ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഹൃദയപൂർവ്വമായ അനുശോചനം അറിയിച്ച് ലെയോ പതിനാലാം പാപ്പ.
സ്റ്റേറ്റ് സെക്രട്ടറി കർദിനാൽ പിയത്രോ പെരോളിനാണ് പാപ്പയുടെ സന്ദേശം പുറത്തുവിട്ടത്. എയർ ഇന്ത്യ വിമാനം തകർന്ന ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ പാപ്പ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വമായ അനുശോചനം അറിയിക്കുന്നതായും വ്യക്തമാക്കി.
രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥന ഉറപ്പു നൽകിയ പാപ്പ മരണമടഞ്ഞവരുടെ ആത്മാക്കളെ സർവ്വശക്തന്റെ കരുണയിലേക്ക് സമർപ്പിക്കുന്നതായും പാപ്പ സന്ദേശത്തിൽ അറിയിച്ചു.
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഇന്ന് ഉച്ചയ്ക്ക് 1.40 നാണ് സംഭവിച്ചത്. എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങൾക്കകം തകർന്നു വീഴുകയായിരുന്നു.
ദുരന്തത്തില്‍ നിന്ന് ഒരാള്‍ മാത്രം രക്ഷപെട്ടു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ മറ്റുള്ളവരെല്ലാം മരിച്ചതായി ഗുജറാത്ത് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.