റോം : 2027-ൽ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ നടക്കാനിരിക്കുന്ന ലോകയുവജനദിനത്തിലേക്ക് ലോകമെമ്പാടുമുള്ള യുവജനങ്ങളെ ക്ഷണിച്ച് ലെയോ പതിനാലാമൻ പാപ്പ. വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവജനങ്ങൾക്ക് വിശ്വാസത്തിലും സൗഹൃദത്തിലും പ്രത്യാശയിലും ഒന്നുചേരാനുള്ള അവസരമായിരിക്കും ഈ സംഗമമെന്ന് പാപ്പാ വ്യക്തമാക്കി.
രജിസ്ട്രേഷൻ ആരംഭിക്കുന്നതിന്റെ ഭാഗമായി വത്തിക്കാൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം.“ധൈര്യമായിരിക്കുവിൻ: ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹ. 16:33) എന്നതാണ് 2027-ലെ ലോകയുവജനദിനത്തിന്റെ പ്രമേയം. യുവജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമല്ല, അവരുടെ മുറിവുകളും ജീവിതത്തിലെ ക്ലേശങ്ങളും പങ്കുവയ്ക്കാനുള്ള ഇടമായിരിക്കും ഈ സംഗമമെന്ന് പാപ്പാ സന്ദേശത്തിൽ പറഞ്ഞു.വ്യത്യസ്ത ഭാഷകളിലും സംസ്കാരങ്ങളിലും നിന്നെത്തുന്ന യുവജനങ്ങൾക്ക് ക്രിസ്തുവിന്റെ ഏക ശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ ആഴത്തിലുള്ള ഐക്യം അനുഭവിക്കാനും സിയോൾ സംഗമം അവസരമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ക്രൈസ്തവ യുവജനങ്ങളെ നേരിൽ കണ്ടുമുട്ടാൻ താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പാപ്പാ പറഞ്ഞു. 1995-ൽ ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലാണ് അവസാനമായി ഏഷ്യയിൽ ലോകയുവജനദിനം നടന്നത്. അന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ സാന്നിധ്യം സംഗമത്തിന് പ്രത്യേക അനുഗ്രഹമായി. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലായിരുന്നു ഏറ്റവും ഒടുവിൽ ലോകയുവജനദിനം അരങ്ങേറിയത്.

