വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദൈവിക അനുഗ്രഹത്തിനായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പ്രാർത്ഥന നടത്തി കത്തോലിക്കാ മെത്രാന്മാർ. ഡെൻവർ ആർച്ച് ബിഷപ്പ് ജെയിംസ് ഗോൾകയുടെ നേതൃത്വത്തിൽ ഏഴോളം മെത്രാന്മാരാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രാർത്ഥനയിൽ പങ്കുചേർന്നത്.
മതസ്വാതന്ത്ര്യം, വൈറ്റ് ഹൗസ് വിശ്വാസകാര്യാലയത്തിന്റെ പ്രവർത്തനം, വിശ്വാസപരമായ ആവശ്യങ്ങൾക്കുള്ള വിസകൾ, ജീവന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട നയങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. വിവിധ വിഭാഗങ്ങളിലെ നേതാക്കളുമായി വൈറ്റ് ഹൗസ് നടത്തിവരുന്ന ആശയവിനിമയത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്ന് വൈറ്റ് ഹൗസ് ഫെയ്ത്ത് ഡയറക്ടർ ജെന്നി കോൺ അറിയിച്ചു. ഇ.ഡബ്ല്യു.ടി.എൻ. ന്യൂസിനോടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.ചർച്ചയ്ക്കൊടുവിൽ ഓവൽ ഓഫീസിലെ പ്രസിദ്ധമായ റെസല്യൂട്ട് ഡെസ്കിനു ചുറ്റും ഒത്തുചേർന്ന മെത്രാന്മാർ ട്രംപിനുവേണ്ടി പ്രാർത്ഥിച്ചു. രാജ്യത്തിനും ഭരണകൂടത്തിനും പ്രസിഡന്റിനും നൽകിയ അനുഗ്രഹങ്ങൾക്ക് ദൈവത്തിന് നന്ദി അർപ്പിച്ച അവർ, ട്രംപിന് ദൈവിക കൃപയും അനുഗ്രഹവും ലഭിക്കണമെന്നും പ്രാർത്ഥിച്ചു.

