കൊച്ചി: ഉപയോഗിക്കാതെ അലമാരകളിൽ സൂക്ഷിച്ചിരിക്കുന്ന നല്ല വസ്ത്രങ്ങൾ ആവശ്യക്കാരിലേക്ക് സൗജന്യമായി എത്തിക്കുന്ന വേറിട്ട സംരംഭവുമായി ചേരാനല്ലൂർ സെന്റ് ജെയിംസ് ഇടവകയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി.
കോൺഫറൻസിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് ആരംഭിച്ച ‘സോഡ്’ ത്രിഫ്റ്റ് ഷോപ്പ് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. ഹീബ്രു ഭാഷയിൽ ‘രഹസ്യം’, ആത്മബന്ധമുള്ളവരുടെ സ്വകാര്യ പര്യാലോചന, ദൈവിക പരിപാലനയുടെ മാർഗദർശനം തുടങ്ങിയ അർഥങ്ങളുള്ള ‘സോഡ്’ എന്ന പേരിലാണ് സംരംഭം പ്രവർത്തിക്കുന്നത്. കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കുമായി വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ ഇവിടെ സൗജന്യമായി ലഭിക്കും.പുതിയതോ പരിമിതമായി മാത്രം ഉപയോഗിച്ചതോ ആയ, കേടുപാടുകളില്ലാത്ത വസ്ത്രങ്ങൾ ശേഖരിച്ച് ഡ്രൈക്ലീൻ ചെയ്ത് വൃത്തിയായി തരംതിരിച്ചാണ് ഷോപ്പിൽ പ്രദർശിപ്പിക്കുന്നത്. ബ്രാൻഡഡ് ഫോർമൽ, സെമിഫോർമൽ വസ്ത്രങ്ങൾക്കൊപ്പം സാധാരണ വസ്ത്രങ്ങളും ലഭ്യമാണ്. വിലയോ ബില്ലോ ഇല്ല; ആവശ്യക്കാർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. പേരോ മതമോ ജാതിയോ മറ്റ് വിവരങ്ങളോ ആരോടും ചോദിക്കുന്നില്ല.
വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് താൽപര്യമുള്ള തുക സംഭാവനപ്പെട്ടിയിൽ നിക്ഷേപിക്കാം. സൊസൈറ്റി സെന്റ് ജെയിംസ് കോൺഫറൻസിന്റെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ‘സോഡ്’ ഷോപ്പ് ആരംഭിച്ചത്.
കോൺഫറൻസിന്റെ ആത്മീയ ഉപദേഷ്ടാവും ഇടവക വികാരിയുമായ ഫാ. ജോൺ ക്യാപ്പിസ്റ്റൻ ലോപ്പസാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ഇടവകാംഗങ്ങളിൽനിന്നും വസ്ത്രവ്യാപാരികളിൽനിന്നും ലഭിച്ച സംഭാവനകളാണ് പ്രധാനമായും സംരംഭത്തിനായി ഉപയോഗിക്കുന്നത്. വസ്ത്രങ്ങൾ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും സാന്റിയാഗോ യൂത്ത് കോൺഫറൻസ് അംഗങ്ങളും സന്നദ്ധസേവനം നടത്തുന്നു.ഞായറാഴ്ചകളിൽ സെന്റ് ജെയിംസ് കോൺഫറൻസ് കാര്യാലയത്തിൽ വസ്ത്രങ്ങൾ ശേഖരിക്കും. വൈകുന്നേരം 5.30 മുതൽ 7.30 വരെ ‘സോഡ്’ ഷോപ്പിൽനിന്ന് ആവശ്യക്കാർക്ക് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഷോപ്പിൽ പ്രദർശിപ്പിക്കാത്ത നല്ല വസ്ത്രങ്ങൾ വയോജനകേന്ദ്രങ്ങൾക്കും അനാഥാലയങ്ങൾക്കും കൈമാറുന്നുമുണ്ട്.വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജൂബിലി വർഷത്തിൽ സാഹോദര്യം, ലാളിത്യം, കരുതൽ, പുനരുപയോഗം എന്നിവയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന മാതൃകയായി ‘സോഡ്’ ഷോപ്പ് മാറുകയാണ്.
ചേരാനല്ലൂർ വിഷ്ണുപുരത്ത് കെപിഎൻ ഫ്രഷ് സൂപ്പർ മാർക്കറ്റിനോടു ചേർന്ന മാതിരപ്പള്ളി ബിൽഡിങ്ങിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗം എം.വി. ക്രിസ്റ്റഫറാണ് വാടകയില്ലാതെ സ്ഥലമൊരുക്കിയത്.ഇടവകയിൽ ഫാ. ക്യാപ്പിസ്റ്റൻ ലോപ്പസിന്റെ നേതൃത്വത്തിൽ ആരംഭിച്ച മറ്റൊരു ശ്രദ്ധേയ സംരംഭമാണ് ‘ഏയ് ഓട്ടോ ചാരിറ്റി ഡ്രൈവ്’. ‘സെന്റ് ഫ്രസാത്തി’ എന്ന പേരിലുള്ള ഇലക്ട്രിക് ഓട്ടോറിക്ഷ അശരണർക്കും രോഗികൾക്കും ആരാധനാലയങ്ങളിലേക്കും ആശുപത്രികളിലേക്കും സൗജന്യ യാത്രാസൗകര്യം നൽകുന്നു. സാന്റിയാഗോ യൂത്ത് കോൺഫറൻസിന്റെ സഹകരണത്തോടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്.

