വത്തിക്കാൻ സിറ്റി : ക്രൈസ്തവ ലോകത്തിലെ പ്രമുഖ ദൈവശാസ്ത്രജ്ഞരിൽ ഒരാളായ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന, പവിയയിലെ സാൻ പിയെത്രോ ഇൻചേലോ ദി ഓറോ ബസിലിക്ക സന്ദർശിച്ച് ലെയോ പതിനാലാമൻ പാപ്പ.

ക്രിസ്തു വർഷം 722 മുതൽ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ ഈ ബസിലിക്കയിൽ സംരക്ഷിച്ചുവരുന്നു. അതിനാൽ, അഗസ്റ്റീനിയൻ ആത്മീയ പാരമ്പര്യത്തിലുള്ള പാപ്പയ്ക്ക് ഈ സന്ദർശനം പ്രത്യേക പ്രാധാന്യമർഹിക്കുന്നു. അഗസ്റ്റീനിയൻ സഭാസമൂഹത്തിൽ നിന്നുള്ള ആദ്യ പാപ്പയാണ് ലെയോ പതിനാലാമൻ.
“തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അദ്ദേഹം ആഗ്രഹിച്ച സ്വപ്നത്തിന്റെ പൂർത്തീകരണമാണിത്”: പ്രിയോർ ഫാദർ ജാൻ ഫ്രാങ്കോ എടുത്തു പറഞ്ഞു. അഗസ്റ്റീനിയൻ സഭാസമൂഹത്തിന്റെ പ്രിയോർ ജനറൽ എന്ന നിലയിൽ അദ്ദേഹം ഇവിടം സന്ദർശിച്ചിട്ടുണ്ടെങ്കിലും, ഇപ്പോൾ സഭയുടെ തലവൻ എന്ന നിലയിലുള്ള പരിശുദ്ധ പിതാവിന്റെ സന്ദർശനം, ഐക്യം, കൂട്ടായ്മ, സൗഹൃദം, എല്ലാറ്റിനുമുപരി, വ്യക്തിപരവും സാമുദായികവും സാമൂഹികവുമായ എല്ലാത്തരം സംഘർഷങ്ങളെയും മറികടക്കാനുള്ള സാഹോദര്യം എന്നിങ്ങനെയുള്ള അഗസ്തീനിയൻ ആത്മീയതയുടെ സന്ദേശം ഏവർക്കും പങ്കുവയ്ക്കുന്നതാണെന്നും പ്രിയോർ അഭിപ്രായപ്പെട്ടു.

