്കല്‍ കമ്യൂണിക്കേഷന്‍സ് സ്ട്രാറ്റജിസ്റ്റുമായ അഭിജീത് ദിപ്കെ എന്ന മുപ്പതുകാരനാണ് പാറ്റ ചിഹ്നവുമായി ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി) എന്ന സമൂഹമാധ്യമ മുന്നേറ്റത്തിന് വെബ്സൈറ്റ് ഒരുക്കിയത്. മഹാരാഷ് ട്രയിലെ ഛത്രപതി സംഭാജീനഗറിലെ ദളിത് കുടുംബത്തില്‍ നിന്നുള്ള ദിപ്കെ, 2014-ല്‍ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ പതനത്തിലേക്കു നയിച്ച അഴിമതിവിരുദ്ധ പ്രക്ഷോഭത്തില്‍ നിന്നു രൂപംകൊണ്ട ആം ആദ്മി പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍-ഐടി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. (ലോക് പാല് നിയമനത്തിനു വേണ്ടി അണ്ണാ ഹസാരെ നയിച്ച ഇന്ത്യ എഗിന്‍സ്റ്റ് കറപ്ഷന്‍ പ്രക്ഷോഭത്തിനു പിന്നില്‍ ആര്‍എസ്എസ് ഉണ്ടായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു!)സിജെപിയുടെ എക്സ് അക്കൗണ്ടില്‍ ദിവസങ്ങള്‍ക്കകം രണ്ടു ലക്ഷം ഫോളോവേഴ്സായപ്പോള്‍ അത് ഇന്ത്യയില്‍ വിലക്കപ്പെട്ടു. ഒരാഴ്ചയ്ക്കകം സിജെപിക്ക് ഇന്‍സ്റ്റഗ്രാമില്‍ അനുഭാവികളുടെ എണ്ണം 2.20 കോടി കവിഞ്ഞു. അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ് ട്രീയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഇന്‍സ്റ്റ അനുഗാമികള്‍ 89 ലക്ഷമേയുള്ളൂ! അലസരും തൊഴില്‍രഹിതരും ഓണ്‍ലൈന്‍ ലോകത്ത് മുഴുകിക്കഴിയുന്നവരും എന്നാണ് സിജെപി അംഗങ്ങളുടെ നിര്‍വചനം. എന്തെങ്കിലും പ്രത്യയശാസ്ത്ര വ്യാഖ്യാനമോ രാഷ് ട്രീയ ഘടനയോ ഒന്നുമില്ല. വിമതരാഷ് ട്രീയത്തിന്റെ ചുമര്ഗ്രാഫിറ്റിയെ ഓര്‍മിപ്പിക്കുന്ന നര്‍മത്തിന്റെയും രോഷത്തിന്റെയും മീമുകളും ഹ്രസ്വ വീഡിയോകളുമാണ് സോഷ്യല്‍ മീഡിയ സൈറ്റുകളിലെങ്ങും നിറഞ്ഞത്.യുവജനശക്തിയില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ജനസംഖ്യയില്‍ 65 ശതമാനത്തോളം 35 വയസില്‍ താഴെയുള്ളവരാണ്. 25 വയസില്‍ താഴെയുള്ള രാജ്യത്തെ ബിരുദധാരികളില്‍ 40 ശതമാനം പേര്‍ക്കും തൊഴിലില്ല. തൊഴിലില്ലായ്മയുടെ ഭാരവും, യുവജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന പരീക്ഷാക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും വിദ്യാഭ്യാസ-റിക്രൂട്ട്മെന്റ് മേഖലകളിലെ ചൂഷണവും വ്യവസ്ഥിതിയിലെ അനീതിയും ലക്ഷക്കണക്കിനു യുവജനങ്ങളുടെ ജീവിതത്തില്‍ അസ്വസ്ഥതകളും അരക്ഷിതാവസ്ഥയും നിറയ്ക്കുന്നു. ഇന്റര്‍നെറ്റില്‍ രൂപമെടുത്ത സിജെപി ഓഫ്ലൈനില് മണ്ണിലേക്കിറങ്ങിയത് വിദ്യാഭ്യാസ മേഖലയിലെ അനീതിക്കും അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ പൊരുതാനാണ്.കഴിഞ്ഞ മേയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5,432 സെന്ററുകളില്‍ നടത്തിയ ദേശീയ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ്-യുജി 2026 പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ റദ്ദാക്കി. 22.79 ലക്ഷം കുട്ടികളാണ് അതിന്റെ ആഘാതം അനുഭവിച്ചത്. രാജ്യത്ത് ആറു കുട്ടികള്‍ ജീവനൊടുക്കി. ഗെസ് പേപ്പര്‍ എന്ന പേരില്‍ ബയോളജിയുടെ 90 ചോദ്യങ്ങളും കെമിസ്ട്രിയുടെ 45 ചോദ്യങ്ങളും 30 ലക്ഷം രൂപയ്ക്കു വരെ പരീക്ഷയ്ക്കു മുന്‍പ് വാട്സ്ആപ്, ടെലിഗ്രാം ചാനലുകളിലൂടെ വിറ്റതായി സിബിഐ കണ്ടെത്തി. 2024-ലെ നീറ്റ് യുജി പരീക്ഷയില്‍ ഹരിയാണയിലെ ഝജ്ജറിലെ സെന്ററില്‍ പരീക്ഷ എഴുതിയ 67 വിദ്യാര്‍ഥികള്‍ 720-ല്‍ 720 മാര്‍ക്കും നേടിയിരുന്നു. ചോദ്യക്കടലാസ് ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജൂണ്‍ 21നു നീറ്റ് പരീക്ഷ വീണ്ടും നടത്തുകയാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിനു പുറമെ പ്രധാനമന്ത്രിയുടെ കാര്യാലയവും പ്രതിരോധ മന്ത്രാലയവും നിരീക്ഷിക്കുമെന്നാണ് അറിയിപ്പ്. ചോദ്യക്കടലാസിന്റെ അച്ചടിയും പരീക്ഷാകേന്ദ്രങ്ങളില്‍ അത് എത്തിക്കാനുള്ള ദൗത്യവും ഇന്ത്യന്‍ ആര്‍മിയും വ്യോമസേനയും നിര്‍വഹിക്കും.ബിരുദ പഠനത്തിന് യൂണിവേഴ്സിറ്റികളുടെ പൊതുപ്രവേശനത്തിനായി ഇക്കഴിഞ്ഞ മേയില്‍ എന്‍ടിഎ നടത്തിയ 2026 സിയുഇടി-യുജി പരീക്ഷ സാങ്കേതിക തകരാറുകള്‍ മൂലം ആദ്യ ഷിഫ്റ്റ് രണ്ടര മണിക്കൂര്‍ വൈകി; 3,765 കുട്ടികള്‍ക്ക് ബയോമെട്രിക് രജിസ്ട്രേഷന് കഴിഞ്ഞെങ്കിലും പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല.2024-ല്‍ എന്‍ടിഎ നടത്തിയ യുജിസി-നെറ്റ് പരീക്ഷ 9 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതി. ചോദ്യപേപ്പറുകള്‍ ആറു ലക്ഷം രൂപയ്ക്കുവരെ ചോര്‍ത്തിക്കൊടുത്തതായി ആരോപണമുയര്‍ന്നിരുന്നു. എന്‍ടിഎ 2024-ല്‍ നടത്തിയ 14 പരീക്ഷകളില്‍ അഞ്ചെണ്ണത്തിലെങ്കിലും ചോദ്യക്കടലാസ് ചോര്‍ച്ചയും പരീക്ഷാഫലം വൈകിയതും മറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുണ്ടായതായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്ടെത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 89 ചോദ്യക്കടലാസ് ചോര്‍ച്ചയും 48 പുനഃപരീക്ഷയും നടന്നിട്ടുണ്ട്. മേയ് 12ന് സിബിഐ ഏറ്റെടുത്തത് 2015നു ശേഷമുള്ള പതിനെട്ടാമത്തെ പരീക്ഷാ ക്രമക്കേട് അന്വേഷണമാണ്.2026 സിബിഎസ്ഇ ക്ലാസ് 12 ബോര്‍ഡ് പരീക്ഷ 17.68 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതി. ആദ്യമായി ഓണ്‍-സ്ക്രീന്‍ മാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയ ഈ പരീക്ഷയുടെ 98 ലക്ഷം ഉത്തരകടലാസുകള്‍ സ്കാന്‍ ചെയ്താണ് മൂല്യനിര്‍ണയം നടത്തിയത്. പരീക്ഷ എഴുതിയവരില്‍ നാലു ലക്ഷം പേര് (22% കുട്ടികള്‍) ഉത്തരകടലാസിന്റെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. തെലങ്കാനയിലെ കോഎംപ്റ്റ് എജ്യുടെക് ആണ് മൂല്യനിര്‍ണയത്തിന്റെ കരാര്‍ എടുത്തത്. ഈ ഏജന്‍സിക്ക് വഴിവിട്ട് ടെന്‍ഡര്‍ ഉറപ്പിച്ചുനല്കിയതില് ഉന്നതതലത്തില്‍ ഇടപെടലുണ്ടായി എന്നാണ് ആരോപണം. കോഎംപ്റ്റ് എജ്യുടെക് ഡയറക്ടര്‍ രാധാകൃഷ്ണന് ജയരാമന്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ മകള്‍ യുഎസില്‍ പഠിക്കുമ്പോള്‍ ലോക്കല്‍ ഗാര്ഡിയനായിരുന്നുവത്രെ.ക്ലാസ് 12 ബോര്‍ഡ് പരീക്ഷയുടെ ഒഎസ്എം പേപ്പറുകള്‍ മാറിപ്പോയതും സാങ്കേതിക പിഴവുകളും മറ്റും കണ്ടെത്തിയത് അന്വേഷണ ഏജന്‍സികളല്ല, മൂന്നു വിദ്യാര്‍ഥികളാണ്: പതിനെട്ടുകാരനായ വേദാന്ത് ശ്രീവാസ്തവ, പത്തൊമ്പതുകാരനായ നിസര്‍ഗ അധികാരി, 22 വയസുള്ള തീര്‍ഥ് പര്‍മാര്‍ എന്നിവര്‍. ഝാര്‍ഖണ്ഡില്‍ നിന്നുള്ള പതിനേഴുകാരന് സാര്‍ത്ഥക് സിദ്ധാന്താണ് ഹൈദരാബാദിലെ കോഎംപ്റ്റ് എജ്യുടെക് കമ്പനിക്ക് ടെന്‍ഡര്‍ അനുവദിച്ചതിലെ ക്രമക്കേടുകളുടെ രേഖകള്‍ പുറത്തുവിട്ടത്. ഗ്ലോബ്അരേന ടെക്നോളജീസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കമ്പനി തെലങ്കാനയില്‍ 2019-ല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷ നടത്തിയപ്പോള്‍ 9.74 ലക്ഷം വിദ്യാര്‍ഥികളില്‍ മൂന്നു ലക്ഷം പേര് തോറ്റത് ഒഎസ്എം സിസ്റ്റം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്. അക്കൊല്ലം 23 വിദ്യാര്‍ഥികളാണ് അവിടെ ആത്മഹത്യ ചെയ്തത്.ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപി നടത്തിയ ആദ്യത്തെ പ്രതിഷേധ പ്രകടനം നയിക്കാന്‍ അഭിജീത് ദിപ്കേ അമേരിക്കയില്‍ നിന്നെത്തിയത് ബി.ആര്. അംബേദ്കറുടെ ആത്മകഥയുമായാണ്. ഡല്‍ഹി പൊലീസ് ദിപ്കേയെ അറസ്റ്റു ചെയ്യുമെന്ന് ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ഡല്‍ഹി വിമാനതാവളത്തില്‍ വച്ച് പൊലീസ് സിജെപി നേതാവിന് ജന്തര്‍ മന്തറില്‍ സമരം നടത്താന്‍ രേഖാമൂലം അനുമതി നല്കി. സമരവേദി വളഞ്ഞുനിന്ന ഡല്‍ഹി പൊലീസ്, റാപിഡ് ആക് ഷന് ഫോഴ്സ്, സിആര്‍പിഎഫ്, സശസ്ത്ര് സീമാ ബല് സുരക്ഷാസേനാംഗങ്ങള്‍ക്ക് പൂക്കള്‍ സമ്മാനിച്ചാണ് പാറ്റപട രംഗപ്രവേശം ചെയ്തത്. ”രാജ്യത്തെ യുവജനങ്ങള്‍ ഇനി ആരെയും ഭയപ്പെടുകയില്ല; അവര്‍ പോരാടും,” അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു.ദിപ്കെയെ അറസ്റ്റു ചെയ്താല്‍ താന്‍ ആറാഴ്ച ഡല്‍ഹിയില്‍ ഉപവാസ സമരം നയിക്കുമെന്ന് ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാഭ്യാസ പരിഷ്കര്‍ത്താവുമായ സോനം വാങ്ചുക് പ്രഖ്യാപിച്ചിരുന്നു. ആമിര്‍ ഖാന് ‘3 ഇഡിയറ്റ്സ്’ സിനിമയില്‍ അവതരിപ്പിച്ച ഫുംസുക് വാംഗ്ഡൂ എന്ന കഥാപാത്രം വാങ്ചുകാണ്. ലഡാക്കിന് സംസ്ഥാന പദവിക്കായി ലേയില്‍ 2025 സെപ്റ്റംബറില്‍ ഉപവാസ സമരം നയിച്ചതിന് എന്‍എസ്എ നിയമപ്രകാരം കേന്ദ്ര ഗവണ്മെന്റ് തടങ്കലിലാക്കിയ വാങ്ചുക്കിനെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സുപ്രീം കോടതി മോചിപ്പിച്ചത്. ലേ വിമാനതാവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കു വിമാനം കയറിയ വാങ്ചുക്കിനെ ഡല്‍ഹി വിമാനതാവളത്തിലും ആരും തടഞ്ഞില്ല. ദിപ്കെയോടൊപ്പം വാങ്ചുക് സമരവേദി പങ്കിട്ടു.വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് വൈകുന്നേരം അഞ്ചുമണിക്കകം രാജിവയ്ക്കണമെന്നാണ് ദിപ്കെ ആദ്യം ആവശ്യപ്പെട്ടത്. പൊലീസുമായുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചു മണിക്ക് സമരം അവസാനിപ്പിക്കും മുന്‍പ് ദിപ്കെ, ഏഴു ദിവസത്തിനകം മന്ത്രി രാജിവയ്ക്കുകയോ പ്രധാനമന്ത്രി അദ്ദേഹത്തെ മന്തിസഭയില്‍ നിന്നു നീക്കം ചെയ്യുകയോ വേണം, അല്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കും എന്ന് പ്രഖ്യാപിച്ചു. ജൂണ്‍ 11ന്പുണെയില് സാവിത്രിബായി ഫുലേ യൂണിവേഴ്സിറ്റിയില്‍ സിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തും. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരകേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കും, എന്നിട്ടും ഫലം കാണുന്നില്ലെങ്കില്‍ ജൂണ്‍ 20 മുതല്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.മോദി മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് സൂചന പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, സിജെപിയുടെ സമരതന്ത്രത്തിനു വഴങ്ങി ധര്‍മേന്ദ്ര പ്രധാനെ മോദി കൈവെടിയുമെന്ന് ഭരണപക്ഷത്തെ ആരുംതന്നെ കരുതുന്നില്ല. 2015-ല്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ പിടികിട്ടാപ്പുള്ളിയായ ഐപിഎല്‍ സംഘാടകന്‍ ലളിത് മോദിയെ ലണ്ടനില്‍ നിന്നു പോര്‍ച്ചുഗലിലേക്കു കടക്കാന്‍ സഹായിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും രാജസ്ഥാന് മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയും രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന രാജ്നാഥ് സിങ് പ്രതികരിച്ചത്, മോദി മന്ത്രിസഭയില്‍ അങ്ങനെ ആരും രാജിവയ്ക്കാറില്ല എന്നാണ്. വിദേശകാര്യ സഹമന്ത്രിയായിരുന്ന എം.ജെ അക്ബര്‍ മീ ടൂ മൂവ്മെന്റ് ലൈംഗിക ആരോപണത്തെ തുടര്‍ന്ന് 2018-ല്‍ രാജിവച്ചതൊഴിച്ചാല് മറ്റാരും അങ്ങനെ പുറത്തുപോയിട്ടില്ല.യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ജെഫ്റി എപ്സ്റ്റീന് ഫയല്‍സില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തുവന്നപ്പോഴും യുഎന്നില്‍ ഇന്ത്യയുടെ മുന്‍ സ്ഥാനപതിയായിരുന്ന പുരിയെ മോദി സംരക്ഷിക്കുകയാണുണ്ടായത്.നേപ്പാളിലും ബംഗ്ലാദേശിലും ഇന്തൊനീഷ്യയിലും ശ്രീലങ്കയിലും മഡഗാസ്കറിലും രൂപപ്പെട്ട യുവജന മുന്നേറ്റങ്ങളില്‍ ഭരണകൂടങ്ങള്‍ ഇളകിമറിയുന്ന അവിശ്വസനീയമായ കാഴ്ചകള്‍ അമ്പരപ്പോടെ ലോകം കണ്ടതാണ്. അടിച്ചമര്‍ത്തലിന്റെയും ഏറ്റുമുട്ടലിന്റെയും പ്രകോപനപരമായ സമീപനങ്ങള്‍ ഒഴിവാക്കിയാല്‍, പാറ്റപടയെ തന്ത്രപൂര്‍വം മെരുക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞേക്കും.
Trending
- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി

