ജയിംസ് അഗസ്റ്റിൻ
മനുഷ്യർക്കല്ല, ഇത് മൃഗങ്ങൾക്കുള്ള മ്യൂസിക് ആൽബങ്ങൾ!സംഗീതം മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും ആസ്വദിക്കാൻ കഴിയുമെന്ന് ലോകം തിരിച്ചറിഞ്ഞിട്ട് കാലങ്ങളേറെയായി. ജീവികളെ സംഗീതം എങ്ങനെ സ്വാധീനിക്കുന്നു എന്ന പഠനങ്ങൾ ലോകമെങ്ങും വർഷങ്ങളായി നടന്നു വരുന്നുണ്ട്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ സംഗീതം കേൾപ്പിച്ചിരുന്ന മൃഗങ്ങളിൽ വലിയ മാറ്റങ്ങൾ കാണാൻ കഴിഞ്ഞു. വളർത്തുമൃഗങ്ങളുടെയും മറ്റ് ജീവികളുടെയും മാനസിക സമ്മർദ്ദം കുറയ്ക്കാനും അവരെ സന്തോഷിപ്പിക്കാനുമായി പ്രത്യേകം തയ്യാറാക്കിയ സംഗീത ആൽബങ്ങൾ ഇന്ന് ലോകമെമ്പാടും വലിയ ശ്രദ്ധ നേടുന്നുണ്ട്. മൃഗങ്ങളുടെ കേൾവിശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും മനുഷ്യരിൽ നിന്ന് തികച്ചും വ്യത്യസ്തമായതിനാൽ, അവർക്കായി പ്രത്യേകം ഗവേഷണം നടത്തി രൂപകൽപ്പന ചെയ്ത ആൽബങ്ങളാണ് ഇവ.മൃഗങ്ങൾക്കായുള്ള സംഗീതത്തെ ബയോ അകൗസ്റ്റിക് മ്യൂസിക് (Bioacoustic Music) എന്നാണ് വിളിക്കുന്നത്. മനുഷ്യർ കേൾക്കുന്ന സാധാരണ സംഗീതമല്ല മൃഗങ്ങൾക്ക് പ്രിയങ്കരം. ഓരോ ജീവിയുടെയും ഹൃദയമിടിപ്പിന്റെ നിരക്ക് (Heart rate), അവർ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ശബ്ദതരംഗങ്ങൾ (Frequencies) എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവ നിർമ്മിക്കുന്നത്. പൂച്ചകൾക്ക് അവയുടെ അമ്മപ്പൂച്ചകൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളോടും, നായ്ക്കൾക്ക് പിയാനോയുടെ പതുക്കെയുള്ള ഈണങ്ങളോടുമാണ് കൂടുതൽ താല്പര്യം.

പൂച്ചയ്ക്കും പട്ടികൾക്കും പശുക്കൾക്കും വേണ്ടിയുള്ള ആൽബങ്ങൾ ഇന്നു വിപണിയിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ‘മ്യൂസിക് ഫോർ ക്യാറ്റ്സ്’.അമേരിക്കൻ നാഷണൽ സിംഫണി ഓർക്കസ്ട്രയിലെ പ്രശസ്തനായ സംഗീതജ്ഞൻ ഡേവിഡ് ടെയ് ആണ് ഈ രംഗത്ത് ഏറ്റവും വലിയ വിപ്ലവം സൃഷ്ടിച്ചത്. അദ്ദേഹം പൂച്ചകൾക്കായി മാത്രം ‘മ്യൂസിക് ഫോർ ക്യാറ്റ്സ് ‘ എന്ന പേരിൽ 2018-ൽ ഒരു ആൽബം പുറത്തിറക്കി. പൂച്ചക്കുട്ടികളെ പരിപാലിക്കുമ്പോൾ അമ്മപ്പൂച്ച പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ, സന്തോഷം പ്രകടിപ്പിക്കാൻ അമ്മ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ എന്നിവയുടെ താളത്തിലാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മൃഗഡോക്ടർമാരുടെ അടുത്തേക്ക് കൊണ്ടുപോകുമ്പോഴോ വീട്ടിൽ ഒറ്റയ്ക്കാകുമ്പോഴോ ഉണ്ടാകുന്ന ഭയം കുറയ്ക്കാൻ ഈ ആൽബം പൂച്ചകളെ സഹായിക്കുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നായ്ക്കൾക്ക് പ്രിയം ‘റെഗ്ഗേയും’ ‘സോഫ്റ്റ് റോക്കും’. റെഗ്ഗേ എന്നത് സാക്ഷാൽ ജമൈക്കൻ ഗായകൻ ബോബ് മാർലിയുടെ സംഗീതശൈലി.നായ്ക്കളുടെ മാനസികാവസ്ഥയെ സംഗീതം എങ്ങനെ സ്വാധീനിക്കുന്നു എന്ന് സ്കോട്ട്ലൻഡിലെ എഡിൻബറോ യൂണിവേഴ്സിറ്റി വിപുലമായ പഠനം നടത്തിയിരുന്നു. ഈ പഠനത്തിൽ പറയുന്നത്, നായ്ക്കൾക്ക് ഏറ്റവും കൂടുതൽ ശാന്തത നൽകുന്നത് റെഗ്ഗേ (Reggae), സോഫ്റ്റ് റോക്ക് (Soft Rock) എന്നീ മ്യൂസിക് ശൈലികളാണെന്നാണ്. പിയാനോയുടെ സംഗീതവും നായ്ക്കൾക്കിഷ്ടമാണ്. ഇവ കേൾക്കുമ്പോൾ നായ്ക്കളുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലാകുകയും കുരയ്ക്കുന്നത് നിർത്തി വിശ്രമിക്കുകയും ചെയ്യും.എന്നാൽ കുറച്ചു ബഹളമയമായ റോക്ക് മ്യൂസിക് കേൾപ്പിച്ചപ്പോൾ അവ കൂടുതൽ അക്രമാസക്തരാവുകയും കുരയ്ക്കുകയും ചെയ്തു.

2009-ലാണ് നായ്ക്കൾക്കു വേണ്ടിയുള്ള ആദ്യ ആൽബമായ ‘ത്രൂ എ ഡോഗ്സ് ഇയർ’ (Through A Dog’s Ear) പുറത്തിറങ്ങിയത്. സൈക്കോസ്റ്റിക് ഗവേഷകനായ ജോഷ്വാ ലീഡ്സ്,പിയാനിസ്റ്റ് ലിസ സ്പെക്ടർ, മൃഗരോഗവിദഗ്ധ ഡോ.സൂസൻ വാഗ്നർ എന്നിവരായിരുന്നു ഈ ആൽബത്തിനു പിന്നിൽ പ്രവർത്തിച്ചത്. നായ്ക്കൾക്കു അസ്വസ്ഥത ഉണ്ടാക്കാത്ത,അവയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കുന്ന പതുക്കെയുള്ള താളത്തിലാണ് ഈ ആൽബത്തിലെ എല്ലാ ട്രാക്കുകളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇടിമുഴക്കവും പടക്കം പൊട്ടുന്ന ശബ്ദവും കേട്ടാൽ നായ്ക്കൾ കുറെ നേരം അസ്വസ്ഥരാകുമല്ലോ. അങ്ങനെ അസ്വസ്ഥരാകുന്ന നായ്ക്കളെ ഈ സംഗീതം കേൾപ്പിച്ചപ്പോൾ അവ പെട്ടെന്ന് ശാന്തരായി. ഉടമസ്ഥൻ സ്ഥലത്തില്ലാത്തപ്പോൾ പല രാജ്യങ്ങളിലും നായ്ക്കളെ ഈ പാട്ടുകൾ കേൾപ്പിക്കാറുണ്ട്.മ്യൂസിക് ഫോർ ദി കൗസ് (Music for the Cows )ആംഗ്ലോ-സ്കോട്ടിഷ് സംഗീതജ്ഞരായ ആർതർ കോട്സ്, കെറൻ കോട്ടെറെൽ എന്നിവർ ചേർന്ന് പുറത്തിറക്കിയ ആൽബമാണ് “മ്യൂസിക് ഫോർ കൗസ്”. 2024 ഫെബ്രുവരി 16-നാണ് ഈ ആൽബം ഔദ്യോഗികമായി റിലീസ് ചെയ്തത്. പശുക്കൾക്ക് പരമ്പരാഗതമായ ഈണങ്ങളോടും തദ്ദേശീയ സംഗീത ശൈലികളോടുമാണ് ഇഷ്ടമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആൽബം നിർമിക്കുന്നത്. ആർതർ കോട്സ് ഫിഡിൽ , വോക്കൽസ്, പൊഡോറിത്മി (podorythmie – പരമ്പരാഗത കനേഡിയൻ കാൽപ്പാദ താളം) എന്നിവ കൈകാര്യം ചെയ്തപ്പോൾ, കെറൻ കോട്ടെറെൽ ഗിറ്റാർ, ബോസൂക്കി (bouzouki) എന്നിവയിലൂടെ സംഗീതമൊരുക്കി. വീട്ടുകാർ പുറത്തുപോകുമ്പോൾ വളർത്തുമൃഗങ്ങൾക്കുണ്ടാകുന്ന ഒറ്റപ്പെടൽകുറയ്ക്കാനും ഉറക്കം സുഖകരമാക്കാനും ഈ ആൽബങ്ങൾ സഹായിക്കുന്നു. മൃഗങ്ങളും മനുഷ്യരെപ്പോലെ വികാരങ്ങളുള്ള ജീവികളാണ്. അവയുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് വളർത്തുന്നവരുടെ കടമയാണ്.

നിങ്ങളുടെ വീട്ടിലെ വളർത്തുമൃഗങ്ങളെ ഈ പാട്ടുകൾ കേൾപ്പിക്കാൻ ശ്രമിക്കുക. ഇവയെല്ലാം യൂട്യൂബിൽ ലഭ്യമാണ്. എന്നാൽ യൂട്യൂബിലെ പരസ്യങ്ങളിലെ ശബ്ദകോലാഹലം ചിലപ്പോൾ വിപരീതഫലം നൽകും. ഈ സംഗീതത്തിന്റെ ലോകം പരിചയപ്പെടുത്തിക്കൊടുക്കുന്നത് അവയുടെ ജീവിതം കൂടുതൽ സന്തോഷഭരിതമാക്കാൻ സഹായിക്കും.

