കോഴിക്കോട്: ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ (Magnifica Humanitas) ചാക്രികലേഖനത്തെ ആസ്പദമാക്കി കോഴിക്കോട് അതിരൂപതയുടെ നേതൃത്വത്തിൽ പഠനസെമിനാർ സംഘടിപ്പിച്ചു.
മദർ ഓഫ് ഗോഡ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന സെമിനാർ കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു.ചാക്രികലേഖനത്തിന്റെ അഞ്ചാം അധ്യായം വിശദീകരിച്ചുകൊണ്ട് അദ്ദേഹം, നിർമ്മിതബുദ്ധിയുടെയും അതിവേഗ സാങ്കേതിക പുരോഗതിയുടെയും കാലഘട്ടത്തിലും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അളക്കാനാവാത്ത മഹത്വവും അന്തസ്സും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു.

സാങ്കേതികവിദ്യയെ ഭയത്തോടെയല്ല, മറിച്ച് വിവേകത്തോടെയും മനുഷ്യക്ഷേമത്തിനായും ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.മലപ്പറമ്പ് അപ്പോസ്തോലിക് കർമ്മൽ പ്രൊവിൻഷ്യൽ ഹൗസിലെ അംഗങ്ങളുടെ പ്രാർത്ഥനയോടെയാണ് പരിപാടിക്ക് തുടക്കമായത്. ഡോ. അലോഷ്യസ് കുളങ്ങര സ്വാഗതം ആശംസിച്ചു.തുടർന്ന് നടന്ന പ്രമേയാവതരണത്തിൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ ചാക്രികലേഖനത്തിന്റെ ആദ്യ നാല് അധ്യായങ്ങൾ അവതരിപ്പിച്ചു. 1891-ൽ ലിയോ പതിമൂന്നാം മാർപാപ്പ പ്രസിദ്ധീകരിച്ച ‘റേരും നൊവാരും’ ചാക്രികലേഖനത്തിന്റെ 135-ാം വാർഷിക വേളയിലാണ് അഞ്ച് അധ്യായങ്ങളും 245 ഖണ്ഡികകളും ഉൾക്കൊള്ളുന്ന ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ പുറത്തിറക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെക്നോക്രാറ്റിക് പാരഡൈം, ട്രാൻസ് ഹ്യൂമാനിസം, പോസ്റ്റ് ഹ്യൂമാനിസം, എ.ഐ. അധിഷ്ഠിത യുദ്ധമുറകൾ തുടങ്ങിയ സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന ഈ ചാക്രികലേഖനം നല്ല മനസ്സുള്ള എല്ലാ മനുഷ്യർക്കുമായാണ് സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യം അന്വേഷിക്കാനും സ്നേഹിക്കാനും ജീവിതത്തിന്റെ അർഥം തിരിച്ചറിയാനും പുതിയ തലമുറയെ പ്രാപ്തരാക്കുന്ന ഇടങ്ങളായി വിദ്യാലയങ്ങൾ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഷയാവതരണത്തിനുശേഷം സംശയനിവാരണത്തിനും അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനുമായി ചർച്ചാ സെഷൻ സംഘടിപ്പിച്ചു. ടി. എഫ്. ജോയ് മോഡറേറ്ററായും മാസ്റ്റർ ഓഫ് സെറിമണിയായും പ്രവർത്തിച്ചു. സിസ്റ്റർ റോസ്ലിൻ FDM നന്ദി രേഖപ്പെടുത്തി. വൈദികരും സന്യാസിനികളും വിശ്വാസികളുമടക്കം നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.

