ബിഎസ്
ക്രൈസ്തവസഭയുടെ ആദ്യനൂറ്റാണ്ടുകളില്‍ വിശ്വാസം എന്നത് കേവലം ഒരു മതബോധ്യമോ വ്യക്തിപരമായ ആത്മീയാനുഭവമോ ആയിരുന്നില്ല; അധികാരത്തിന്റെ പീഡനങ്ങള്‍ക്കു മുന്നില്‍ തളരാതെ നിലകൊള്ളേണ്ട ധീരമായ ജീവിതസാക്ഷ്യമായിരുന്നു അത്. വിശ്വാസം ഉപേക്ഷിച്ചവരെ സഭയിലേക്ക് വീണ്ടും സ്വീകരിക്കണമോ, സഭയുടെ ഐക്യം എങ്ങനെ സംരക്ഷിക്കണം, മെത്രാന്റെ ഉത്തരവാദിത്വം എന്താണ്, ക്രൈസ്തവ സമൂഹം പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ സഭയെ നിരന്തരം അലട്ടിയിരുന്ന കാലഘട്ടം. ഈ നിര്‍ണായകമായ ചരിത്രസന്ദര്‍ഭത്തില്‍ വിശ്വാസത്തിന്റെ ഉറച്ച സാക്ഷിയായും സഭയുടെ ഐക്യത്തിനുവേണ്ടി നിലകൊണ്ട ഇടയനായും ശ്രദ്ധേയനായ വ്യക്തിയാണ് വിശുദ്ധ സിപ്രിയന്.
ലത്തീന്‍ ഭാഷയില്‍ ക്രൈസ്തവ ദൈവശാസ്ത്രരചനയ്ക്ക് ശക്തമായ അടിത്തറ പാകിയ ആദ്യകാല സഭാപിതാക്കന്മാരില് പ്രമുഖനായിരുന്ന സിപ്രിയന്റെ പൂര്‍ണനാമം താഷിയൂസ് സെസിലിയൂസ് സിപ്രിയാനൂസ് എന്നായിരുന്നു. സി.ഇ. മൂന്നാം നൂറ്റാണ്ടില്‍ വടക്കേ ആഫ്രിക്കയിലെ കാര്‍ത്തേജില്‍ ജീവിച്ച അദ്ദേഹം വാഗ്മിയും അധ്യാപകനും പിന്നീട് മെത്രാനുമായി മാറി. റോമന്‍ സാമ്രാജ്യത്തിന്റെ മതപീഡനങ്ങള്‍ക്കിടയിലും സഭയുടെ ഐക്യവും വിശ്വാസികളുടെ ആത്മീയജീവിതവും സംരക്ഷിക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ക്രൈസ്തവ ചരിത്രത്തില്‍ മായാത്ത അടയാളങ്ങള്‍ പതിപ്പിച്ചു.അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അന്ത്യം രക്തസാക്ഷിത്വത്തിലായിരുന്നു. വിശ്വാസം നിഷേധിക്കാന്‍ വിസമ്മതിച്ച സിപ്രിയന് സി.ഇ. 258 സെപ്റ്റംബര്‍ 14-ന് വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം ഒരു ദൈവശാസ്ത്രജ്ഞന്റെ ബൗദ്ധികയാത്ര മാത്രമല്ല; പ്രതിസന്ധികളിലൂടെ കടന്നുപോയ സഭയുടെ ചരിത്രവും വിശ്വാസത്തിനുവേണ്ടി ജീവന് സമര്‍പ്പിച്ച ഒരു ഇടയന്റെ സാക്ഷ്യവും കൂടിയാണ്.സമ്പന്നതയില്‍നിന്ന് വിശ്വാസത്തിലേക്ക്വടക്കേ ആഫ്രിക്കയില്‍, ഒരുപക്ഷേ കാര്‍ത്തേജ് നഗരത്തില്‍, സമ്പന്നമായ ഒരു പേഗന്‍ റോമന്‍ കുടുംബത്തിലാണ് സിപ്രിയന് ജനിച്ചതെന്ന് കരുതപ്പെടുന്നു. അന്നത്തെ റോമന്‍ ആഫ്രിക്കയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ-സാംസ്കാരിക കേന്ദ്രമായിരുന്നു കാര്‍ത്തേജ്. വ്യാപാരവും വിദ്യാഭ്യാസവും വാഗ്മിത്വവും നിയമപഠനവുമെല്ലാം അവിടെ വളര്‍ന്നിരുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ ബൗദ്ധികവും സാംസ്കാരികവുമായ പാരമ്പര്യങ്ങള്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന നഗരവുമായിരുന്നു അത്.സമ്പന്നമായ കുടുംബപശ്ചാത്തലം സിപ്രിയന് മികച്ച വിദ്യാഭ്യാസം നേടാനുള്ള അവസരം നല്കി. ലത്തീന്‍ സാഹിത്യത്തിലും വാഗ്മിത്വത്തിലും അദ്ദേഹം പ്രാവീണ്യം നേടി. പ്രസംഗകലയിലും വാദപ്രതിവാദങ്ങളിലും അസാധാരണമായ കഴിവുണ്ടായിരുന്ന അദ്ദേഹം പിന്നീട് പ്രമുഖ വാഗ്മിയായി അറിയപ്പെട്ടു. കോടതികളുമായി ബന്ധപ്പെട്ട നിയമവൃത്തങ്ങളിലും വാഗ്മിത്വാധ്യാപനരംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായി ജീവചരിത്രസ്രോതസ്സുകള് വ്യക്തമാക്കുന്നു.എന്നാല്‍ സമ്പത്തും സാമൂഹികപ്രതാപവും വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആത്മസംതൃപ്തി പൂര്‍ണമാക്കിയില്ല. ക്രൈസ്തവവിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനം ഒരു വ്യക്തിയുടെ ആത്മീയജീവിതത്തില്‍ സംഭവിച്ച മാറ്റം മാത്രമല്ല, സമകാലിക സമൂഹത്തിന്റെ മൂല്യബോധത്തെക്കുറിച്ചുള്ള പുതിയ തിരിച്ചറിവുകൂടിയായിരുന്നു.സിപ്രിയന്റെ ക്രൈസ്തവവിശ്വാസത്തിലേക്കുള്ള പ്രവേശനത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചത് സെസിലിയൂസ് എന്ന ക്രൈസ്തവ വൈദികനായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി സിപ്രിയന് തന്റെ പേരിനോടൊപ്പം സെസിലിയൂസ് എന്ന പേര് സ്വീകരിച്ചുവെന്നാണ് പാരമ്പര്യം.അദ്ദേഹത്തിന്റെ മാമ്മോദീസയുടെ കൃത്യമായ തീയതിയെക്കുറിച്ച് പൂര്‍ണമായ ഉറപ്പില്ലെങ്കിലും സി.ഇ. 245-ഓടെ, ഏകദേശം മുപ്പത്തിയഞ്ചാം വയസ്സില്‍, അദ്ദേഹം ക്രൈസ്തവവിശ്വാസം സ്വീകരിച്ചതായി പൊതുവെ കരുതപ്പെടുന്നു.മാമ്മോദീസ സ്വീകരിച്ചതോടെ സിപ്രിയന്റെ ജീവിതദര്‍ശനം മാറി. സമ്പത്തും സ്ഥാനമാനങ്ങളും വ്യക്തിപ്രശസ്തിയും കേന്ദ്രീകരിച്ച ജീവിതത്തില്‍നിന്ന് ദൈവാന്വേഷണത്തിലേക്കും സേവനത്തിലേക്കും അദ്ദേഹം തിരിഞ്ഞു.

തന്റെ സമ്പത്തിന്റെ ഒരു ഭാഗം ദരിദ്രര്‍ക്കു വിതരണം ചെയ്തതായും രേഖകളില്‍ കാണുന്നു. ക്രൈസ്തവവിശ്വാസം അദ്ദേഹത്തിന് ഒരു പുതിയ മതപരമായ തിരിച്ചറിയല്‍ മാത്രമായിരുന്നില്ല; സമ്പത്തിനോടും അധികാരത്തോടും സഹജീവികളോടുമുള്ള സമീപനത്തില്‍ സംഭവിച്ച അടിസ്ഥാനപരമായ പരിവര്‍ത്തനമായിരുന്നു.തന്റെ മാനസാന്തരാനുഭവത്തെക്കുറിച്ച് അദ്ദേഹം എഴുതിയ വിവരണം ആദ്യകാല ക്രൈസ്തവ സാഹിത്യത്തിലെ ശ്രദ്ധേയമായ ആത്മസാക്ഷ്യങ്ങളിലൊന്നാണ്. പാപത്തിന്റെയും പഴയ ജീവിതശീലങ്ങളുടെയും ബന്ധനങ്ങളില്‍നിന്ന് മോചിതനാകുക പ്രയാസകരമാണെന്ന് താന്‍ കരുതിയിരുന്നുവെന്നും എന്നാല്‍ മാമ്മോദീസയിലൂടെ ലഭിച്ച പുതിയ ജീവിതം തന്റെ ഹൃദയത്തില്‍ പുതിയ വെളിച്ചം പകര്‍ന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പഴയ ജീവിതത്തിന്റെ ഇരുട്ടില്‍നിന്ന് പുതിയ ജീവിതത്തിന്റെ പ്രകാശത്തിലേക്കുള്ള ഈ യാത്രയാണ് സിപ്രിയന്റെ തുടര്‍ന്നുള്ള ദൈവശാസ്ത്രചിന്തകളുടെ അടിത്തറയായത്.
വാഗ്മിയില്നിന്ന് ദൈവശാസ്ത്രജ്ഞനിലേക്ക്ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിനുശേഷം സിപ്രിയന് വളരെ വേഗം സഭയുടെ നേതൃത്വത്തിലേക്ക് ഉയര്‍ന്നു. ഡീക്കനായും പിന്നീട് വൈദികനായും അദ്ദേഹം ശുശ്രൂഷ ചെയ്തു. സി.ഇ 248-നും 249-നും ഇടയില്‍ കാര്‍ത്തേജിന്റെ മെത്രാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സഭയിലെ ദരിദ്രര്‍ക്കും സാധാരണ വിശ്വാസികള്‍ക്കും ഇടയില്‍ സിപ്രിയന് വലിയ സ്വീകാര്യതയുണ്ടായിരുന്നു. സമ്പന്നനായിരുന്ന കാലത്തുപോലും ദരിദ്രരോട് അദ്ദേഹം പുലര്‍ത്തിയ സമീപനവും മാനസാന്തരത്തിനുശേഷം സ്വീകരിച്ച സേവനജീവിതവും അദ്ദേഹത്തിന് ജനപിന്തുണ നേടിക്കൊടുത്തു. എന്നാല്‍ അദ്ദേഹത്തിന്റെ വേഗത്തിലുള്ള ഉയര്‍ച്ച എല്ലാവര്ക്കും സ്വീകാര്യമായിരുന്നില്ല. കാര്‍ത്തേജിലെ ചില മുതിര്‍ന്ന വൈദികര്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പുകള്‍ പിന്നീട് സഭയ്ക്കുള്ളിലെ പ്രതിസന്ധികളില്‍ വീണ്ടും പ്രകടമായി.മെത്രാനായി ചുമതലയേറ്റ ഉടന്‍തന്നെ സിപ്രിയന് നേരിടേണ്ടിവന്നത് സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടങ്ങളിലൊന്നായിരുന്നു. സി.ഇ. 249-ല്‍ ഡെഷ്യസ് ചക്രവര്‍ത്തിയുടെ കാലത്ത് ആരംഭിച്ച മതപീഡനം ക്രൈസ്തവസമൂഹത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. ഈ കാലഘട്ടത്തിലാണ് സിപ്രിയന്റെ ദൈവശാസ്ത്രപ്രതിഭയും ഭരണപരമായ കഴിവും ഇടയധര്മത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യവും പൂര്‍ണമായി വെളിപ്പെട്ടത്. അദ്ദേഹത്തിന്റെ രചനകള്‍ കേവലം സൈദ്ധാന്തികമായ ചര്‍ച്ചകളായിരുന്നില്ല. വിശ്വാസികള്‍ അഭിമുഖീകരിച്ചിരുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങളായിരുന്നു അവ.ലത്തീന്‍ ഭാഷയില്‍ എഴുതിയ അദ്ദേഹത്തിന്റെ കൃതികള്‍ വ്യക്തതയ്ക്കും വാഗ്മിത്വത്തിനും പ്രായോഗികമായ ദൈവശാസ്ത്രദര്ശനത്തിനും പേരുകേട്ടവയാണ്. വിശുദ്ധ ജെറോമിന്റെയും വിശുദ്ധ അഗസ്റ്റിന്റെയും കാലത്തിനുമുമ്പ് പാശ്ചാത്യസഭയിലെ ഏറ്റവും സ്വാധീനശക്തിയുള്ള ലത്തീന്‍ ക്രൈസ്തവ എഴുത്തുകാരിലൊരാളായി സിപ്രിയന് അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ചിന്തകളില്‍ മുന്‍പന്തിയില്‍ നിന്നത് സഭയുടെ ഐക്യം, മെത്രാന്മാരുടെ ഉത്തരവാദിത്വം, പ്രാര്‍ഥന, ദാനധര്‍മം, പാപമോചനം, കൂദാശകളുടെ പ്രാധാന്യം എന്നിവയായിരുന്നു.ഡെഷ്യസ് ചക്രവര്‍ത്തിയുടെ മതപീഡനംസി.ഇ. 250-ല്‍ റോമന്‍ ചക്രവര്‍ത്തിയായ ഡെഷ്യസ് പുറപ്പെടുവിച്ച മതപരമായ ഉത്തരവുകള്‍ ക്രൈസ്തവര്‍ക്കു കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പരമ്പരാഗത ദേവന്മാര്ക്കു ബലിയര്‍പ്പിച്ചതിന്റെ തെളിവ് ഹാജരാക്കണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടു. സാമ്രാജ്യത്തിന്റെ മതാചാരങ്ങളില്‍ പങ്കുചേരാന്‍ വിസമ്മതിച്ച ക്രൈസ്തവര്‍ ഭരണകൂടത്തിന്റെ സംശയത്തിനും പീഡനത്തിനും ഇരയായി. ഈ ഉത്തരവിന്റെ രേഖാമൂലമുള്ള യഥാര്‍ഥ രൂപം ഇന്ന് ലഭ്യമല്ലെങ്കിലും ബലിയര്‍പ്പിച്ചതായി തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍ അഥവാ ലിബെല്ലി നല്കുന്ന രീതി അന്നുണ്ടായിരുന്നുവെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.ക്രൈസ്തവര്‍ക്ക് ഇതൊരു നിര്‍ണായക പരീക്ഷയായിരുന്നു. ചിലര്‍ പീഡനത്തെ ഭയന്ന് പുറജാതി (പേഗന്‍) ദേവന്മാര്ക്ക് ബലിയര്‍പ്പിച്ചു. മറ്റുചിലര്‍ ബലിയര്‍പ്പിച്ചതായി വ്യാജമായോ സമ്മര്‍ദത്തിലൂടെയോ രേഖകള്‍ നേടി. ചിലര്‍ പീഡനങ്ങള്‍ക്കു മുന്നില്‍ ഉറച്ചുനിന്ന് വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചു. വിശ്വാസം നിഷേധിക്കാത്തതിന്റെ പേരില്‍ പലരും തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.സിപ്രിയന് കാര്‍ത്തേജ് വിട്ട് സുരക്ഷിതമായ ഒരിടത്തേക്ക് മാറി. മെത്രാന് കൊല്ലപ്പെട്ടാല്‍ വിശ്വാസികള്‍ക്ക് ഇടയനില്ലാത്ത അവസ്ഥയുണ്ടാകുമെന്നും അകന്നിരുന്നുകൊണ്ടെങ്കിലും സഭയെ നയിക്കാനും വിശ്വാസികളെ സഹായിക്കാനും തനിക്ക് കഴിയുമെന്നും അദ്ദേഹം കരുതി. അദ്ദേഹം ഒളിവിലായിരുന്നപ്പോഴും കത്തുകളിലൂടെ സഭയുടെ ഭരണവും ആത്മീയപരിപാലനവും തുടര്‍ന്നു. ദൂരെയിരുന്നുകൊണ്ട് വിശ്വാസികളെ നയിക്കാനും വൈദികരുമായി ആശയവിനിമയം നടത്താനും വിവിധ പ്രദേശങ്ങളിലെ മെത്രാന്മാരുമായി ബന്ധം പുലര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രതിസന്ധിക്കാലത്തെ സഭാനേതൃത്വത്തിന്റെ പുതിയൊരു മാതൃകയായി ഈ പ്രവര്‍ത്തനം മാറി.വിശ്വാസം ഉപേക്ഷിച്ചവരെ സഭയിലേക്ക് തിരിച്ചെടുക്കാമോ?ഡെഷ്യസിന്റെ പീഡനങ്ങള്‍ക്കുശേഷം സഭയെ അലട്ടിയ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വിശ്വാസം ഉപേക്ഷിച്ചവരുടെ പുനഃപ്രവേശനമായിരുന്നു. പീഡനത്തെ ഭയന്ന് മറ്റു ദേവന്മാര്ക്ക് ബലിയര്‍പ്പിച്ചവരെയും ബലിയര്‍പ്പിച്ചതായി സാക്ഷ്യപത്രങ്ങള്‍ നേടിയവരെയും പൊതുവായി ലാപ്സി അഥവാ വീണുപോയവര്‍ എന്നു വിളിച്ചു. ഇവരില്‍ പലരും പിന്നീട് തങ്ങളുടെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ച് സഭയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവരെ സ്വീകരിക്കുന്നതില്‍ സഭയ്ക്കുള്ളില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തു. ഒരു വിഭാഗം വിശ്വാസനിഷേധത്തെ അതീവ ഗൗരവത്തോടെ കണ്ടു. യഥാര്‍ഥ പശ്ചാത്താപവും പരസ്യമായ പ്രായശ്ചിത്തവും കൂടാതെ വീണുപോയവരെ വിശുദ്ധ കുര്‍ബാനയുള്‍പ്പെടെയുള്ള സഭാജീവിതത്തിലേക്ക് തിരികെ പ്രവേശിപ്പിക്കരുതെന്ന് അവര്‍ വാദിച്ചു. മറ്റൊരു വിഭാഗം കരുണയ്ക്കും ക്ഷമയ്ക്കും മുന്‍തൂക്കം നല്കി, പീഡനകാലത്ത് വീണുപോയവരെ വേഗത്തില്‍ സഭയിലേക്ക് തിരിച്ചെടുക്കാന്‍ ശ്രമിച്ചു. ഈ പ്രശ്നം കേവലം സഭാഭരണവുമായി ബന്ധപ്പെട്ടതായിരുന്നില്ല. ദൈവത്തിന്റെ കരുണയും മനുഷ്യന്റെ ഉത്തരവാദിത്വവും പാപമോചനത്തിന്റെ സ്വഭാവവും സഭയുടെ വിശുദ്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ദൈവശാസ്ത്രചോദ്യമായിരുന്നു അത്.സിപ്രിയന് സ്വീകരിച്ചത് ഈ രണ്ട് അതിരുകള്ക്കുമിടയിലെ മധ്യമാര്ഗമായിരുന്നു. വീണുപോയവരെ സഭയില്‍നിന്ന് എന്നെന്നേക്കുമായി പുറത്താക്കണമെന്ന വാദം അദ്ദേഹം അംഗീകരിച്ചില്ല. അതേസമയം, വിശ്വാസനിഷേധത്തെ ഗൗരവമില്ലാത്ത സംഭവമായി കണക്കാക്കി എല്ലാവരെയും ഉടനടി തിരിച്ചെടുക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു. യഥാര്‍ഥ പശ്ചാത്താപം, പ്രായശ്ചിത്തം, ആത്മീയമായ പുനഃസ്ഥാപനം എന്നിവയിലൂടെ വീണുപോയവര്‍ക്ക് സഭയുമായി വീണ്ടും ഐക്യപ്പെടാന്‍ കഴിയുമെന്ന് അദ്ദേഹം പഠിപ്പിച്ചു.സി.ഇ. 251-ല്‍ കാര്‍ത്തേജില്‍ ചേര്‍ന്ന വടക്കേ ആഫ്രിക്കന്‍ മെത്രാന്മാരുടെ സുന്നഹദോസ് സിപ്രിയന്റെ നിലപാടുകള്‍ക്ക് പൊതുവേ അംഗീകാരം നല്കി. സഭയില്‍നിന്ന് അകന്നുപോയവരെ സ്വീകരിക്കുന്നതില്‍ സാഹചര്യവും പശ്ചാത്താപത്തിന്റെ ആത്മാര്‍ഥതയും പരിഗണിക്കണമെന്ന സമീപനം കൂടുതല്‍ വ്യക്തമായി. ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം രചിച്ച De Lapsis (വീണുപോയവരെക്കുറിച്ച്) എന്ന കൃതി ആദ്യകാല സഭയുടെ പ്രായശ്ചിത്തക്രമത്തെ മനസ്സിലാക്കാന്‍ പ്രധാനപ്പെട്ട സ്രോതസ്സാണ്.
സഭാഭിന്നതയ്ക്കെതിരായ പോരാട്ടംവീണുപോയവരെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം കാര്‍ത്തേജിലെ സഭയില്‍ ഭിന്നതയ്ക്ക് കാരണമായി. സിപ്രിയന്റെ തീരുമാനങ്ങളെ എതിര്‍ത്ത ചില വൈദികര്‍ അദ്ദേഹത്തിന്റെ അഭാവകാലത്ത് സ്വന്തം നിലപാടുകള്‍ക്കനുസരിച്ച് വിശ്വാസികളെ സഭാജീവിതത്തിലേക്ക് തിരിച്ചെടുക്കാന്‍ ശ്രമിച്ചു. ഫെലിസിസിമസ് എന്ന വൈദികനുമായി ബന്ധപ്പെട്ട തര്‍ക്കം ഈ ഭിന്നതയെ കൂടുതല്‍ രൂക്ഷമാക്കി. സിപ്രിയന്റെ അധികാരത്തെയും സഭയുടെ അച്ചടക്കക്രമത്തെയും ചോദ്യം ചെയ്ത വിഭാഗം ബദല്‍ നേതൃത്വത്തിനും ശ്രമിച്ചു. അതേസമയം റോമിലും സമാനമായ പ്രശ്നം ഉടലെടുത്തു. പാപത്തില്‍ വീണവരെ സഭയിലേക്ക് തിരിച്ചെടുക്കുന്നതില്‍ അതീവ കര്‍ശനമായ നിലപാട് സ്വീകരിച്ച നോവേഷ്യന്, റോമിലെ മെത്രാനായ കൊര്‍ണേലിയൂസിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തു. സഭയുടെ ചരിത്രത്തില്‍ നോവേഷ്യനിസ്റ്റ് ഭിന്നത എന്നറിയപ്പെടുന്ന പ്രതിസന്ധി ഇതിലൂടെ ശക്തമായി. ഈ തര്‍ക്കങ്ങളില്‍ സിപ്രിയന്റെ നിലപാട് നിര്‍ണായകമായിരുന്നു. സഭയുടെ വിശുദ്ധിയും അച്ചടക്കവും സംരക്ഷിക്കണമെന്ന ആവശ്യത്തോടൊപ്പം മാനസാന്തരപ്പെടുന്നവര്‍ക്ക് തിരിച്ചുവരാനുള്ള അവസരവും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സഭ എന്നത് സിപ്രിയനെ സംബന്ധിച്ചിടത്തോളം ഒരേ വിശ്വാസത്തില്‍ ഒന്നിച്ചുനില്‍ക്കുന്ന സമൂഹമായിരുന്നു. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളോ നേതൃത്വത്തോടുള്ള എതിര്‍പ്പോ സഭയുടെ ഐക്യത്തെ തകര്‍ക്കുന്ന വിധത്തില്‍ വളരരുതെന്ന് അദ്ദേഹം വിശ്വസിച്ചു.കത്തോലിക്കാസഭയുടെ ഐക്യത്തില്സിപ്രിയന്റെ വലിയ സംഭാവനസിപ്രിയന്റെ ദൈവശാസ്ത്രചിന്തകളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമുള്ളത് സഭയുടെ ഐക്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനത്തിനാണ്. വിശ്വാസം വ്യക്തിപരമായ അനുഭവമാണെങ്കിലും അത് സഭയുമായുള്ള ബന്ധത്തില്‍നിന്ന് വേര്‍പെടുത്താനാവില്ലെന്ന് അദ്ദേഹം വാദിച്ചു. സഭയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനം ക്രിസ്തുവിന്റെ ശരീരം എന്ന ബൈബിള്സങ്കല്പ്പത്തില് അധിഷ്ഠിതമായിരുന്നു. ശരീരത്തിലെ അവയവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതുപോലെ സഭയിലെ അംഗങ്ങളും ഐക്യത്തില്‍ ജീവിക്കണം. ഭിന്നതയും വിഭാഗീയതയും സഭയുടെ ആത്മീയജീവിതത്തെ ദുര്‍ബലപ്പെടുത്തുന്നു. സിപ്രിയന്റെ ചിന്തയില്‍ മെത്രാന്മാരുടെ കൂട്ടായ്മയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. ഓരോ പ്രാദേശികസഭയ്ക്കും അതിന്റെ മെത്രാന് നേതൃത്വം നല്കുമ്പോഴും മെത്രാന്മാര് പരസ്പരം ഐക്യത്തിലും കൂട്ടായ ഉത്തരവാദിത്വത്തിലും നിലകൊള്ളണമെന്ന് അദ്ദേഹം കരുതി. സഭയുടെ ഐക്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആശയം ഇങ്ങനെ സംഗ്രഹിക്കാം: സഭയെ മാതാവായി സ്വീകരിക്കാത്തവന് ദൈവത്തെ പിതാവായി സ്വീകരിക്കാനാവില്ല.സിപ്രിയന്റെ സഭാദര്‍ശനത്തെ ചരിത്രപരമായ സാഹചര്യത്തില്‍ത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. അദ്ദേഹം എഴുതിയ കാലത്ത് സഭയ്ക്ക് പുറമേനിന്നുള്ള പീഡനങ്ങളും അകമേനിന്നുള്ള ഭിന്നതകളും ഒരേസമയം നേരിടേണ്ടിവന്നിരുന്നു. അതിനാല്‍ സഭയുടെ ഐക്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഊന്നല്‍ ഒരു അമൂര്‍ത്തമായ ദൈവശാസ്ത്രസിദ്ധാന്തം മാത്രമായിരുന്നില്ല; പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മീയവും പ്രായോഗികവുമായ മാര്‍ഗം കൂടിയായിരുന്നു. അദ്ദേഹം സഭയുടെ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരുടെ പങ്കിനെയും എടുത്തുകാട്ടി. പത്രോസിന്റെ പ്രാധാന്യത്തെ അദ്ദേഹം അംഗീകരിച്ചു. അതോടൊപ്പം അപ്പസ്തോലന്മാരുടെ അധികാരവും മെത്രാന്മാരുടെ ഉത്തരവാദിത്വവും സഭയുടെ ഐക്യവുമായി ബന്ധപ്പെട്ടതാണെന്നും പഠിപ്പിച്ചു. ഈ ആശയങ്ങള്‍ പില്ക്കാല കത്തോലിക്കാ സഭയുടെ സഭാശാസ്ത്രവികാസത്തില് വലിയ സ്വാധീനം ചെലുത്തി. സിപ്രിയനെ ഒരു പ്രത്യേക കാലഘട്ടത്തിലെ സഭാഭരണസംവിധാനത്തിന്റെ വക്താവായി മാത്രം കാണാനാവില്ല. ക്രിസ്തുവില്‍ ഒന്നായിരിക്കുന്ന സഭയുടെ ദൃശ്യമായ ഐക്യം എങ്ങനെ സംരക്ഷിക്കണം എന്ന ചോദ്യത്തിന് ഉത്തരം തേടിയ ദൈവശാസ്ത്രജ്ഞനായി അദ്ദേഹത്തെ മനസ്സിലാക്കണം.
മാമ്മോദീസയെക്കുറിച്ചുള്ള വിവാദംസിപ്രിയന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ സഭയെ അലട്ടിയ മറ്റൊരു വലിയ വിവാദം മാമ്മോദീസയുമായി ബന്ധപ്പെട്ടതായിരുന്നു. മതപീഡനങ്ങളെയും സഭാഭിന്നതകളെയും അതിജീവിച്ചശേഷവും അദ്ദേഹത്തിന്റെ ദൈവശാസ്ത്രനിലപാടുകള് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കി. സഭയ്ക്ക് പുറത്തുള്ള പാഷണ്ഡവിഭാഗങ്ങളോ സഭാഭിന്നതയിലായിരുന്ന സമൂഹങ്ങളോ നല്കിയ മാമ്മോദീസയുടെ സാധുതയായിരുന്നു തര്‍ക്കവിഷയം.സിപ്രിയന്റെ അഭിപ്രായത്തില്‍ സഭയുടെ ഐക്യത്തിന് പുറത്തുനിന്ന് നല്കുന്ന മാമ്മോദീസയെ സഭയുടെ യഥാര്‍ഥ മാമ്മോദീസയായി അംഗീകരിക്കാനാവില്ല. അതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ സഭയിലേക്ക് മടങ്ങിവരുന്നവര്‍ക്ക് വീണ്ടും മാമ്മോദീസ നല്‍കണമെന്ന് അദ്ദേഹം വാദിച്ചു.എന്നാല്‍ റോമിലെ മെത്രാനായ വിശുദ്ധ സ്റ്റീഫന്‍ ഒന്നാമന് ഈ നിലപാടിനോട് യോജിച്ചില്ല. ത്രിത്വനാമത്തില്‍ ശരിയായ രീതിയില്‍ നല്കിയ മാമ്മോദീസയെ വീണ്ടും ആവര്‍ത്തിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.ഇതോടെ സിപ്രിയനും സ്റ്റീഫന്‍ പാപ്പയും തമ്മില്‍ ഗൗരവമായ അഭിപ്രായവ്യത്യാസം ഉടലെടുത്തു. ഈ തര്‍ക്കം സഭയുടെ ഐക്യത്തെക്കുറിച്ചുള്ള സിപ്രിയന്റെ നിലപാടിനെയും കൂദാശകളുടെ സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തെയും കൂടുതല്‍ വ്യക്തമാക്കുന്നു. ഈ വിവാദം ആദ്യകാല സഭയില്‍ കൂദാശകളെക്കുറിച്ചുള്ള ദൈവശാസ്ത്രചിന്ത എത്രമാത്രം സജീവമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. സഭയുടെ വിശ്വാസവും കൂദാശകളുടെ സാധുതയും സഭാഭിന്നതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സിപ്രിയന്റെ രചനകള്‍ വലിയ സംഭാവന നല്കി.മഹാമാരിയും ദാനധര്മവുംസിപ്രിയന്റെ ജീവിതകാലത്ത് കാര്‍ത്തേജിലും റോമന്‍ സാമ്രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലും ഗുരുതരമായ മഹാമാരിയും സാമൂഹികപ്രതിസന്ധികളും അനുഭവപ്പെട്ടു. പില്ക്കാലത്ത് സിപ്രിയന്റെ മഹാമാരി എന്നറിയപ്പെട്ട ഈ പകര്‍ച്ചവ്യാധി മൂന്നാം നൂറ്റാണ്ടിലെ സമൂഹത്തില്‍ വലിയ ഭീതി സൃഷ്ടിച്ചു. ദുരന്തകാലത്ത് ക്രൈസ്തവര്‍ നേരിട്ട മറ്റൊരു വെല്ലുവിളി സമൂഹത്തില്‍ നിലനിന്നിരുന്ന മുന്‍വിധികളായിരുന്നു. സാമ്രാജ്യത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് ക്രൈസ്തവരാണ് കാരണമെന്ന ആരോപണം ചില പുറജാതി വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സിപ്രിയന് വിശ്വാസികളെ ഭയത്തിലും വിദ്വേഷത്തിലും അകപ്പെട്ടുപോകാതിരിക്കാന്‍ പ്രബോധിപ്പിച്ചു. രോഗവും മരണവും മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മിപ്പിക്കുന്നുവെന്നും ക്രൈസ്തവര്‍ പ്രാര്‍ഥനയിലും പ്രത്യാശയിലും ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു.രോഗബാധിതരെയും ദരിദ്രരെയും ഉപേക്ഷിക്കാതെ സഹായിക്കേണ്ടതിന്റെ പ്രാധാന്യവും സിപ്രിയന് ഊന്നിപ്പറഞ്ഞുക്രൈസ്തവസ്നേഹം ആരാധനയിലും പ്രാര്‍ഥനയിലും മാത്രം ഒതുങ്ങുന്നതല്ല; സഹജീവികളുടെ വേദനയില്‍ പങ്കുചേരുന്നതിലൂടെയാണ് അതിന്റെ യഥാര്‍ഥ അര്‍ഥം വെളിപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യപ്പെടുത്തി.സമ്പന്നമായ കുടുംബത്തില്‍ ജനിച്ച സിപ്രിയന് തന്റെ സമ്പത്തിന്റെ ഒരു ഭാഗം ദരിദ്രര്‍ക്കു നല്‍കിയിരുന്നു. പിന്നീട് മെത്രാനായിരിക്കുമ്പോഴും സാമൂഹികപ്രതിസന്ധികളില്‍ സഹായത്തിന്റെയും കരുണയുടെയും പ്രാധാന്യം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.മഹാമാരിയുടെ കാലത്ത് മനുഷ്യരെ ജാതിയോ മതമോ സാമൂഹികപദവിയോ നോക്കാതെ സഹായിക്കുക എന്നത് ക്രൈസ്തവജീവിതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന്റെ സമീപനം ഓര്‍മിപ്പിക്കുന്നു. രോഗവും മരണവും ഭയവും നിറഞ്ഞ സാഹചര്യങ്ങളില്‍ പ്രത്യാശയുടെ സമൂഹമായി സഭ നിലകൊള്ളണമെന്ന അദ്ദേഹത്തിന്റെ സന്ദേശത്തിന് ഇന്നും പ്രസക്തിയുണ്ട്.വിശ്വാസത്തിന്റെ പേരില്‍ നാടുകടത്തല്സി.ഇ. 257-ല്‍ വലേറിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ക്രൈസ്തവര്‍ക്കെതിരായ പുതിയ മതപീഡനം ആരംഭിച്ചു. ഈ ഘട്ടത്തില്‍ സഭാനേതാക്കളെയും വൈദികരെയും ലക്ഷ്യമിട്ടുള്ള നടപടികള്‍ കൂടുതല്‍ ശക്തമായി. സിപ്രിയന് വിശ്വാസികളെ ഈ പ്രതിസന്ധിക്കായി ഒരുക്കി. രക്തസാക്ഷിത്വത്തിന്റെ ആത്മീയമൂല്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ De Exhortatione Martyrii എന്ന കൃതി വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ആഹ്വാനമായിരുന്നു.സി.ഇ. 257 ഓഗസ്റ്റ് 30-ന് റോമന്‍ അധികാരിയായ പ്രൊകോണ്സല് അസ്പാസിയൂസ് പറ്റേര്ണസിന്റെ മുമ്പില്‍ അദ്ദേഹത്തെ ഹാജരാക്കി. റോമന്‍ ദേവന്മാര്ക്ക് ബലിയര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിപ്രിയന് അതിനു വിസമ്മതിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം അദ്ദേഹം ഉറച്ചുപറഞ്ഞു. തുടര്‍ന്ന് കാര്ത്തേജില്നിന്ന് അകലെ കുരൂബിസ് എന്ന സ്ഥലത്തേക്ക് അദ്ദേഹത്തെ നാടുകടത്തി. ഇന്നത്തെ ടുണീഷ്യയിലെ കോര്‍ബയാണ് ഇത്. നാടുകടത്തപ്പെട്ടിട്ടും അദ്ദേഹം വിശ്വാസം ഉപേക്ഷിച്ചില്ല. തന്റെ ആത്മീയജീവിതത്തിലും സഭയോടുള്ള ഉത്തരവാദിത്വത്തിലും അദ്ദേഹം ഉറച്ചുനിന്നു.ഏകദേശം ഒരു വര്‍ഷത്തിനുശേഷം സിപ്രിയനെ വീണ്ടും കാര്‍ത്തേജിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഭരണകൂടത്തിന്റെ നിരീക്ഷണത്തിനും നിയന്ത്രണങ്ങള്‍ക്കും വിധേയനായി അദ്ദേഹം വീട്ടുതടങ്കലില്‍ കഴിഞ്ഞു. അതിനിടെ ക്രൈസ്തവനേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള കൂടുതല്‍ കര്‍ശനമായ ഉത്തരവുകള്‍ പുറപ്പെടുവിക്കപ്പെട്ടു.രക്തസാക്ഷിത്വം
സി.ഇ 258 സെപ്റ്റംബര്‍ 13-ന് പുതിയ പ്രൊകോണ്സലായ ഗലേറിയൂസ് മാക്സിമസ് സിപ്രിയനെ തടവിലാക്കി. പിറ്റേന്ന് അദ്ദേഹത്തെ വിചാരണയ്ക്കായി ഹാജരാക്കി. വിചാരണയുടെ രേഖകള്‍ പില്ക്കാലത്തേക്ക് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ സിപ്രിയന്റെ ഉറച്ച വിശ്വാസപ്രഖ്യാപനം വ്യക്തമായി പ്രതിഫലിക്കുന്നു. റോമന്‍ ആചാരങ്ങള്‍ അനുസരിക്കാനും ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം ബലിയര്‍പ്പിക്കാനും ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. തന്റെ വിശ്വാസത്തെക്കുറിച്ച് വിശദീകരിക്കാന്‍ അവസരം ലഭിച്ചിട്ടും ക്രിസ്തുവിനെ നിഷേധിക്കാന്‍ അദ്ദേഹം തയ്യാറായില്ല.അധികാരികള്‍ അദ്ദേഹത്തെ നിയമവിരുദ്ധമായ മതസംഘത്തിന്റെ നേതാവായും റോമന്‍ ദേവന്മാരുടെ ശത്രുവായും ചിത്രീകരിച്ചു. ഒടുവില്‍ വാളുകൊണ്ട് വധിക്കാനുള്ള ശിക്ഷ പ്രഖ്യാപിച്ചു. വിധി കേട്ടപ്പോള്‍ സിപ്രിയന് ദൈവത്തിനു നന്ദി പറഞ്ഞു എന്നാണ് രക്തസാക്ഷിത്വരേഖയില് രേഖപ്പെടുത്തിയിരിക്കുന്നത്.സി.ഇ. 258 സെപ്റ്റംബര്‍ 14-ന് കാര്ത്തേജിനടുത്തുള്ള തുറസ്സായ സ്ഥലത്ത് അദ്ദേഹത്തെ വധിച്ചു. വധസ്ഥലത്തേക്ക് വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ അനുഗമിച്ചു. സ്വയം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി മുട്ടുകുത്തി പ്രാര്‍ഥിച്ചശേഷം അദ്ദേഹം വധശിക്ഷ സ്വീകരിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം നിഷേധിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജീവന് നഷ്ടപ്പെട്ട സിപ്രിയന് വടക്കേ ആഫ്രിക്കയിലെ ആദ്യകാല സഭയിലെ ഏറ്റവും പ്രധാനപ്പെട്ട രക്തസാക്ഷി മെത്രാന്മാരിലൊരാളായി മാറി.അദ്ദേഹത്തിന്റെ മരണത്തിനുശേഷം ശിഷ്യന്മാരില് പലരും രക്തസാക്ഷികളായതായി പാരമ്പര്യം രേഖപ്പെടുത്തുന്നു. സിപ്രിയന്റെ ജീവചരിത്രവും രക്തസാക്ഷിത്വവും വിവരിക്കുന്ന പ്രധാനപ്പെട്ട ആദ്യകാല രേഖകളിലൊന്ന് അദ്ദേഹത്തിന്റെ ഡീക്കനായ പോന്തിയൂസ് രചിച്ച Vita Cypriani എന്ന കൃതിയാണ്.വിശുദ്ധപദവിയും സഭയിലെ ആരാധനാപാരമ്പര്യവുംസിപ്രിയന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ കബറിടവും രക്തസാക്ഷിത്വസ്ഥലവും ക്രൈസ്തവരുടെ ആദരവിന്റെ കേന്ദ്രങ്ങളായി മാറി. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി പിന്നീട് ദേവാലയങ്ങള്‍ നിര്‍മിക്കപ്പെട്ടു. വടക്കേ ആഫ്രിക്കയിലെ ക്രൈസ്തവസമൂഹങ്ങളില്‍ അദ്ദേഹത്തോടുള്ള ആദരവ് വ്യാപകമായി വളര്‍ന്നു. നാലാം നൂറ്റാണ്ടില്‍ വിശുദ്ധ അഗസ്റ്റിന് സിപ്രിയനെക്കുറിച്ച് നടത്തിയ പ്രഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണ അന്നത്തെ സഭയില്‍ എത്രമാത്രം പ്രാധാന്യമര്ഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു.പില്ക്കാല പാരമ്പര്യങ്ങളില്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ യൂറോപ്പിലെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയതായി പറയപ്പെടുന്നു. ഫ്രാന്‍സിലെയും ഇറ്റലിയിലെയും ചില ദേവാലയങ്ങളില്‍ സിപ്രിയന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട്.കത്തോലിക്കാസഭയില്‍ വിശുദ്ധ സിപ്രിയന്റെയും അദ്ദേഹത്തിന്റെ സുഹൃത്തും റോമിലെ മെത്രാനുമായിരുന്ന വിശുദ്ധ കൊര്‍ണേലിയൂസിന്റെയും തിരുനാള്‍ സെപ്റ്റംബര്‍ 16-ന് ആചരിക്കുന്നു. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയില്‍ ഓഗസ്റ്റ് 31-നാണ് അദ്ദേഹത്തിന്റെ സ്മരണ ആചരിക്കുന്നത്. ചില ആംഗ്ലിക്കന്‍ പാരമ്പര്യങ്ങളിലും അദ്ദേഹത്തെ വിശുദ്ധനായി അനുസ്മരിക്കുന്നു.മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച സിപ്രിയന്റെ ചിന്തകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സഭയ്ക്കും സമൂഹത്തിനും പ്രസക്തമായ നിരവധി പാഠങ്ങള്‍ നല്കുന്നു. സഭയുടെ ഐക്യം, നീതിയും കരുണയും, പ്രതിസന്ധികളിലെ നേതൃത്വം, ദരിദ്രരോടുള്ള പ്രതിബദ്ധത, വിശ്വാസത്തിന്റെ സാക്ഷ്യം എന്നിവ വിശ്വാസം വാക്കുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് ഓര്‍മിപ്പിക്കുന്നു.സിപ്രിയന്റെ ജീവിതം പരിവര്‍ത്തനത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും വിശ്വാസസ്ഥൈര്യത്തിന്റെയും ചരിത്രമാണ്.ലത്തീന്‍ ക്രൈസ്തവസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ കാലത്തെ അതിജീവിച്ചു.എന്നാല്‍ സിപ്രിയന്റെ ഏറ്റവും വലിയ പാരമ്പര്യം അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. വിശ്വാസത്തെ ജീവിതത്തില്‍ സാക്ഷാത്കരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിലും പ്രതിസന്ധികളില്‍ സഭയെ കൈവിടാതിരിക്കാനുള്ള പ്രതിബദ്ധതയിലും മരണത്തിന്റെ മുഖത്തുപോലും ക്രിസ്തുവിനെ നിഷേധിക്കാതിരുന്ന ധീരതയിലുമാണ് അതിന്റെ യഥാര്‍ഥ മഹത്വം.വിശ്വാസം മനുഷ്യനെ മാറ്റണം, സഭയെ ഒന്നിപ്പിക്കണം, ദുരിതമനുഭവിക്കുന്നവരിലേക്ക് കരുണയുടെ കൈ നീട്ടണം സിപ്രിയന്റെ ജീവിതവും രചനകളും നല്കുന്ന സന്ദേശം ഇതാണ്. വിശ്വാസത്തിനുവേണ്ടി ജീവിക്കുകയും അതിനുവേണ്ടി മരിക്കുകയും ചെയ്ത ഈ സഭാപിതാവ് ക്രൈസ്തവചരിത്രത്തില് ഇന്നും പ്രകാശിക്കുന്ന ഒരു സാക്ഷിയായി നിലകൊള്ളുന്നു.

