കൊച്ചി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാഗവും സാമൂഹിക പ്രവര്‍ത്തകനുമായ ഫാ. സബ്ബാസ് ഇഗ്നേഷ്യസിനെ കെസിബിസി ജസ്റ്റീസ്, പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന് സെക്രട്ടറിയായി കെസിബിസി നിയമിച്ചു. ഇരുപത്തിരണ്ടിലധികം വര്‍ഷമായി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു വരുന്ന ഫാ. സബ്ബാസ് തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറായി രണ്ടു പ്രാവശ്യം സേവനം ചെയ്തിട്ടുണ്ട്.
സാമൂഹിക ശാസ്ത്രത്തിലും സഭയുടെ സാമൂഹിക പ്രബോധന മേഖലയിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ അദ്ദേഹം, റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വകലാശാലയില്‍ നിന്ന് സഭയുടെ സാമൂഹിക പ്രബോധനത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കേരള സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) കീഴിലുള്ള കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജസ്റ്റീസ്, പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോംസിന്റെയും സ്പെഷ്യല്‍ സ്കൂളുകളുടെയും ഡയറക്ടറായി റവ. ഡോ. ക്ലീറ്റസ് കതിര്പറമ്പിലിനെ കെസിബിസി നിയമിച്ചു.
നിലവില്‍ കെസിബിസി ഫാമിലി കമ്മീഷന് സെക്രട്ടറിയും ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി ഫിലോസഫി വിഭാഗം പ്രഫസറുമാണ് ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍. വിജയപുരം രൂപതാംഗമായ അദ്ദേഹം മികച്ച നാടകകൃത്തും സംവിധായകനും അഭിനേതാവുമാണ്.

