സുഡാൻ: പശ്ചിമ കോർദോഫാൻ, ഖാർത്തൂം എന്നിവിടങ്ങളിലായി നടന്ന രണ്ട് ആക്രമണങ്ങളിൽ കുറഞ്ഞത് 12 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂണിസെഫ് അറിയിച്ചു. ഒക്ടോബർ 17, 19 തീയതികളിൽ നടന്ന ആക്രമണങ്ങളിൽ രണ്ടിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
ഒക്ടോബർ 21-ന് പുറത്തിറക്കിയ പ്രസ്താവനയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യൂണിസെഫ് സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളോട് ആവശ്യപ്പെട്ടു.ഒക്ടോബർ 17-ന് പശ്ചിമ കോർദോഫാൻ സംസ്ഥാനത്തെ ഈസ്റ്റ് സനാകിത് പ്രദേശത്തുള്ള കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള പത്ത് കുട്ടികൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ അഞ്ച് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടുന്നു.സംഘർഷങ്ങൾക്കിടയിൽ കുട്ടികൾ നേരിടുന്ന അപകടസാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ച യൂണിസെഫ്, കുട്ടികളെ സംരക്ഷിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട കക്ഷികളോട് അഭ്യർഥിച്ചു.

