വത്തിക്കാൻ സിറ്റി: കാൻസർ രോഗത്തിന്റെ കഠിനവേദനകൾക്കിടയിലും ദിവ്യകാരുണ്യ ഈശോയോടുള്ള അചഞ്ചലമായ സ്നേഹത്തിലൂടെ വിശ്വാസത്തിന്റെ മാതൃകയായി മാറിയ അജ്ന ജോർജ്ജിനെ അനുസ്മരിച്ച് ലെയോ പതിനാലാമൻ പാപ്പ. ജീസസ് യൂത്ത് ആഗോള സംഗമത്തിൽ പങ്കെടുത്തവർക്കു നൽകിയ സന്ദേശത്തിലാണ്, രോഗപീഡകളെ ആത്മീയ ധീരതയോടെ നേരിട്ട അജ്നയുടെ ജീവിതം പാപ്പ അനുസ്മരിച്ചത്.
ജീസസ് യൂത്ത് പ്രസ്ഥാനത്തിലൂടെ വിശ്വാസത്തിന്റെ സന്തോഷവും ധീരതയും ജീവിതത്തിൽ സാക്ഷ്യപ്പെടുത്തിയ നിരവധി പേരുണ്ടെന്നും, അതിൽ ഏറെ ഹൃദയസ്പർശിയായ മാതൃകയാണ് അജ്ന ജോർജ്ജെന്നും പാപ്പ പറഞ്ഞു. രോഗത്തിന്റെ കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയപ്പോഴും ദിവ്യകാരുണ്യത്തിൽ സന്നിഹിതനായ യേശുവിനോടുള്ള സ്നേഹമാണ് അവൾക്ക് ശക്തി പകർന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഉന്നതപഠനം മികച്ച മാർക്കോടെ പൂർത്തിയാക്കി തേവര എസ്.എച്ച് കോളജിൽ കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച സമയത്താണ് അജ്നയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. കണ്ണ്, ചെവി, കരൾ, വായ, താടിയെല്ല് എന്നിവയെ ബാധിച്ച രോഗം കാഴ്ചയും കേൾവിയും സംസാരശേഷിയും കവർന്നെടുത്തെങ്കിലും അവളുടെ ക്രിസ്തുവിശ്വാസത്തിനും പുഞ്ചിരിക്കും മങ്ങലേൽപ്പിച്ചില്ല. രോഗാവസ്ഥയിലും ദിവ്യകാരുണ്യ സ്വീകരണത്തിന് അജ്ന നൽകിയിരുന്ന പ്രാധാന്യം ഏറെ ശ്രദ്ധേയമായിരുന്നു.
തിരുവോസ്തി സ്വീകരിക്കുന്നതിനുമുമ്പ് ഏകദേശം ഒരു മണിക്കൂറോളം മനസ്സുകൊണ്ട് ആരാധനയും സ്തുതിയും അർപ്പിച്ച ശേഷമാണ് അവൾ ഈശോയെ സ്വീകരിച്ചിരുന്നത്. രോഗത്തിന്റെ അവസാനഘട്ടത്തിൽ വായിലൂടെ തിരുവോസ്തി സ്വീകരിക്കാൻ കഴിയാതായപ്പോഴും വെള്ളത്തിൽ അലിയിച്ച തിരുവോസ്തി ഭക്ഷണം നൽകുന്നതിനായി വയറ്റിൽ ഘടിപ്പിച്ച ട്യൂബിലൂടെ സ്വീകരിച്ചു. ഏഴ് മാസത്തോളം ഈ രീതിയിൽ ദിവ്യകാരുണ്യ സ്വീകരണം തുടർന്നു. 2022 ജനുവരി 21-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രോഗിലേപനവും ദിവ്യകാരുണ്യവും സ്വീകരിച്ച ശേഷമാണ് അജ്ന നിത്യസമ്മാനത്തിനായി യാത്രയായത്. അസഹനീയമായ വേദനകൾക്കിടയിലും വിശ്വാസത്തിൽ ഉറച്ചുനിന്ന അവളുടെ ജീവിതം ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തിന്റെയും ക്രിസ്തുവിലുള്ള പ്രത്യാശയുടെയും ഹൃദയസ്പർശിയായ സാക്ഷ്യമായി ഇന്നും നിലനിൽക്കുന്നു.

