വത്തിക്കാൻ സിറ്റി : വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പുതിയ ആർച്ചുപ്രീസ്റ്റായി മോൺസിഞ്ഞോർ വിത്തോറിയോ ഫ്രാഞ്ചെസ്കോ വിയോളയെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. വത്തിക്കാൻ സിറ്റിയുടെ വികാരി ജനറലായും ബസിലിക്കയുടെ നിർമ്മാണത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന ‘ഫാബ്രിക്ക ദി സാൻ പിയത്രോ’ സമിതിയുടെ അധ്യക്ഷനായും അദ്ദേഹം ചുമതലയേൽക്കും.
ആരാധനാക്രമത്തിനും കൂദാശകളുടെ ക്രമീകരണത്തിനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി കഴിഞ്ഞ അഞ്ചു വർഷമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു മോൺസിഞ്ഞോർ വിത്തോറിയോ. ഒക്ടോബർ നാലിന് 61 വയസ്സ് തികഞ്ഞ അദ്ദേഹം ഫ്രാൻസിസ്കൻ സഭയുടെ ഫ്രിയാഴ്സ് മൈനർ (OFM) സന്യാസസമൂഹാംഗമാണ്. റോമിലെ പൊന്തിഫിക്കൽ ലിറ്റർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സാന്ത് അൻസെൽമോയിൽ ഉന്നതപഠനം പൂർത്തിയാക്കിയ അദ്ദേഹം 1993-ലാണ് വൈദികനായി അഭിഷിക്തനായത്. ആരാധനാക്രമ മേഖലയിലെ ദീർഘകാല അനുഭവസമ്പത്തുമായാണ് അദ്ദേഹം വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പുതിയ ആർച്ചുപ്രീസ്റ്റായി ചുമതലയേൽക്കുന്നത്.

