കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിന് സമീപം ജലാൽഖാലിയിലുള്ള ഡിവൈൻ ലവ് ധ്യാനകേന്ദ്രത്തിൽ സാന്താളി ഭാഷയിൽ നടന്ന ബൈബിൾ കൺവെൻഷനു നേരെയുണ്ടായ ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
വിൻസെൻഷ്യൻ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ധ്യാനകേന്ദ്രത്തിലാണ് അക്രമികൾ അഴിഞ്ഞാടിയത്.ശാന്തിപൂർ, നവദ്വീപ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് മിനി ട്രക്കുകളിലെത്തിയ സംഘം മരവടികളും ഇരുമ്പുകമ്പികളും കല്ലുകളുമായാണ് ആക്രമണം നടത്തിയത്. ധ്യാനകേന്ദ്രത്തിലെ ലൈറ്റുകൾ അണച്ചശേഷം പ്രാർഥനാഹാളിലേക്ക് ഇരച്ചുകയറിയ അക്രമികൾ വിശ്വാസികളെ ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച യുവാക്കളെയും പ്രാർഥനയിൽ പങ്കെടുക്കാനെത്തിയവരെയും ഇരുമ്പുകമ്പികൾ ഉപയോഗിച്ച് അടിച്ചു. ധ്യാനകേന്ദ്രത്തിലെ ജനലുകളും വാതിലുകളും തകർക്കുകയും കല്ലെറിയുകയും ചെയ്തു.
ഗോത്രവർഗക്കാരെ മതംമാറ്റുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ആക്രമണമുണ്ടായതെന്ന് സഭാധികൃതർ പറഞ്ഞു. എന്നാൽ, ഇവർ വർഷങ്ങളായി കത്തോലിക്കാ വിശ്വാസം പിന്തുടരുന്നവരാണെന്നും ഇവിടെ മതപരിവർത്തന പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, അക്രമികൾക്കുവേണ്ടി പ്രാർഥിക്കുമെന്നും അവരെ അനുഗ്രഹിക്കുകയാണെന്നും ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് അറയ്ക്കൽ വിസി പ്രതികരിച്ചു. സംഭവത്തിൽ കൃഷ്ണനഗർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. നിർമൽ വിൻസെന്റ് ഗോമസ് കൃഷ്ണനഗർ പോലീസ് സ്റ്റേഷനിലും നാദിയ ജില്ലാ മജിസ്ട്രേറ്റിനും പരാതി നൽകി. വിൻസെൻഷ്യൻ സഭാംഗങ്ങളായ മലയാളി വൈദികരും ഇവിടെ ശുശ്രൂഷ ചെയ്യുന്നുണ്ട്.ആക്രമണത്തെത്തുടർന്ന് ക്രൈസ്തവ കുടുംബങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് ഭീതിയും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പശ്ചിമ ബംഗാളിലെ 13 ജില്ലകളിലായി 60-ലധികം ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതായും സഭാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

