വത്തിക്കാൻ: ആരോഗ്യപരമായ മുൻകരുതലുകളുടെ ഭാഗമായി ഒക്ടോബർ 27-ന് അസ്സീസിയിൽ നടക്കാനിരിക്കുന്ന സമാധാന സമ്മേളനത്തിൽ ലെയോ പതിനാലാമൻ പാപ്പാ പങ്കെടുക്കില്ല. ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും, പൂർണമായി സുഖം പ്രാപിക്കുന്നതിനായി ഹെലികോപ്റ്റർ യാത്ര ഒഴിവാക്കണമെന്ന മെഡിക്കൽ നിർദേശത്തെ തുടർന്നാണ് തീരുമാനം.
ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഒക്ടോബർ 13-നാണ് പാപ്പാ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടർപരിശോധനകളിൽ ആരോഗ്യനിലയിൽ പുരോഗതി കണ്ടെത്തിയെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് അധികം ദിവസങ്ങൾ പിന്നിട്ടിട്ടില്ലാത്തതിനാൽ വിശ്രമത്തിന് പ്രാധാന്യം നൽകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ആഹ്വാനം ചെയ്ത ലോകസമാധാന പ്രാർത്ഥനാദിനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് അസ്സീസിയിൽ ‘ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനം’ എന്ന പ്രമേയത്തിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാനാകില്ലെങ്കിലും സംഘാടകർക്കും വിവിധ ക്രൈസ്തവസഭകളുടെയും മറ്റു മതങ്ങളുടെയും നേതാക്കൾക്കും പ്രതിനിധികൾക്കും പങ്കെടുക്കുന്ന എല്ലാവർക്കും തന്റെ സാമീപ്യവും പിന്തുണയും അറിയിച്ചുകൊണ്ട് പാപ്പാ സന്ദേശം അയയ്ക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

