അൽ -മുശൈർഫെഹ്: തെക്കൻ ജോർദാനിലെ കരക് ഗവർണറേറ്റിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്കാരച്ചടങ്ങിനിടെ നടന്ന വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 40 പേർക്ക് പരിക്കേറ്റതായി ജോർദാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹമൂദ് ഗ്രാമത്തിലെ ദേവാലയത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.തീവ്രവാദ സ്വഭാവമുള്ള ഭീകരാക്രമണമാണ് നടന്നതെന്ന് ജോർദാൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ അബ്ദുള്ള അൽ-മാഇത വ്യക്തമാക്കി. ആക്രമണത്തിനു പിന്നിൽ തീവ്രവാദികളാണെന്ന് ആഭ്യന്തര മന്ത്രി മാസിൻ അൽ ഫറായെയും സ്ഥിരീകരിച്ചു. എന്നാൽ അക്രമികൾക്ക് രാജ്യത്തിനകത്തോ പുറത്തോ പ്രവർത്തിക്കുന്ന ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ദേവാലയത്തിലെ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ഔദ്യോഗിക ചാനലായ അൽ-മംലക പുറത്തുവിട്ടു. മൂന്ന് അക്രമികൾ മരങ്ങൾക്കും മതിലുകൾക്കും പിന്നിൽ ഒളിച്ചുനിന്ന് വെടിയുതിർക്കുന്നതും പിന്നീട് ദേവാലയത്തിന്റെ പ്രവേശന കവാടത്തിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗവും ആശുപത്രികളിൽ ചികിത്സയിലാണ്.പൊതുവേ സമാധാനപരമായ സാമൂഹിക അന്തരീക്ഷം നിലനിൽക്കുന്ന ജോർദാനിൽ ക്രൈസ്തവ ന്യൂനപക്ഷത്തിനു നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അപൂർവമാണ്. യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരാം വാർഷികമായ 2033-ലെ മഹാജൂബിലിക്കായി രാജ്യം ഒരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്.

